ADVERTISEMENT

മനോരമ സംഘടിപ്പിച്ച ‘ഹലോ കുട്ടി ’ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്ത് കലക്ടർ

പത്തനംതിട്ട ∙ ആന്റീ, ആരും ഇപ്പോൾ മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നില്ല... സ്കൂൾ തുറക്കുമ്പോൾ ഇത് കുട്ടികൾക്ക് ഭീഷണിയാകില്ലേ... മലയാള മനോരമ സംഘടിപ്പിച്ച ‘ഹലോ കുട്ടി’ ഫോൺ ഇൻ പരിപാടിയിലേക്കു വിളിച്ച ഒരു കൊച്ചുമിടുക്കി കലക്ടറോട് പങ്കുവച്ച ആശങ്കയാണിത്. ഇത്തരം ആകുലതകളും സംശയങ്ങളുമാണു പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും കലക്ടർ ഡോ.ദിവ്യ എസ്.അയ്യരോടു പങ്കുവയ്ക്കാനുണ്ടായിരുന്നത്.

‘2 വർഷം കഴിഞ്ഞിട്ടുള്ള ഒരു പൂർണമായ അധ്യയന വർഷത്തിന് തുടക്കംകുറിക്കുന്നു എന്നതു മുൻനിർത്തിവേണം അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളോട് ഇടപെടേണ്ടതെന്നു കലക്ടർ പറഞ്ഞു. 2 വർഷത്തിനിടെ അവർക്കുണ്ടായ മാനസികമായ മാറ്റങ്ങൾ പോസിറ്റീവായി ഉൾക്കൊള്ളാൻ ശ്രദ്ധിക്കണം.

കലാ കായിക മേഖലയിലേക്ക് കുട്ടികളെ കൂടുതലായി ഇടപെടുത്തണം. ഇത് അവരിൽ ഉണ്ടായിട്ടുള്ള ആകുലതകൾ അകറ്റാൻ വലിയ രീതിയിൽ സഹായിക്കും. എന്നാൽ മാത്രമേ നമുക്ക് എല്ലാ കാര്യങ്ങളും പഴയ രീതിയിലേക്ക് കൊണ്ടുവരാൻ സാധിക്കൂ. ലഹരി പോലെയുള്ള വിദ്യാർഥി വിരുദ്ധമായ എന്തെങ്കിലും നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വ്യക്തമാക്കി.സ്കൂൾ, പഠനം, സ്കൂളിലേക്കുള്ള യാത്രസൗകര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരക്കുന്നത്.

? സ്കൂളിലേക്ക് വരാനുള്ള ചേറാടി–മലയാലപ്പുഴ റോഡിലേക്ക് വന്നുചേരുന്ന കൈവഴി ഒരു വർഷമായി ഈ റോഡ് തകർന്നുകിടക്കുകയാണ്. സമീപ പ്രദേശത്തെ ഒട്ടേറെ വീട്ടുകാർ ദുരിതത്തിലാണ്. റോഡ് നന്നാക്കാൻ ഇടപെടൽ ഉണ്ടാകണം. (ഷിബിൻ ഗീവർഗീസ്, മണ്ണാറക്കുളഞ്ഞി)
∙ ഈ റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന വലിയ റോഡിന്റെ പണി നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചില കേസുകൾ വന്നതുകൊണ്ടും മഴയായതിനാലുമാണ് റോഡ് നന്നാക്കാൻ വൈകുന്നത്. വലിയ റോഡിന്റെ പണി പുരോഗമിക്കുന്നതിനോടൊപ്പം കൈവഴികളുടെ പണികളും നടക്കുന്നുണ്ട്.

? ടികെ റോഡിനോട് അനുബന്ധിച്ച് ഒട്ടേറെ സ്കൂളുകളുള്ള മേഖലയാണിത്. എന്നാൽ ഇവിടെ റോഡിന്റെ ഇരുവശവും പൂർണമായും കാടുമൂടിക്കിടക്കുകയാണ്. ഓടകളും മൂടിക്കിടക്കുന്നു. ഇത് മഴവെള്ളം ഒഴുകുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. (സുധാകരൻ നായർ, നെല്ലാട്, ഇരവിപേരൂർ)
∙ അടുത്ത ദിവസം പ്രദേശം സന്ദർശിക്കുന്നുണ്ട്. നേരിൽ പരിശോധിക്കുകയും പ്രശ്ന പരിഹാരത്തിന് മരാമത്ത് അധികൃതരെ ചുമതലപ്പെടുത്തും.

? സ്കൂളുകൾ തുറക്കുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാലിക്കേണ്ടതുണ്ടോ? സ്കൂൾ യൂണിഫോം നിർബന്ധമാണോ. (ശിവകുമാർ, മാരാമൺ)
∙ നിലവിൽ കോവിഡിന്റെ സാഹചര്യം പൂർണമായും നമ്മൾ തരണം ചെയ്തിട്ടില്ല. അതിനാൽ തന്നെ സ്കൂൾ തുറക്കുമ്പോഴും നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും നിലനിൽക്കും. ഇളവുകൾ ഏർപ്പെടുത്തേണ്ട സാഹചര്യം വരുമ്പോൾ സർക്കാർ അതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. യൂണിഫോം പോലെയുള്ളവ ഉറപ്പായും പാലിക്കണം.

? പലരും ഇപ്പോൾ മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ചവരുത്തുന്നു. സ്കൂൾ തുറക്കുന്നതോടെ റോഡുകളിൽ തിരക്കുകൂടും. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കോവിഡ് വ്യാപിക്കാൻ ഇടയാകില്ലേ. (അഷ്ടമി രാകേഷ്, മണ്ണടി)
∙ അഷ്ടമിയെപ്പോലെയുള്ള നല്ല സാമൂഹിക ബോധമുള്ള കുട്ടികൾ ഉള്ളിടത്തോളം നമുക്ക് കോവിഡിനെ കൂട്ടായി ചെറുക്കാനാകും. കുട്ടികൾ എല്ലാം മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കണം. അതിനു പുറമേ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഇപ്പോൾ സർക്കാർ വാക്സീൻ നൽകുന്നുണ്ട്. ഇത് എടുക്കാത്ത കുട്ടികൾക്ക് അവബോധം നൽകുകയും വാക്സീൻ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. അങ്ങനെ നമുക്ക് കോവിഡിനെതിരെ പോരാടാം.

? ഞങ്ങളുടെ വീട് ഉയർന്ന പ്രദേശത്താണ്. ഈ പ്രദേശത്തേക്ക് ബസ് സർവീസും ഇല്ല. സെറിബ്രൽ പാൾസി ആയതിനാൽ എനിക്കു നടക്കാനും ആകില്ല. അതിനാൽ വീടിന്റെ അടുത്തുനിന്ന് ഓട്ടോയിൽ കയറി താഴെ വന്നാൽ മാത്രമേ സ്കൂളിൽ പോകാൻ ബസിൽ കയറാൻ സാധിക്കൂ. ഇതിന് പരിഹാരമായി ഞങ്ങളുടെ പ്രദേശത്തേക്കും ബസ് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണം. (ഒൻപതാംക്ലാസ് വിദ്യാർഥി, വെട്ടിപ്രം, പത്തനംതിട്ട)
∙ പ്രശ്നം ഗൗരവമായി തന്നെ കാണുന്നു. സ്കൂൾ അധികൃതരുമായും പഞ്ചായത്ത് അധികൃതരുമായും സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാം.

? രാവിലെയും വൈകിട്ടും സ്കൂളുകളുടെ സമീപത്തുള്ള റോഡുകളിൽ വലിയ തിരക്കണ്. ഈ സമയങ്ങളിൽ വിദ്യാർഥികൾ റോഡിലൂടെ കൂട്ടംകൂടി നടക്കുന്നത് പതിവാണ്. ഇത് വലിയ അപകടം വിളിച്ചുവരുത്തും. സ്കൂൾ തലത്തിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തണം. (രമേശ്കുമാർ രവീന്ദ്രൻ, അടൂർ)
∙ വിഷയങ്ങൾ ശ്രദ്ധയിൽകൊണ്ടുവന്നതിന് നന്ദി. ജില്ലാ റോഡ് സുരക്ഷാ സമിതി കഴിഞ്ഞ ആഴ്ച യോഗം ചേർന്നപ്പോൾ ഈ വിഷയങ്ങൾ ചർച്ചചെയ്തിരുന്നു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സ്കൂളുകൾക്ക് നിർദേശങ്ങൾ നൽകാനും ഈ യോഗത്തിൽ ധാരണയായിട്ടുണ്ട്.

? എന്റെ സ്കൂളിന്റെ തൊട്ടുമുന്നിലൂടെയാണ് വെച്ചൂച്ചിറ– കനകപ്പലം റോഡ് കടന്നുപോകുന്നുണ്ട്. വലിയ വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ പോകുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് റോഡ് മുറിച്ച് കടന്ന് സ്കൂളിലേക്ക് എത്താൻ വലിയ പ്രയാസമാണ്. റോഡിൽ സീബ്രാ ക്രോസിങ്ങും സ്കൂൾ സമീപത്തുണ്ടെന്ന ബോർഡുകളും സ്ഥാപിച്ചാൽ ഞങ്ങൾക്ക് വലിയ സഹായമാകുമായിരുന്നു. (കെ.ആർ.ആദിത്യൻ, വെച്ചൂച്ചിറ)
∙ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ നടപടി ഉടൻ സ്വീകരിക്കാം. സ്കൂൾ തുറക്കുന്ന സമയത്തും അടയ്ക്കുന്ന സമയത്തും ഗതാഗത നിയന്ത്രണത്തിന് സംവിധാനങ്ങൾ ഒരുക്കുകയും സീബ്രാ ക്രോസിങ് സാധ്യമാണോ എന്ന് പഠനം നടത്തുകയും ചെയ്യാം.

? കലഞ്ഞൂർ എൽപി സ്കൂളിന്റെ സമീപത്തായി തോട് ഒഴുകുന്നുണ്ട്. രണ്ട് ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നതിനാൽ ഇവിടെ വലിയ ഒരു കുഴിതന്നെ രൂപപ്പെട്ടിട്ടുണ്ട്. സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക് ഈ കുഴി വളരെ അപകടഭീഷണി വിളിച്ചുവരുത്തുന്നു. (പി.എസ്.ശാലിനി, കലഞ്ഞൂർ)
∙ നേരിട്ടുവന്നു പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കാം. സ്കൂൾ കെട്ടിടത്തിന്റെ നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാം.

? എനിക്ക് സ്കൂളിൽ പോകാൻ വഴിയില്ല. ചെളിവെള്ളത്തിലൂടെയാണ് ഞാൻ സ്കൂളിൽ പോകുന്നത്. എനിക്ക് നല്ല വഴി തരാൻ ആന്റി ഇടപെടണം. (മരിയ ടോം, മൈലപ്ര)
∙ മോളുടെ സ്കൂളിലേക്കു പോകാനുള്ള വഴി ശരിയാക്കുന്ന കാര്യം പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് ശരിയാക്കാം. മിടുക്കിയായി പഠിക്കണം.

? ഫിസിക്കൽ എജ്യൂക്കേഷനും വർക് എക്സ്പീരിയൻസിനും നിലവിൽ 2 ദിവസം മാത്രമാണ് ക്ലാസ് ഉള്ളത്. ഈ വിഷയങ്ങൾ എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. അതിന് എന്തെങ്കിലും നടപടിയുണ്ടാകുമോ. (എം.അനന്ദലക്ഷ്മി, പത്തനംതിട്ട)
∙ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നല്ലേ മോളുടെ ആവശ്യ, പരിഹാരമുണ്ടാക്കാം.

? പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് 4 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗവ. എച്ച്എസ്എസ് കടുമീൻചിറ, ഇടമുറി ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലേക്കു വാഹനസൗകര്യങ്ങളില്ല. ഇത് അധ്യാപകരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കുന്നു. ഇക്കാരണത്താൽ ഇവിടെ വരുന്ന അധ്യാപകർ ട്രാൻസ്ഫർ വാങ്ങി പോകുന്നതും പതിവാണ്. (അനിൽകുമാർ, നാറാണംമൂഴി)
∙ വാഹന സൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്നോ, മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ ഇതിന് പരിഹാരം കാണാൻ സാധിക്കുമോ എന്ന് പരിശോധിക്കാം. ഉടൻ നിർദേശം നൽകാം.

? സ്കൂളുകളുടെ പരിസരത്ത് ലഹരി പദാർഥങ്ങളുടെ വിൽപന വ്യാപകമാകുന്നുണ്ട്. ലൈസൻസ് പോലും ഇല്ലാത്ത കുട്ടികൾ ബൈക്കിലും മറ്റും സ്കൂളിലേക്ക് എത്തുന്നതും പതിവാകുന്നു. ഇത് മറ്റ് കുട്ടികളിൽ അപകടഭീതി വർധിപ്പിക്കുന്നുണ്ട്. (ആർ.ശിവപ്രസാദ്, പള്ളിക്കൽ, അടൂർ)
∙ പൊലീസ്, എക്സൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ കൃത്യമായ പരിശോധനകളും നടപടികളും ഉണ്ടാകും. അതിനായി പ്രത്യേകം ശ്രദ്ധചെലുത്തും.

? എന്റെ വീടുനുചുറ്റും വെള്ളം കയറിക്കിടക്കുകയാണ്. എനിക്ക് ഇവിടെ പഠിക്കാൻ വലിയ ബുദ്ധിമുട്ടാണ്. (ജിയ സൂസാ ജയൻ, പുളിക്കീഴ്)
∙ എന്തു നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്തുമായും വില്ലേജ് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധിക്കും. അതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com