ADVERTISEMENT

കോഴഞ്ചേരി ∙ വിമാനത്താവള പദ്ധതിക്ക് വേണ്ടി മണ്ണിട്ട് നികത്തിയ ആറന്മുളയിലെ പാടശേഖരത്തിൽ കൃഷി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി. നേരത്തേ വെള്ളത്തിന്റെ നിയന്ത്രണത്തിന് പെട്ടിയും പറയും സ്ഥാപിച്ചിരുന്ന മോട്ടർ തറ ഉൾപ്പെടെ മണ്ണിട്ട് മൂടിപ്പോയിരുന്നു. ഇതു പുനഃസ്ഥാപിച്ച് ആറന്മുള പുഞ്ചയിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്ന ജോലികളാണ് ആരംഭിച്ചത്. ആറന്മുള ചാലും കരിമാരൻതോടും നേരത്തേ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളം ഒഴുക്കിക്കളയാൻ മാർഗമില്ലാത്തതിനാൽ പുഞ്ചക്കൃഷി അസാധ്യമായിരുന്നു. 

50 എച്ച്പിയുടെ മോട്ടർ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേകം 3 ഫേസ് വൈദ്യുതി ലൈൻ ഉൾപ്പെടെ ഇവിടേക്ക് വലിച്ചാണ് പുതിയ മോട്ടർ തറ പ്രവർത്തിക്കുന്നത്. പുഞ്ചയിലെ വെള്ളം വറ്റിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു. ആറന്മുള സമരത്തിന്റെ തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന പി.പ്രസാദ് കൃഷി വകുപ്പ് മന്ത്രിയായതോടെയാണ് മന്ദഗതിയിലായിരുന്ന കൃഷി പുനരുജ്ജീവനത്തിന് വേഗം കൈവന്നത്. അന്തരിച്ച കവി സുഗതകുമാരിയുടെ അഭിലാഷം എന്ന നിലയിലും ആറന്മുള പുഞ്ച പൂർണമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. 

ആറന്മുള പുഞ്ചക്കൃഷി പുനർജീവന പദ്ധതി എന്ന പേരിൽ ‍സർക്കാർ നേരത്തേ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പുഞ്ചയിൽ കൃഷി നടത്തിയില്ല എന്ന പരാതികൾ ഉയർന്നു. പുഞ്ചയോടു ചേർന്നുള്ള 12 ഏക്കർ ഉയർന്ന പാടശേഖരത്ത് മാത്രമാണ് കൃഷി ആരംഭിക്കാൻ കഴിഞ്ഞത്. ഇങ്ങനെ ഉൽപാദിപ്പിച്ച അരി ആറന്മുള റൈസ് എന്ന പേരിൽ വിപണിയിൽ ഇറക്കിയിരുന്നു. കാർഷിക സർവകലാശാല വികസിപ്പിച്ചതും 100 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ കഴിയുന്നതുമായ മണിരത്ന ഇനം നെൽവിത്താണ് വിതയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com