പന്തളം ∙ കുളനട മാന്തുക കുഴിയൻപറമ്പിൽ ജുബിൻ വില്ലയിൽ ഇന്ന് സംതൃപ്തിയുടെ ആടുജീവിതമാണ്. 3 തലമുറകളിലായി 15 ആടുകളാണ് ഇവിടെ മക്കളെപ്പോലെ വളരുന്നത്. ഇവരിൽ ഏറ്റവും മുതിർന്ന അംഗമായ ദേവു എന്ന ആട് പ്രസവിച്ചത് 6 കുഞ്ഞുങ്ങളെ. പൊടുന്നനെ അംഗസംഖ്യ കൂടിയതോടെ ഇവയെ വളർത്താനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബിജോയി കെ.ജോണും ഭാര്യ ജോളിയും.
അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന ബിജോയി 10 വർഷം മുൻപാണ് നാട്ടിലെത്തിയത്. ജോലി ഉപേക്ഷിച്ച് ആട്, കോഴി എന്നിവയെ വളർത്താൻ തീരുമാനിച്ചു. ഉപജീവനമാർഗമായി മാറിയതോടെ ഉത്തരവാദിത്തവും വർധിച്ചു. ഒഴിവുള്ള സമയങ്ങളിൽ പെയിന്റിങ് ജോലിക്കു പോകുന്ന ബിജോയി, ഇന്ന് ആട് വളർത്തലിൽ സംതൃപ്തനാണ്. ഒരാഴ്ച മുൻപായിരുന്നു ദേവു എന്ന ആടിന്റെ പ്രസവം. ഇവയുടെ പരിചരണത്തിലും മറ്റും സഹായിക്കുന്നതിൽ അമ്മ കുഞ്ഞമ്മ ജോണും മുൻപന്തിയിലുണ്ടെന്നു ബിജോയി പറയുന്നു.