ADVERTISEMENT

പത്തനംതിട്ട ∙ പൊൻകുന്നം– പുനലൂർ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ഒരുഭാഗത്ത് അവസാനഘട്ടത്തിലാണെങ്കിൽ മറുഭാഗത്ത് എന്നു തീരുമെന്നുപോലും പറയാൻ കഴിയാത്ത അവസ്ഥ. കെഎസ്ടിപിയുടെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 3 ഭാഗമായി തിരിച്ചാണു പുനലൂർ- പൊൻകുന്നം റോഡ് ടെൻഡർ ചെയ്തത്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ആകെ ദൂരം 82.11 കിലോമീറ്ററാണ്. ഇതിൽ പുനലൂർ–കോന്നി (29.84 കി.മീ.– 226.61 കോടി രൂപ), കോന്നി – പ്ലാച്ചേരി (30.16 കി.മീ.– 274.24 കോടി രൂപ), പ്ലാച്ചേരി–പൊൻകുന്നം (22.17 കി.മീ.–236.79 കോടി) എന്നിങ്ങനെ തിരിച്ചാണു നിർമാണം നടക്കുന്നത്. 

പുനലൂർ- പൊൻകുന്നം പാതയിൽ വകയാറിൽ ഇനിയും റോഡ് നിർമാണം തുടങ്ങാത്ത ഭാഗം. ഇവിടെ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പൂർണമായും തകർന്ന നിലയിലാണ്.		ചിത്രം: മനോരമ
പുനലൂർ- പൊൻകുന്നം പാതയിൽ വകയാറിൽ ഇനിയും റോഡ് നിർമാണം തുടങ്ങാത്ത ഭാഗം. ഇവിടെ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പൂർണമായും തകർന്ന നിലയിലാണ്. ചിത്രം: മനോരമ

പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള ഭാഗം പൂർണമായും കോട്ടയം ജില്ലയിലാണ്. ഇതിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞു. കോന്നി മുതൽ പ്ലാച്ചേരിവരെയുള്ള രണ്ടാമത്തെ ഭാഗത്തിന്റെ നിർമാണം 95 ശതമാനവും പൂർത്തിയായി. പുനലൂർ- കോന്നി ഭാഗത്തെ പണികൾ 50% പോലും തീർന്നിട്ടില്ല. ഈ ഭാഗത്ത് 14 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. 10 മീറ്റർ വീതിയിലാണു ടാറിങ്. 

അന്തിമഘട്ടത്തിൽ കോന്നി- പ്ലാച്ചേരി

നിർമാണം അവസാനഘട്ടത്തിലേക്ക് കടന്ന കോന്നി - പ്ലാച്ചേരി മേഖലയിൽ റാന്നി പാലത്തിലെ നടപ്പാത നിർമാണം പകുതിയായി. തോട്ടമൺ, വൈക്കം, രണ്ടാം കലുങ്ക്, മൈലപ്ര, കുമ്പഴ തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പാതയുടെ പണി തീരാനുണ്ട്. ചെത്തോങ്കര തോട് വീതി കൂട്ടുന്ന പണികൾ ഇനിയും തുടങ്ങിയിട്ടില്ല. കുമ്പഴ പാലത്തിനോടു ചേർന്നുള്ള നടപ്പാലത്തിന്റെ പണികൾ ഇഴഞ്ഞാണു നീങ്ങുന്നത്.

കര തൊടാതെ പാലങ്ങൾ 

കോന്നി- പുനലൂർ ഭാഗത്തെ 16.84 കി.മീ. പത്തനംതിട്ട ജില്ലയിലും 13 കി.മീ. കൊല്ലം ജില്ലയിലുമാണ്. 2 ജില്ലകളിലുമായി 5 പാലങ്ങൾ നിർമിക്കുന്നുണ്ട്. മുക്കടവ്, കല്ലുങ്കടവ്, കൂടൽ, വകയാർ, കോന്നി മാരൂർ എന്നിവിടങ്ങളിലാണ് ഇവ. ഇതിൽ ഏറ്റവും വലിയ പാലം മുക്കടവിലേതാണ്. 150 മീറ്റർ നീളമുണ്ട്. പാലം പണിയിൽ ഒരു  പുരോഗതിയുമില്ല. കോന്നി മാരൂർ പാലം, വകയാർ കമ്പി പാലം എന്നിവയുടെ പണികൾ രണ്ടര മാസമായി നടക്കുന്നില്ല. തൂണുകൾ കോൺക്രീറ്റ് ചെയ്യാനായി കെട്ടിയ കമ്പികൾ തുരുമ്പിച്ചു തുടങ്ങി.ആകെ നിർമിക്കുന്നത് 99 കലുങ്കുകളാണ്. ഇതിൽ 18 എണ്ണം പഴയത് പൊളിച്ചു പണിയാനായി പകുതി ഭാഗത്തെ കോൺക്രീറ്റ് കഴിഞ്ഞു. ബാക്കി പണികൾ ഇഴയുന്നു.

വെള്ളം ഒഴുകാതെ ഓടകൾ

റോഡ് വികസനത്തിൽ ആദ്യം തുടങ്ങിയത് ഓട നിർമാണമാണ്. 20 കിമീ ദൂരത്തിൽ ഓട നിർമിച്ചു. പക്ഷേ ഒന്നിലും വെള്ളം ഒഴുകുന്നില്ല. മഴ പെയ്താൽ റോഡിലൂടെയാണ് വെളളം ഒഴുകുന്നത്. മിക്ക ഭാഗങ്ങളിലും മണ്ണു വീണ് ഓട അടഞ്ഞിട്ടുണ്ട്. കൂടൽ പൊലീസ് സ്റ്റേഷൻ ഭാഗത്ത് ഓടയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് ശല്യവും രൂക്ഷമാണ്. ചില ഭാഗത്ത് ഓട കരകവിഞ്ഞു സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്നുണ്ട്.

വകയാറിൽ വെള്ളക്കെട്ട്

മഴക്കാലത്ത് വകയാറിൽ സ്ഥിരമായി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നു. ഈ ഭാഗത്ത് ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഓട നിർമിക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നില്ല. വകയാർ ഭാഗത്ത് റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. തടാകം പോലെയുള്ള വലിയ കുഴികളുമുണ്ട്.

കുറച്ചു ദൂരം ടാറിങ്  

എലിയറക്കൽ ഭാഗത്ത് 250 മീറ്ററിൽ കഴിഞ്ഞയാഴ്ച മെറ്റലിങ് നടന്നു. കുളത്തുങ്കൽ ഭാഗത്ത് കുറച്ച് ദൂരം ടാറിങ്ങും നടത്തി.

പാത നിവർന്നു, സമയം തെളിഞ്ഞു

പത്തനംതിട്ട ∙ പുനലൂർ- പൊൻകുന്നം പാതയിൽ കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ പണികൾ അവസാനഘട്ടത്തിൽ എത്തിയതോടെ പത്തനംതിട്ടയിൽ നിന്ന് എറണാകുളം, തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന പാതയായി ഇതു മാറി. ഇതോടെ പുതിയ ബസ് സർവീസുകളും തുടങ്ങി. റാന്നി–പത്തനംതിട്ട റൂട്ടിൽ നേരത്തെ ബസുകൾ 45 മിനിറ്റാണ് എടുത്തിരുന്നത്.

നിർമാണം അവസാന ഘട്ടത്തിൽ എത്തിയ കോന്നി- പ്ലാച്ചേരി റോഡിൽ മൂഴിയാർ മുക്കിനും ഉതിമൂടിനും മധ്യേയുള്ള ഭാഗം.
നിർമാണം അവസാന ഘട്ടത്തിൽ എത്തിയ കോന്നി- പ്ലാച്ചേരി റോഡിൽ മൂഴിയാർ മുക്കിനും ഉതിമൂടിനും മധ്യേയുള്ള ഭാഗം.

ഇപ്പോൾ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് 18 മിനിറ്റ് മതി. സ്വകാര്യ ബസുകൾ പോലും പരമാവധി 25 മിനിറ്റാണ് എടുക്കുന്നത്. പത്തനംതിട്ട- ബത്തേരി, പുനലൂർ- കുടിയാൻമല, കൽപറ്റ- തിരുവനന്തപുരം റൂട്ടിൽ മൂന്ന് സൂപ്പർ ഫാസ്റ്റ് ബസ് സർവീസുകൾ ഇതുവഴി തുടങ്ങി. തൃശൂർ, കോഴിക്കോട്, കണ്ണൂർ, മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇത് അനുഗ്രഹമായി. ഇതുവഴി കൂടുതൽ ബസ് സർവീസ് തുടങ്ങുന്നത് കെഎസ്ആർടിസിയുടെ പരിഗണനയിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com