ADVERTISEMENT

മറിയാമ്മച്ചീ....അമ്മച്ചിയെന്താ വിവാഹം കഴിക്കാതിരുന്നേ..’ ചോദ്യത്തിനുത്തരം നീണ്ട ചിരിയായിരുന്നു. തൊട്ടുപിന്നാലെ എത്തി അമ്മച്ചിയുടെ മറുപടി. ‘ എന്റെ കൊച്ചേ ഇതിനൊക്കെ എവിടുന്നു സമയം കിട്ടാനാ...രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഞാൻ പിള്ളാരെ ടൈപ്പ് പഠിപ്പിക്കുവല്ലായിരുന്നോ. പിന്നെ തീർക്കാനൊക്കാത്ത അത്രയും ജോബ് വർക്കുകളും അന്നുണ്ടായിരുന്നു...കല്യാണത്തെപ്പറ്റിയൊക്കെ ചിന്തിക്കാൻ എവിടെ സമയം.’ ഉത്തരത്തിനൊപ്പം ആ ചിരി വീണ്ടും തുടർന്നു.  

ചില ജീവിതങ്ങൾ വല്ലാത്ത അത്ഭുതങ്ങളാണ്. കണ്ണും കാതും മനസ്സും തുറന്നുവച്ചു ധ്യാനിച്ചാലും ആ ജീവിതങ്ങളിലെ ആത്മസമർപ്പണവും സത്തയും ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. അത്രമേൽ തീവ്രമായ അനുഭവമാണ് അത്. പന്തളം അമ്പലാംകണ്ടത്തിൽ മറിയാമ്മ മാത്യു എന്ന എൺപത്തിയെട്ടുകാരിയായ ടൈപ്പിസ്റ്റ് ജീവിതത്തിൽ ഇന്നും ‘ഷീറോ’ ആയി നിലനിൽക്കുന്നത് ഇതേ ആത്മസമർപ്പണവും ദൃഢനിശ്ചയവും കൊണ്ടാണ് എന്നു എടുത്തു പറയേണ്ടതില്ല.

കഴിഞ്ഞ 66 വർഷങ്ങൾ ഹിന്ദുസ്ഥാൻ അക്കാദമിയുടെ പ്രിൻസിപ്പലായി മറിയാമ്മ മാത്യു എന്ന തങ്കമ്മ സാറുണ്ട്....ഉയർച്ചയും താഴ്ചയും വിജയവും പരാജയവും നിറഞ്ഞ ടൈപ്പ് റൈറ്റിങ് കാലത്തിന്റെ ഓർമകളുമായി. ഇതിനോടകം അരലക്ഷം വിദ്യാർഥികളാണ് ഇവിടെനിന്ന് ടൈപ്പും ഷോർട് ഹാൻഡും പഠിച്ചുപോയിട്ടുള്ളത്. വിവിധ മേഖലകളിൽ സർക്കാർ ജോലി നേടിയവരും ധാരാളമാണ്.

1956ൽ പന്തളത്ത് ഹിന്ദുസ്ഥാൻ അക്കാദമി എന്ന ടെപ്പ് റൈറ്റർ പരിശീലന കേന്ദ്രം ആരംഭിക്കുമ്പോൾ മറിയാമ്മ മാത്യുവിന് മനസ്സിൽ വലിയ സ്വപ്നങ്ങളായിരുന്നു. പരിശീലന കേന്ദ്രത്തിലെ അധ്യാപികയായി കുട്ടികളെ ടൈപ്പ് പഠിപ്പിക്കുമ്പോൾ മുതലേ ജീവിതത്തിന്റെ അവിഭാജ്യ ഘടങ്ങളിലൊന്നായിരുന്നു ടൈപ്പ് റൈറ്റർ. അന്ന് കേരളത്തിനു പുറത്തുപോയി സ്ത്രീകൾ വിദ്യാഭ്യാസം നടത്തുന്നത് വളരെ വിരളമായിരുന്നു.

ആലപ്പുഴ ജില്ലയിലെ എടത്വായിൽ നിന്നാണ് മറിയാമ്മ ടൈപ്പും ഷോർട് ഹാൻഡും പഠിക്കുന്നത്. നാഗർകോവിലിൽ പോയാണ് അന്ന് പരീക്ഷ എഴുതിയത്. അന്നൊക്കെ കേരളത്തിനു പുറത്തായിരുന്നു ടൈപ്പിസ്റ്റുകൾക്ക് ജോലിസാധ്യത കൂടുതൽ. ടൈപ്പ് റൈറ്റിങ് കോഴ്സ് പൂർത്തിയാക്കിയാൽ ഉടൻ മുംബൈയിലേക്ക് ആളുകൾ ചേക്കേറുക നിത്യസംഭവമായി.

അവിടെ സ്റ്റെനോഗ്രഫർ തസ്തികയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കും. എന്നാൽ മറിയാമ്മ ആ സാധ്യത പരിഗണിച്ചില്ല. നാട്ടിൽതന്നെ സ്ഥാപനം തുടങ്ങി നാട്ടുകാരെ സേവിക്കാനുള്ള തീരുമാനമായിരുന്നു അത്. സ്ത്രീകളടക്കം അന്ന് ധാരാളം ആളുകൾ പഠിക്കാനെത്തുമായിരുന്നു. ടൈപ്പ് റൈറ്ററിന്റെ പ്രതാപകാലം മുതൽ ഇന്നത്തെ സ്ഥിതിവരെ ഒപ്പം സഞ്ചരിച്ച ആളാണ് മറിയാമ്മ എന്നു പറയുന്നതിലും തെറ്റില്ല.

ഫോട്ടോസ്റ്റാറ്റ് വിദ്യ നിലവിൽ വരുന്നതിനു മുൻപ് സർട്ടിഫിക്കറ്റുകളുടെ കോപ്പി ടൈപ്പ് റൈറ്ററിലായിരുന്നു ചെയ്തിരുന്നത്. അന്ന് ആളുകളുടെ തിരക്കും കൂടുതലായിരുന്നു. ജോബ് വർക്കുകളും ധാരാളമുണ്ടായിരുന്നു. ഒഴിവുദിവസങ്ങളിൽപോലും തിരക്കായിരുന്നു. അക്കാദമിയിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയാലും ആളുകൾ ഓരോരോ ആവശ്യങ്ങൾക്കായി അന്വേഷിച്ചെത്തും. പിഎസ്‌സി പരീക്ഷകൾ വിപുലമായ കാലം മുതലേ ആളുകൾ ടൈപ്പിങ്ങിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിരുന്നു.

കംപ്യൂട്ടർ സജീവമായത് ചെറിയ തോതിൽ പ്രതിസന്ധിയായി. ഈ കാലം പതിയെ അസ്തമിച്ചെങ്കിലും കംപ്യൂട്ടർ യുഗം പിറവികൊണ്ടതും സാങ്കേതികത വളർന്നതും ടൈപ്പ് റൈറ്റിങ്ങിന്റെ പ്രചാരം കുറച്ചു. എങ്കിലും മറിയാമ്മ തന്റെ ജീവന്റെ ഭാഗമായ അക്കാദമിക്കു തിരശീലയിടാൻ തയാറായിരുന്നില്ല. ഇന്നും കുട്ടികൾക്ക് പരിശീലനം തുടർന്നുവരികയാണ്.

രണ്ടു വർഷം മുൻപുണ്ടായ അപകടത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം ഇപ്പോൾ സ്ഥാപനത്തിലെത്തുന്നില്ലെങ്കിലും അവിടത്തെ കാര്യങ്ങളെല്ലാം നടത്തുന്നത് മറിയാമ്മയുടെ മേൽനോട്ടത്തിലാണ്. സഹോദരൻ എ.എം.ചാക്കോയ്ക്കൊപ്പമാണ് താമസിക്കുന്നത്. മറ്റ് സഹോദരങ്ങൾ: അന്നമ്മ മാത്യു (റിട്ട. സ്റ്റാഫ് നഴ്സ്), ചിന്നമ്മ അഗസ്റ്റി, ശോശാമ്മ മത്തായി (റിട്ട. ചീഫ് ടെലിഫോൺ സൂപ്പർവൈസർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com