ADVERTISEMENT

നിരണം ∙ പത്തനംതിട്ട– ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന അരീത്തോട്ടിൽ ഒഴുക്കില്ല. മാലിന്യം കെട്ടികിടക്കുന്നു.ഇരുകരകളിലുമായി നിരണം, തലവടി, എടത്വ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന അരീത്തോട് ഒട്ടേറെ തീരവാസികൾ ഇപ്പോഴും കുളിക്കാനും വസ്ത്രം നനയ്ക്കാനും ഉപയോഗിക്കുന്നതാണ്. മഴക്കാലത്തുപോലും അരീത്തോടിന്റെ പല ഭാഗത്തും നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.മണിമലയാറിന്റെ കൈവഴിയായ പുത്തനാറിൽ ചക്കുളം കടവിൽ നിന്നു തുടങ്ങുന്ന അരീത്തോട് 4 കിലോമീറ്ററോളം ഒഴുകി പാണ്ടങ്കരിയാറ്റിലാണ് എത്തിച്ചേരുന്നത്. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോട്ടച്ചാലും കോലറയാറും അരീത്തോട്ടിലാണ് എത്തിച്ചേരുന്നത്.

കോട്ടച്ചാലിൽ ഇടയ്ക്കു റോഡ് നിർമിച്ചു തടസ്സപ്പെടുത്തിയതോടെ അരീത്തോട്ടിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ നിലച്ചു. പായലും പോളയും നീക്കം ചെയ്താൽ തന്നെ നീരൊഴുക്ക് ഒരു പരിധി വരെ സുഗമമാക്കാൻ കഴിയും. ഇതിനായി ജില്ലാ പ‍ഞ്ചായത്ത് ഉൾപ്പെടെ പ്രത്യേക ഫണ്ട് അനുവദിക്കണം. കോലറയാറിന്റെ ശുചീകരണത്തിനു സംസ്ഥാന സർക്കാർ പണം അനുവദിച്ചതു പോലെ തിരുവല്ല, കുട്ടനാട് എംഎൽഎമാർ ഇതിനായി ശബ്ദം ഉയർത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടി, ആഴം കൂട്ടി തോടിനെ സംരക്ഷിക്കണം.അരീത്തോടിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി സെപ്റ്റംബർ 8നു തിരുവോണനാളിൽ ജലോത്സവം നടത്താനുള്ള തയാറെടുപ്പിലാണു നാട്ടുകാർ. .4 തുഴ മുതൽ 7 തുഴ വരെയുള്ള ചെറുവള്ളങ്ങളെയും വെപ്പ് - ഓടി വള്ളങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണു ജലോത്സവം നടത്താൻ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച  പ്രഥമ യോഗവും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com