ADVERTISEMENT

പെൺകരുത്തിന്റെ പ്രതീകമായി എഴുപത്തിയഞ്ചാം വയസ്സിലും കിണർ കുഴിക്കാനെത്തുന്ന കുഞ്ഞുപെണ്ണ്

പുതുതായി പണിയുന്ന വീടിന്റെ വാനംവെട്ടുന്ന ജോലികൾക്കായാണ് അന്ന് കുഞ്ഞുപെണ്ണ് വള്ളക്കുളങ്ങരയിൽ എത്തുന്നത്. വാനംമാന്തുന്ന ജോലികൾ പുരോഗമിക്കുന്നതിനൊപ്പം വീടിന്റെ കിണർ കുഴിക്കുന്ന ജോലികളും നടക്കുന്നുണ്ടായിരുന്നു. കിണർ കുത്തുന്നതിന്റെ ചിട്ടവട്ടങ്ങൾ കുഞ്ഞുപെണ്ണിന് നന്നേ ബോധിച്ചു. അന്നുമുഴുവനും അവരുടെ പണികൾ വീക്ഷിച്ചു. വൈകിട്ട് ജോലിക്കാർ പോയിക്കഴിഞ്ഞപ്പോൾ കുഞ്ഞുപെണ്ണ് അവരുടെ പണിസാധനങ്ങൾ പരിശോധിച്ചു.

അളവുകോലും മറ്റ് സാമഗ്രികളും കൃത്യമായി മനസ്സിൽ ആവാഹിച്ചു. പിറ്റേന്നു വീട്ടിൽചെന്നപ്പോൾ തെങ്ങിന്റെ മടൽ മുറിച്ച് സ്വയം അളവുകോൽ നിർമിച്ചു. നിലത്ത് വട്ടംപിടിച്ച് അളന്നുനോക്കി. എല്ലാം കൃത്യം. പിന്നീട് പരിചയമുള്ള ആളിന്റെ വീട്ടിലെ കിണർകുഴിക്കുന്ന ജോലി ചോദിച്ചുവാങ്ങി. അയാൾ വളരെ ആത്മവിശ്വാസത്തോടെ അത് കുഞ്ഞുപെണ്ണിനെ ഏൽപിച്ചു. അങ്ങനെ മുപ്പതാം വയസ്സിൽ കുഞ്ഞുപെണ്ണ് ആദ്യമായി കിണർ കുഴിച്ചു.

ഇന്ന് തന്റെ എഴുപത്തിയഞ്ചാം വയസ്സിലും കിണർ കുഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടുപോവുകയാണ് അടൂർ ചൂരക്കോട് അയ്യൻകോയിക്കൽ ചരുവിളകിഴക്കേതിൽ കുഞ്ഞുപെണ്ണ്.45 വർഷങ്ങൾക്കൊണ്ട് ആയിരത്തിലധികം കിണറുകളാണ് കുഞ്ഞുപെണ്ണ് കുഴിച്ചത്. തേങ്ങപൊട്ടിച്ച് ഉള്ളിലെ വെള്ളം എടുക്കുന്നതുപോലെയാണ് മണ്ണിനെ പിളർന്ന് കിണറുകൾ കുഴിക്കുന്നതെന്നാണ് കുഞ്ഞുപെണ്ണ് പറയുന്നത്. ദീർഘകാലത്തെ പരിചയസമ്പത്തുള്ള കുഞ്ഞുപെണ്ണിന് ഇന്ന് ആഴങ്ങൾ ഭയമേയല്ല.

കിണറിന്റെ റിങ്ങുകളിലൂടെ അനായാസം ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അവരുടെ ആത്മവിശ്വാസവും കരുത്തും ഏതൊരു സ്ത്രീക്കും പ്രചോദനമാണ്. എന്നാൽ ഈ കാലമത്രയും സജീവമായി നിന്നിട്ടും സമൂഹത്തിൽനിന്ന് അവഗണനയും പരിഹാസവുമാണ് തിരികെ ലഭിച്ചതെന്ന് കൊച്ചുപെണ്ണ് പറയുമ്പോൾ അതിൽ തെല്ലു നിരാശകൂടിയുണ്ട്. വർഷങ്ങൾക്കു മുൻപ് കൊടുമണ്ണിൽ കിണർ കുത്താനായി കൊച്ചുപെണ്ണും സംഘവും പോയി. 9 സെന്റ് സ്ഥത്ത് ഇതിനുമുൻപ് 9 തവണ കിണർ കുത്തിയിരുന്നു. എന്നാൽ ഓരോ തവണയും വിലങ്ങുതടിയായി പാറക്കല്ലുകൾ പ്രത്യക്ഷപ്പെട്ടു.

കിണറ്റിൽ വെള്ളം കാണാതെ നിരാശനായ സ്ഥലമുടമ അവിചാരിതമായാണ് കുഞ്ഞുപെണ്ണിനെപ്പറ്റി അറിയുന്നത്. ഉടനെ അവരെ വിളിച്ചുവരുത്തി. എന്നാൽ ഉടമയുടെ പരിചയക്കാർ നീരസം പ്രകടിപ്പിച്ചു. ഇത്രയും തവണ കുത്തിയിട്ടും വെള്ളം കാണാത്ത സ്ഥലത്ത് ഈ സ്ത്രീ വന്ന് കിണർ കുഴിച്ചാലും ഫലമുണ്ടാവില്ല എന്നായിരുന്നു പരിഹാസം. പക്ഷേ, തികഞ്ഞ ആത്മവിശ്വാസത്തോടെ കുഞ്ഞുപെണ്ണ് ജോലി തുടങ്ങി. 9 റിങ് താഴ്ന്നപ്പോൾതന്നെ വെള്ളംകണ്ടു. പുച്ഛിച്ചവർക്കും പരിഹസിച്ചവർക്കും തന്റെ ദൃഢനിശ്ചയത്തിലൂടെ കുഞ്ഞുപെണ്ണ് മറുപടി നൽകി.

ഒരു ജോലിയും ആൺപെൺ വ്യത്യാസമുള്ളതല്ലെന്നും എല്ലാ ജോലിയിലും അർപ്പണബോധവും കഠിനാധ്വാനവുമാണ് വേണ്ടതെന്നും കുഞ്ഞുപെണ്ണ് പറയുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം കുഞ്ഞുപെണ്ണ് കിണറുകൾ കുഴിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തുനിന്നും ഒട്ടേറെ ആളുകൾ അന്വേഷിച്ചെത്തുന്നുണ്ട്. ആരോഗ്യമുള്ള കാലമത്രയും ജോലി തുടരണമെന്നാണ് ആഗ്രഹം. മകൻ കിഷോറും മരുമകൾ ഓമനയും പിന്തുണയായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com