ADVERTISEMENT

പത്തനംതിട്ട ∙ തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണു പരുക്കേറ്റു മരിച്ച കോട്ടയം മേലുകാവ് കട്ടിപ്പുരയ്ക്കൽ ജിൻ‌സി ജോണിന്റെ (35) മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഭർത്താവ് കെ.ജെ.ജയിംസ്. വർഷങ്ങളായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണു ജിൻസി. ഭയപ്പാടോടെ പുറത്തേക്കു ചാടുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കായംകുളം വരെ തന്നോടും തിരുവല്ല സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടുമുൻപായി അമ്മയോടും ഫോണിൽ സംസാരിച്ചിരുന്നു. വേഗത്തിൽ പോകുന്ന ട്രെയിനിൽനിന്നു പുറത്തു ചാടണമെങ്കിൽ തക്കതായ കാരണമുണ്ടാകുമെന്നും കോട്ടയത്ത് റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ ജയിംസ് പറയുന്നു.

വർക്കല വെട്ടൂർ ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്ന ജിൻസി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. കോട്ടയത്ത് റെയിൽവേ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കോട്ടയം സ്റ്റേഷനിലെ ഗവ. റെയിൽവേ പൊലീസിലും തിരുവല്ല ആർപിഎഫിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു ബന്ധുക്കൾ മൊഴി നൽകി. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യം മാത്രമാണു ലഭിച്ചത്. ട്രെയിനിന്റെ മറുവശത്തു കൂടി ആരെങ്കിലും ട്രെയിനിൽ പ്രവേശിച്ചോയെന്നു വ്യക്തമല്ലാത്തതിനാൽ അന്വേഷണം വേണമെന്നും ജയിംസ് പറഞ്ഞു. ജിൻസി ഉറങ്ങിപ്പോയതാകാമെന്നും കോട്ടയമായെന്നു തെറ്റിദ്ധരിച്ചു തിരുവല്ലയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അപകടം ഉണ്ടായതാകാമെന്നുമുള്ള വാദം ബന്ധുക്കൾ തള്ളി. സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടുമുൻപു വീട്ടിലേക്കു ഫോൺ ചെയ്തയാൾ ഉറങ്ങിയെന്നു പറയുന്നതിലെ യുക്തിയാണു ബന്ധുക്കൾ ചോദ്യം ചെയ്യുന്നത്.

എന്നാൽ ജിൻസി യാത്ര ചെയ്തിരുന്ന കോച്ചിലേക്കു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ട്രെയിനിൽ കയറിയെന്ന് ചിലർ ആരോപിക്കുന്നതിൽ വ്യക്തതയില്ലെന്നാണു ആർപിഎഫ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ദുരൂഹതയില്ലെന്ന് തിരുവല്ല ഡിവൈഎസ്പിയും പറഞ്ഞു. തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് തിരുവല്ല സ്റ്റേഷനിൽ നിന്നു നീങ്ങി തുടങ്ങിയപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ജിൻ‌സി പ്ലാറ്റ്ഫോമിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാരുടെ സംഘടനകളും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം വേണമെന്ന് സഹപ്രവർത്തകർ

വർക്കല∙ തിരുവല്ലയിൽ യാത്രയ്ക്കിടെ ട്രെയിനിൽ നിന്നു തെറിച്ചു വീണു പരുക്കേറ്റു ചികിത്സയിൽ കഴിയവേ മരിച്ച വെട്ടൂർ ഗവ.എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക പാലാ മേലുകാവ് കട്ടിപുരയ്ക്കൽ ജിൻസി ജോണിന്റെ (35)  വേർപാട് സഹപ്രവർത്തകർക്കു ആഘാതമായി. 27നു വൈകിട്ട് സ്കൂൾ കഴിഞ്ഞു പാസഞ്ചർ ട്രെയിനിൽ കോട്ടയത്തേക്കു മടങ്ങിയ ജിൻസി പിന്നീട് വീണു ഗുരുതരമായി പരുക്കേറ്റതായി വിവരമാണ് സഹപ്രവർത്തകർക്ക് ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി വെട്ടൂർ സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയായി ജോലി ചെയ്ത ജിൻസി കുറച്ചു മാസം മുൻപ് വരെ വർക്കല റെയിൽവേ സ്റ്റേഷന് സമീപം വീട് വാടകയ്ക്കെടുത്താണ് രണ്ടു മക്കൾക്കൊപ്പം താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് പാലാ മേലുകാവിൽ പുതിയ വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്തു റെയിൽവേയിൽ ജോലിയുള്ള ഭർത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയിൽവേ ക്വാർട്ടേഴ്സിലാണു ഇപ്പോൾ താമസിക്കുന്നത്. എല്ലാദിവസവും കോട്ടയത്ത് നിന്നു ട്രെയിനിൽ വന്നു പോകവേ ഉണ്ടായ ജിൻസിയുടെ ദാരുണമായ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സഹപ്രവർത്തകർ ഉന്നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com