ADVERTISEMENT

ശബരിമല∙ അണുവിട തെറ്റാത്ത ആചാരത്തിൽ അയ്യപ്പസന്നിധിയിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി, താലം എഴുന്നള്ളിപ്പുകൾ നടന്നു. വൈകിട്ട് നട തുറന്ന ശേഷം അമ്പലപ്പുഴ സംഘം സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരുങ്ങി മാളികപ്പുറത്ത് എത്തി. തിരുവാഭരണ പേടകത്തിൽ ഉണ്ടായിരുന്ന കൊടിക്കൂറകൾ, വാദ്യമേളങ്ങൾ, തിടമ്പ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു  എഴുന്നള്ളിപ്പ്.

മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ആലങ്ങാട് സംഘം ശബരിമലയിൽ നടത്തിയ താലം എഴുന്നള്ളത്ത് പതിനെട്ടാംപടിക്കൽ എത്തിയപ്പോൾ.

പതിനെട്ടാംപടിക്കൽ എത്തി പടി കഴുകി വൃത്തിയാക്കി പടിപൂജ നടത്തി. കര പെരിയോൻമാരായ പി.സദാശിവൻ പിള്ള, ആർ.ഗോപകുമാർ, കെ. ചന്തു,  കെ. അശോകൻ, ആർ ,മണിയൻ, കെ. ചന്ദ്രകുമാർ എന്നിവർ നേതൃത്വം വഹിച്ചു. നെയ്യഭിഷേകവും മഹാനിവേദ്യവും നടത്തി. പ്രത്യേകം തയാറാക്കിയ എള്ള് പായസം മഹാനിവേദ്യമായി സമർപ്പിച്ചു.  പിന്നീടാണ് ആലങ്ങാട് സംഘത്തിന്റെ ശീവേലി, കർപ്പൂരത്താലം എന്നിവ നടന്നത്.

കണ്ണെഴുതി വെള്ളമുണ്ട് ഉടുത്ത് താലമേന്തി സംഘം പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ  മണിമണ്ഡപത്തിനു മുൻപിലെത്തി. ഗോളക, കൊടി, തിടമ്പ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. പതിനെട്ടാംപടിയിൽ കർപ്പൂരം കത്തിച്ചു പടിപൂജ നടത്തി ദർശനം നടത്തി. യോഗം പ്രതിനിധികളായ എം.എൻ. രാജപ്പൻ നായർ,  ടി.കെ. രാജേഷ് പുറയാറ്റിൻ കളരി  തുടങ്ങിയവർ നേതൃത്വം നൽകി. സംഘത്തിന്റെ നെയ്യഭിഷേകം രാവിലെ ഒൻപതിനും പന്തീർനാഴി നിവേദ്യ സമർപ്പണം 11.30നും നടക്കും. മാളികപ്പുറത്തെ നിവേദ്യ സമർപ്പണം 18ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com