ADVERTISEMENT

പത്തനംതിട്ട ∙ പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ കുട്ടികളെ കാത്തിരിക്കുന്നതു യാത്രാ ദുരിതം. ഇന്നു  സ്കൂളുകൾ  തുറക്കുമ്പോൾ  രാവിലെയും വൈകിട്ടും  ആവശ്യത്തിനു ബസ് ഇല്ലാതെ  കുട്ടികൾ വലയും. കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ മാത്രം കോവിഡിനു ശേഷം 26 സർവീസുകൾ നിർത്തലാക്കി.  ഇവ ഒന്നും പുനരാരംഭിച്ചിട്ടില്ല.  ജില്ലയിൽ 360 സ്വകാര്യ ബസുകൾ ഉള്ളതിൽ  പ്രതിസന്ധി കാരണം 58 ബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇതു സ്കൂൾ വിദ്യാർഥികളുടെ യാത്രാ ക്ലേശം ഇരട്ടിയാക്കും. 

∙ ജില്ലാ ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന പ്രദേശം ആണെങ്കിലും കടമ്മനിട്ട , നാരങ്ങാനം മേഖലയിൽ ബസ് സർവീസുകൾ വളരെ കുറവാണ്. കടമ്മനിട്ടയിൽ നിന്നു  വാഴക്കുന്നം വഴിയും നാരങ്ങാനം വഴിയും പത്തനംതിട്ട- കോഴഞ്ചേരി  റൂട്ടിൽ ഉണ്ടായിരുന്ന 2 കെഎസ്ആർടിസി  ബസുകളും ഇപ്പോൾ ഓടിക്കുന്നില്ല.

കടമ്മനിട്ട, വാഴക്കുന്നം വഴി സീതത്തോട്- പത്തനംതിട്ട- കോഴഞ്ചേരി റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ്  ഇപ്പോൾ  പത്തനംതിട്ട വരെ മാത്രമാണ് ഓടുന്നത്. രാവിലെ 9ന് പത്തനംതിട്ടയിൽ നിന്നു  കോഴഞ്ചേരിക്കുള്ള  ട്രിപ്പിലാണു കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ എത്തിയിരുന്നത്. വൈകിട്ട് 3.30ന് പത്തനംതിട്ടയിൽ നിന്നു കോഴഞ്ചേരിക്കുള്ള  ട്രിപ്പും കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.

∙ കെഎസ്ആർടിസിയുടെ  കുത്തകയാണ് പത്തനംതിട്ട- ഇലവുംതിട്ട- ചെങ്ങന്നൂർ റൂട്ട്.  പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നായി 7 ബസ്  ഇതുവഴി ചെയിൻ സർവീസ് നടത്തി വന്നതാണ്.  അതിൽ രണ്ട് ബസ് ഓടുന്നില്ല. അതിനാൽ മുക്കാൽ മണിക്കൂർ വരെ കാത്തു നിന്നാണു ജനങ്ങൾ യാത്ര ചെയ്യുന്നത്. അടിയന്തരമായി ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. 

∙ കുടിയേറ്റ ഗ്രാമമായ തൂമ്പാക്കുളം ഇപ്പോൾ ബസ് സർവീസ് ഇല്ലാത്ത ഗ്രാമമായി മാറി.  ടാർ ചെയ്ത നല്ല റോഡ് ഉണ്ടെങ്കിലും ഒരു ബസും തൂമ്പാക്കുളം പോകുന്നില്ല. കോന്നി- തൂമ്പാക്കുളം ബസുകൾ  കരിമാൻതോട് എത്തി ട്രിപ്പ് അവസാനിപ്പിക്കുന്നു. അതിനാൽ  കരിമാൻതോട്  മുതൽ തൂമ്പാക്കുളം വരെയുള്ള  3 കിലോമീറ്റർ നടന്നു പോകാതെ വേറെ വഴിയില്ല.  തൂമ്പാക്കുളം- ചെങ്ങന്നൂർ കെഎസ്ആർടിസി ബസും നിർത്തലാക്കി. 

∙ പത്തനംതിട്ട- കരിമാൻതോട് റൂട്ടിൽ 8 കെഎസ്ആർടിസി  ബസ് സർവീസുകൾ ഉണ്ടായിരുന്നു. അതിൽ  തിരുവനന്തപുരം ഫാസ്റ്റ്  മാത്രമാണ്  ഇപ്പോൾ  ഓടുന്നത്.   കരിമാൻതോട്- കോട്ടയം,  കരിമാൻതോട് - തൃശൂർ, ബസുകൾ നല്ല വരുമാനം ഉള്ളവ ആയിരുന്നുവെങ്കിലും സർവീസ് പുനരാരംഭിച്ചിട്ടില്ല. 

∙ തണ്ണിത്തോട്  വഴി  കോന്നി - കോട്ടമൺപാറ റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസും നിർത്തി. തണ്ണിത്തോട് സ്റ്റാൻഡ്, കൂത്താടിമൺ, മാർക്കറ്റ് റോഡ്, കാവിൽ ജംക്‌ഷൻ എന്നിവിടങ്ങളിലൂടെ കോന്നി തണ്ണിത്തോട് റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസും ഇപ്പോൾ ഓടുന്നില്ല.

∙പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 7 കഴിഞ്ഞാൽ കരിമാൻതോടിനു ബസ്  ഇല്ല. റാന്നി- ചെറുകോൽപ്പുഴ- കോഴഞ്ചേരി റൂട്ടിൽ സർവീസ് നടത്തിവന്ന മൂന്ന് സ്വകാര്യ ബസുകൾ ഇപ്പോൾ ഓടുന്നില്ല. ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ സ്ഥലങ്ങളിലേക്കു രാത്രികാല പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും അവ സർവീസ് നടത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 

∙പന്തളം കെഎസ്ആർടിസി  ഡിപ്പോയിൽ നിന്നു കുരമ്പാല, കീരുകുഴി വഴി അടൂരിനുള്ള കെഎസ്ആർടിസി ബസ് ഇപ്പോൾ ഓടുന്നില്ല.  പന്തളം   എൻഎസ്എസ്  പോളിടെക്നിക്  കോളജ്,  പെരുമ്പുളിക്കൽ എൻഎസ്എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഇതിലായിരുന്നു യാത്ര. ഇപ്പോൾ കാൽനട യാത്രയാണ് ശരണം. കെഎസ്ആർടിസി പുലർച്ചെയുള്ള സർവീസുകൾ കുറച്ചിരിക്കുന്നതു മറ്റു ജില്ലകളിലേക്കുള്ള യാത്രക്കാരെയും വലയ്ക്കുന്നു. 

∙ പന്തളത്തു നിന്ന് കുരമ്പാല, പഴകുളം വഴി അടൂരിനു 4 ബസ് ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മാത്രമാണ് ഓടുന്നത്.  കൂടൽ- ആനയടി റോഡ് നിർമാണം തുടങ്ങിയതോടെയാണ്  ഇവ മുടങ്ങിയത്.  

∙ ഷുഗർ മില്ല്, പൂഴിക്കാട്, കുരമ്പാല, മുക്കോടി, പന്തളം- അടൂർ റൂട്ടിൽ ഉണ്ടായിരുന്ന  കെഎസ്ആർടിസി ബസും നിർത്തി. രാത്രി 8 കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തുനിന്ന് അടൂർ, പന്തളം ഉൾപ്പെടെ ഭാഗത്തേക്കു കെഎസ്ആർടിസി ബസുകളുമില്ല. മോട്ടർ വാഹന വകുപ്പ് പരിശോധനകൾ ശക്തമാക്കുകയും ഓടാത്ത പെർമിറ്റുകൾ റദ്ദാക്കി മറ്റു ബസുകൾക്കു കൊടുക്കുകയും ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com