ADVERTISEMENT

നിരണം ∙ പഞ്ചായത്ത് ഓഫിസിനു കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചിട്ട് വർഷങ്ങളായി. നിലവിലുണ്ടായിരുന്നത് പൊളിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു. താൽക്കാലികമായി പ്രവർത്തനം നടത്തുന്ന ശിശുവിഹാറിലെ ഒന്നാം നിലയിലേക്ക് കയറിയെത്താനാവാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.2018ലെ പ്രളയത്തിൽ വെള്ളം കയറി മുങ്ങിയതോടെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം സുരക്ഷിതമല്ലാതായി. അതോടെ എംഎൽഎ ഫണ്ടിൽ നിന്ന് മാത്യു ടി.തോമസ് എംഎൽഎ ഒരു കോടി രൂപ കെട്ടിടനിർമാണത്തിന് അനുവദിച്ചു. 

2 നിലയിലുള്ള കെട്ടിടം നിർമിക്കുന്നതിന് 2019 ലാണ് തുക അനുവദിച്ചത്. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിന് ഒരു നില കൂടി വേണമെന്ന ആവശ്യം വന്നതോടെ 55 ലക്ഷം രൂപ കൂടി അനുവദിച്ചു. 2020ൽ ഓഫിസ് ശിശുവിഹാറിലെ ഒന്നാം നിലയിലേക്കു മാറ്റി. പഴയ കെട്ടിടം പൊളിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും നടത്തി. എന്നാൽ 2 വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു പ്രവൃത്തി പോലും നടത്തിയിട്ടില്ല.

ശിശുവിഹാറിൽ താഴത്തെ നിലയിൽ ആയുർവേദ, ഹോമിയോ ആശുപത്രികൾ പ്രവർത്തിക്കുകയാണ്. പഞ്ചായത്ത് ഓഫിസിന്റെ മുഴുവൻ പ്രവർത്തനവും മുകളിലത്തെ നിലയിലായതോടെ പ്രായമായവരും മറ്റും ഓഫിസിൽ പടികൾ കയറിയെത്താൻ ബുദ്ധിമുട്ടുകയാണ്.സാധാരണക്കാർ എപ്പോഴും എത്തുന്ന ഓഫിസുകളുടെ പ്രവർത്തനം താഴത്തെ നിലയിൽ വേണമെന്ന സർക്കാർ നിർദേശം ഇവിടെ നടപ്പായിട്ടില്ല. അംഗവിഹീനർക്ക് എത്താൻ കഴിയുന്ന റാംപ് സംവിധാനവും പഞ്ചായത്ത് ഓഫിസുകളിൽ ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതും നടപ്പായിട്ടില്ല. പുതിയ കെട്ടിടം നിർമിച്ച് അവിടേക്കു പ്രവർത്തനം മാറ്റാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com