ADVERTISEMENT

പത്തനംതിട്ട ∙ ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കോവിഡിന്റെ പിടിയിലായതോടെ ജില്ലയിൽ  ആശുപത്രികളുടെ പ്രവർത്തനം ദുരിതത്തിലായി. ജില്ലയിൽ 106 ആരോഗ്യ പ്രവർത്തകരാണു പോസിറ്റീവായതിനാൽ മാറി നിൽക്കുന്നത്. ഇതോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുകയാണ്. കോവിഡ് ചികിത്സ മാത്രമല്ല ഇതര ചികിത്സയും പ്രതിസന്ധിയിലാണ്. ഇവരിൽ ഭൂരിഭാഗം പേരും ഡ്യൂട്ടിക്കിടെയാണ് കോവിഡ് പോസിറ്റീവായത്. ഇവർക്കു പകരം നിയോഗിക്കാൻ  ആരോഗ്യപ്രവർത്തകരില്ല. ഇതോടെ കോവിഡ് ചികിത്സ മാത്രമല്ല, ഇതര ചികിത്സകളും കടുത്ത പ്രതിസന്ധിയിലാണ്. 

പത്തനംതിട്ട

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഞ്ച് ഡോക്ടർമാർ ഉൾപ്പെടെ 28 പേർ കോവിഡ് പോസിറ്റീവാണ്. അതിനാൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. നിലവിലുള്ള ഡോക്ടർമാരും മറ്റ് ജീവനക്കാരും ഒരുപോലെ കഷ്ടപ്പെട്ടാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ മുന്നോട്ട് പോകുന്നത്. കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാർ പോസിറ്റീവ് ആയതിനെത്തുടർന്ന് കാത്ത് ലാബിന്റെ പ്രവർത്തനം നേരത്തെ താൽക്കാലികമായി നിർത്തിയിരുന്നു. 

ജീവനക്കാർ നെഗറ്റീവായതോടെ കാത്ത് ലാബിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. കോവിഡ് ചികിത്സയുള്ള ആശുപത്രിയാണിത്. ഇവിടെ 50 കിടക്കയാണ് കോവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുള്ളത്. ഇപ്പോൾ 35 കോവിഡ് ബാധിതർ ചികിത്സയിലാണ്. അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ കഴിഞ്ഞു. അതിനാൽ ഓക്സിജൻ ക്ഷാമമില്ല.

അടൂർ

അടൂർ ജനറൽ ആശുപത്രിയിൽ നാല് ഡോക്ടർ ഉൾപ്പെടെ 25 ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരാണ്. മറ്റുള്ള ജീവനക്കാർ രാത്രിയും പകലും ഒരുപോലെ ജോലി ചെയ്യുന്നതിനാൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നു. 

കോഴഞ്ചേരി

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അഞ്ച് ഡോക്ടർമാർ ഉൾപ്പെടെ 27 ആരോഗ്യ പ്രവർത്തകർ  പോസിറ്റീവാണ്. ഇവിടെ 22 കിടക്കയാണ് കോവിഡിനായി മാറ്റിയിട്ടുള്ളത്. 15 പേർ ചികിത്സയിലുണ്ട്. വെന്റിലേറ്റർ, ഓക്സിജൻ കിടക്ക എന്നിവ ഒഴിവുണ്ട്. 

തിരുവല്ല

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ 26 ആരോഗ്യ പ്രവർത്തകർ കോവിഡ് പോസിറ്റീവാണ്. ഇവിടെ കോവിഡ് ചികിത്സയില്ല.

റാന്നി, കോന്നി 

റാന്നി, കോന്നി താലൂക്ക് ആശുപത്രികളിലും ഡോക്ടർമാർ ഉൾപ്പെടെ കോവിഡ് ബാധിച്ച് അവധിയിലാണ്. കോന്നി മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെയും കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാൽ ഇവിടത്തെ കണക്കുകൾ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com