ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായ മഴ ലഭിച്ചില്ല. എന്നാൽ പലയിടത്തും നദികളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയുടെ മാരാമൺ, അച്ചൻകോവിലാറിന്റെ കോന്നി, കല്ലേലി, മണിമലയാറിന്റെ കല്ലൂപ്പാറ എന്നീ തീരമേഖലകളിൽ കാര്യമായി വെള്ളം ഉയർന്നു. എന്നാൽ ഈ മേഖലകളിലൊന്നും നിലവിൽ അപകട സാഹചര്യമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പിൽ വലിയ വർധനയില്ല. എല്ലാ അണക്കെട്ടുകളുടെയും ഷട്ടറുകൾ അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും പാടശേഖരങ്ങളിൽ വെള്ളം കയറി കൊയ്ത്ത് പ്രതിസന്ധിയിലായി.

കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത മഴയിൽ മണിമലയാറ്റിലെ വെള്ളം ഇരുകരയും മുട്ടിയൊഴുകുന്നു. മല്ലപ്പള്ളി വലിയപാലത്തിൽനിന്നുള്ള കാഴ്ച.
കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത മഴയിൽ മണിമലയാറ്റിലെ വെള്ളം ഇരുകരയും മുട്ടിയൊഴുകുന്നു. മല്ലപ്പള്ളി വലിയപാലത്തിൽനിന്നുള്ള കാഴ്ച.

കോസ്‌വേയിൽ വെള്ളം കയറി 

റാന്നി ∙ മഴ കനത്തതോടെ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. വീണ്ടും വെള്ളപ്പൊക്കം നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് തീരവാസികൾ. കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറിയതോടെ കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങൾ ഒറ്റപ്പെട്ടു.ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് പമ്പാനദിയിലും കല്ലാറ്റിലും കക്കാട്ടാറ്റിലും ജലനിരപ്പ് ഉയർന്നത്. 5 മീറ്ററോളം വെള്ളം ഉയർന്നിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ പെയ്യുന്ന മഴയിൽ കലങ്ങി മറിഞ്ഞൊഴുകുകയാണ് പമ്പ. പമ്പാനദിയിൽ സംഗമിക്കുന്ന തോടുകളിലും ജലവിതാനം ഉയർന്നിട്ടുണ്ട്. 

ഇന്നലെ പുലർച്ചെയാണ് കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറിയത്. ഇന്നലെ വൈകിട്ട് വരെ കോസ്‌വേ പൂർണമായി മുങ്ങിയിട്ടില്ല. രാത്രി മഴ കനത്താൽ കോസ്‌വേ പൂർണമായും മുങ്ങും. മഴ കനത്തു തുടങ്ങിയതോടെ കുരുമ്പൻമൂഴി, മണക്കയം എന്നീ മലയോരവാസികളുടെ ജീവിതവും ദുരിതത്തിലായി. പുറംനാടുകളുമായുള്ള ബന്ധം തുടരെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com