ADVERTISEMENT

കടൽ പടിഞ്ഞാറോട്ടു മാറിയപ്പോൾ ഉയർന്നുവന്ന പ്രദേശമാണത്രെ നിരണം. അതിപുരാതന വാണിജ്യകേന്ദ്രമായിരുന്നു നിരണമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വിദേശസഞ്ചാരികളായ ടോളമിയുടെയും പ്ലിനിയുടെയും യാത്രാവിവരണങ്ങളിൽ കൊടുങ്ങല്ലൂരിനൊപ്പമാണ് (മുസിരിസ്) നിരണത്തിന്റെ സ്‌ഥാനം. അവരുടെ കുറിപ്പുകളിൽ ‘നിൽക്കിണ്ട’ എന്നാണ് നിരണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. എഡി 52ൽ കൊടുങ്ങല്ലൂരിലെത്തിയ ക്രിസ്‌തുശിഷ്യനായ സെന്റ് തോമസ് പിന്നീട് നിരണത്ത് എത്തിയതായി വിശ്വസിക്കപ്പെടുന്നു. നിരണം വടക്കുംഭാഗത്തുള്ള പമ്പയുടെ കൈവഴിയായ കോട്ടച്ചാൽ തോട്ടിലെ തോമത്തുകടവിലാണ് അദ്ദേഹം പായ്‌ക്കപ്പൽ അടുപ്പിച്ചത്. തോമാശ്ലീഹ എത്തിയ കടവായതിനാലാണ് തോമത്തുകടവ് എന്ന പേരുവന്നത്.

4 തോമാസ്ലീഹ പായ്ക്കപ്പലിറങ്ങിയ തോമത്ത് കടവ്.

ഈ സ്മരണകളുണർത്തി ഇവിടെ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ചാപ്പൽ പ്രവർത്തിക്കുന്നു. സമീപം സെന്റ് തോമസ് ആർട് ഗാലറിയുമുണ്ട്. ഇവിടെയെത്തിയ തോമാശ്ലീഹ തൃക്കപാലീശ്വരത്തിനടുത്ത് കുരിശ് സ്‌ഥാപിച്ചു. എന്നാൽ, ആരോ കുരിശ് ഇളക്കിമാറ്റി പുഴയിലെറിഞ്ഞു. മുതലപ്പുഴയാറിലൂടെ ആ മരക്കുരിശ് ഒഴുകി മറുതീരത്ത് അടിഞ്ഞു. തോമാശ്ലീഹ അതു കണ്ടെടുക്കുകയും എഡി 54ൽ ആ സ്‌ഥലത്ത് പള്ളി സ്‌ഥാപിക്കുകയും ചെയ്‌തെന്നാണ് വിശ്വസിക്കപ്പെടുന്നത്. തീർഥാടനകേന്ദ്രമായി മാറിയ നിരണം സെന്റ് മേരീസ് പള്ളിയുടെ ആദ്യരൂപം അതായിരുന്നത്രെ.

തോമാശ്ലീഹ കേരളത്തിൽ സ്‌ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിൽ ഒന്നായ നിരണം പള്ളി പ്രഥമ മാർത്തോമ്മൻ തീർഥാടന കേന്ദ്രം കൂടിയാണ്. 4 തവണ പുനർനിർമാണം നടത്തിയതാണ് നിരണം പള്ളി. ഇന്നത്തെ ദേവാലയം 1912 ലാണ് പുനർനിർമിച്ചത്. കരിപ്പെട്ടി, വരാൽ പശ, കുമ്മായം, മുട്ടയുടെ വെള്ളക്കരു എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതമുപയോഗിച്ചാണ് കൽഭിത്തികൾ ഉറപ്പിച്ചിരിക്കുന്നത്.  പ്രാചീനകാലം മുതലുള്ള പല വസ്തുക്കളും പള്ളിമുറ്റത്ത് അറയും നിരയുമുള്ള പഴയ നെൽപ്പുരയിൽ സൂക്ഷിച്ചിരിക്കുന്നു. ഈ കെട്ടിടത്തിലെ അറയ്ക്കുള്ളിലായിരുന്നു പള്ളിയുടെ പൊൻകുരിശ് സൂക്ഷിച്ചിരുന്നത്. 1916ൽ അതു മോഷണം പോയി. തിരികെകിട്ടിയെങ്കിലും വലിയൊരുഭാഗവും നഷ്ടമായിരുന്നു. തിരികെകിട്ടിയ ഭാഗവും പള്ളി സമാഹരിച്ചതുമായ പൊന്നും ചേർത്താണ് ഇപ്പോഴുള്ള കുരിശ് ഉണ്ടാക്കിയത്.

ഒരുകാലത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ വാസസ്‌ഥലം കൂടിയായിരുന്നു ഇവിടം. തിരുമേനി ഉപയോഗിച്ച കട്ടിൽ, പല്ലക്ക് തുടങ്ങിയവ ചരിത്രസ്‌മാരകങ്ങളായി ഇവിടെ സംരക്ഷിക്കുന്നു. വിശുദ്ധ തോമാശ്ലീഹയുടെ തിരുശേഷിപ്പ്, പോർച്ചുഗീസുകാരുടെ കാലത്ത് നിർമിച്ചതെന്നു കരുതുന്ന കന്യകാമറിയത്തിന്റെ രൂപം, പുരാതന പാത്രങ്ങൾ, കൽഭരണികൾ, പ്രാചീന വിളക്കുകൾ, കുപ്പികൾ, തടി ഉരുപ്പടികൾ തുടങ്ങിയവയെല്ലാം  ഇവിടെ സൂക്ഷിച്ചിരിക്കുന്നു. നിരണം താളിയോലഗ്രന്ഥങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2600 താളിയോലകൾ നെൽപ്പുരയിലെ അറയിൽ പ്രത്യേക സംവിധാനമൊരുക്കി സംരക്ഷിക്കാനുള്ള നടപടികൾ പള്ളിയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. പള്ളിവളപ്പിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചതുരക്കിണറും വിസ്മയക്കാഴ്ചയാണ്. ഡിസംബർ 21ന് തോമാശ്ലീഹയുടെ 1950ാം രക്തസാക്ഷിത്വ വാർഷികം ആചരിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ നിരണം പള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com