ADVERTISEMENT

സീതത്തോട് ∙ ‍എപ്പോൾ വേണമെങ്കിലും എത്തിയേക്കാവുന്ന പുലിയെപ്പേടിച്ചാണു ജീവിതം. പക്ഷേ ഏത് ആപത്തിലും കറുമ്പിയെ കൈവിടില്ലെന്നുറപ്പിച്ചാണു ജോസും ഭാര്യ എൽസിയും. ജാക്കിയെയും റോക്കിയെയും ഞങ്ങൾക്കു നഷ്ടമായി. ഇനി ആകെയുള്ളത് ഈ ‘കറുമ്പി’ മാത്രം. ഇവളെ പുലിക്കു വിട്ടു കൊടുക്കാൻ ഞങ്ങൾ തയാറല്ല. പുലി ഇവിടെ തന്നെയുണ്ട്. വീണ്ടും വരും. പുലിയുടെ വായിൽ നിന്ന് തലനാരിഴയ്ക്കാണു കഴിഞ്ഞ രാത്രി ഇവൾ രക്ഷപ്പെട്ടത്. ഇവളെ തനിച്ചാക്കി എങ്ങും പോകാൻ തോന്നുന്നില്ല. 

പുലിയുടെ ആക്രമണം ഭയന്നു ചരിവുകാലായിൽ തോമസ് കന്നുകാലി കൂടിനു ചുറ്റും  ഇരുമ്പ് വേലി സ്ഥാപിച്ചപ്പോൾ . 		ചിത്രം: മനോരമ
പുലിയുടെ ആക്രമണം ഭയന്നു ചരിവുകാലായിൽ തോമസ് കന്നുകാലി കൂടിനു ചുറ്റും ഇരുമ്പ് വേലി സ്ഥാപിച്ചപ്പോൾ . ചിത്രം: മനോരമ

കൊച്ചുകോയിക്കൽ കമ്പിലൈൻ കൈച്ചിറയിൽ ജോസിന്റെയും ഭാര്യ എൽസിയുടെയും  നഷ്ടമായ ഓമനകളെക്കുറിച്ചുള്ള സങ്കടംകൊണ്ടു മുറിഞ്ഞാണു ജോസും എൽസിയും ഓരോദിവസവും കഴിയുന്നത്.   വീട്ടിലെ അംഗങ്ങളെ പോലെ വളർത്തി വലുതാക്കിയ വളർത്തു നായ്ക്കൾ ഒന്നിനു പുറകെ ഒന്നെന്നപോലെ  നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് ഇവരുടെ വാക്കുകളിൽ. കർഷക കുടുംബമാണ് ജോസിന്റേത്. സീതത്തോട് പഞ്ചായത്തിൽ 6ാം വാർഡിൽ അളിയൻമുക്ക് കമ്പിലൈൻ വാർഡിലാണ് താമസം. കഴിഞ്ഞ നാല് മാസമായി പുലി ഭീഷണിയിലാണ് ഈ ഗ്രാമം.

വീട്ടിൽ വളർത്തിയിരുന്ന നായ്ക്കളായിരുന്നു ജാക്കിയും റോക്കിയും കറുമ്പിയും.  ‘ജാക്കിയെ കഴിഞ്ഞ ഫെബ്രുവരി 4 മുതൽ കാണാനില്ല. 3 ആഴ്ച മുൻപ് റോക്കിയും അപ്രത്യക്ഷമായി. നായ്ക്കളുടെ അവശിഷ്ടങ്ങൾ സമീപ വനത്തിനോടു ചേർന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണു നായ്ക്കളെ പുലി പിടിച്ചതാണെന്ന് ഉറപ്പിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ പുലി വീണ്ടും വന്നു. കറുമ്പി വീടിനു പുറത്തായിരുന്നു. പുലിയുടെ വരവറിഞ്ഞ് കറുമ്പി കുരയ്ക്കുന്നതു കേട്ടാണു ജോസും കുടുംബവും ഉണർന്നത്.

ഇതിനിടെ കറുമ്പിയെ പിടിക്കാൻ പുലി വീടിനു ചുറ്റും ഓടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. വീടിനു പിന്നിലെ കതക് തുറന്നപ്പോൾ കറുമ്പി ചാടി വീടിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് അയൽവാസിയായ ചരിവുകാലായിൽ തോമസ് ലൈറ്റ് തെളിച്ച് നോക്കുമ്പോൾ വീടിനോടു ചേർന്ന് നിൽക്കുന്ന മരത്തിലൂടെ പുലി താഴേക്ക് ഇറങ്ങുന്നത് കണ്ടു. 

ഇതോടെയാണ് എത്ര ബുദ്ധിമുട്ടാണെങ്കിലും പുലിയെ കുടുക്കും വരെ കറുമ്പിയെ യാത്രയിലും ഒപ്പം കൂട്ടാനാണ് ഇവർ തീരുമാനിച്ചത്.പുലിയെ ഭയന്ന് കന്നുകാലി കൂടിനു ചുറ്റും  ഇരുമ്പു വേലി സ്ഥാപിച്ച കഥയാണ് ഇവരുടെ അയൽവാസിയായ ചരിവുകാലായിൽ തോമസിനു പറയാനുള്ളത്. കോവി‍‍ഡും ലോക്ഡൗണും സമ്മാനിച്ച ബുദ്ധിമുട്ടുകൾക്കു പിന്നാലെയാണു കൂട് നിർമാണത്തിന് ഇത്രയും വലിയ തുക കണ്ടെത്തേണ്ടി വന്നത്.

പുലിയുടെ സാന്നിധ്യം ഉറപ്പായതോടെ ഇനി ഒരു ഭാഗ്യ പരീക്ഷണത്തിനു തയാറല്ല. ഏതു സമയവും ആക്രമണം പ്രതീക്ഷിക്കാം. രാത്രി കിടാരികളെ വീടിനുള്ളിലാണു സൂക്ഷിക്കുന്നത്. ഏതാനും മാസം മുൻപ് കമ്പിലൈൻ ഭാഗത്തു നിന്നും പുലിയെ വനം വകുപ്പ് കൂട് വച്ച് പിടിച്ചിരുന്നു. ഇത്തവണയും കൂടു സ്ഥാപിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com