പത്തനംതിട്ട ∙ ഉദ്ഘാടനം പലതു കഴിഞ്ഞെങ്കിലും കെഎസ്ആർടിസി സർവീസുകൾ പുതിയ ബസ് ടെർമിനലിൽ നിന്ന് തുടങ്ങണമെങ്കിൽ ഇനിയും കാത്തിരിക്കണം. കെട്ടിടം പൂർണതോതിൽ പ്രവർത്തന സജ്ജമാണെങ്കിലും ബസ് സ്റ്റേഷൻ പരിസരത്തെ ഓട നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.സ്റ്റാൻഡിലേക്ക് ബസ് കയറുന്ന ഭാഗം മുതൽ ഓഫിസ് വരെ 5000 ചതുരശ്ര അടി ഭാഗം പൂട്ടുകട്ട ഇട്ട് യാഡ് നിർമിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് യാഡ് നിർമിച്ചത്. മന്ത്രി വീണാ ജോർജ് പ്രത്യേക താൽപര്യമെടുത്ത് കെഎസ്ആർടിസി എംഡിയെക്കൊണ്ട് ഉന്നതതല യോഗം വിളിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. യാഡിന്റെ പണിയും വേഗം തീർത്തു. മാലിന്യ സംസ്കരണം, ഓട നിർമാണം തുടങ്ങിയ പണികൾ തട്ടിയും മുട്ടിയും ഇഴയുകയാണ്.
ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാൻഡ് എന്ന പ്രത്യേക പരിഗണന നിർമാണത്തിൽ കാണുന്നില്ല. ബസ് ടെർമിനൽ കെട്ടിടം റോഡിന് അഭിമുഖമായി വരുന്ന ഭാഗത്ത് ഇപ്പോഴും പണികൾ നടക്കുന്നതേയുള്ളു. നാലും അഞ്ചും ജീവനക്കാരാണ് ഇപ്പോൾ പണിക്ക് എത്തുന്നത്. അതിനാൽ ഒന്നിനും വേഗമില്ല. റോഡിൽ നിന്ന് കെട്ടിടത്തിലേക്കു കയറാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് വഴി ഒരുക്കുന്നുണ്ട്. അതിന്റെ പകുതി പണി മാത്രമാണ് തീർന്നത്. മുറ്റത്തിന്റെ പണി പകുതി മാത്രമാണ് തീർന്നത്. ഒരാഴ്ച കൊണ്ട് തീർക്കാവുന്ന പണികൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഇപ്പോഴത്തെ രീതിയിൽ പോയാൽ ഒരുമാസം കഴിഞ്ഞാലും തീരില്ല.
ബസ് ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നടത്തിയതാണ്. അന്ന് 80 ശതമാനം പണികൾ മാത്രമാണ് തീർന്നത്. അതിനു ശേഷം ഡിടിഒ ഓഫിസ് മാറ്റി സ്ഥാപിക്കൽ, യാഡ് നിർമാണം, ശബരിമല ഹബ് തുടങ്ങിയ ഉദ്ഘാടനങ്ങൾ നടന്നു. ശബരിമല തീർഥാടന കാലത്ത് പമ്പ സ്പെഷൽ സർവീസുകളുടെ ഹബ്ബായിരുന്നു. ഇവിടം. സ്പെഷൽ സർവീസിന് എത്തിയ ജീവനക്കാർക്കും തീർഥാടകർക്കും വിശ്രമിക്കാൻ ആവശ്യമായ എല്ലാ സൗകര്യം ഉണ്ടായിരുന്നു. അതിനാൽ പരാതി ഇല്ലായിരുന്നു. വയറിങ്. പ്ലമിങ് തുടങ്ങി എല്ലാ പണികളും പൂർത്തിയാക്കി ഡിടിഒ ഉൾപ്പെടെ കെഎസ്ആർടിസിയുടെ എല്ലാ ഓഫിസുകളും മാസങ്ങൾക്ക് മുൻപ് ഇതിലേക്ക് മാറ്റി സ്ഥാപിച്ചു. തടസ്സങ്ങൾ ഒന്നുമില്ലാതെ അവ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ബസ് സർവീസുകൾ ഇപ്പോഴും സ്വകാര്യ സ്റ്റാൻഡിൽ നിന്നാണ് നടക്കുന്നത്.