ചെത്തോങ്കര വലിയതോട് വീതികൂട്ടൽ തുടങ്ങി

ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്ന പണി ആരംഭിച്ചപ്പോൾ.
ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്ന പണി ആരംഭിച്ചപ്പോൾ.
SHARE

റാന്നി ∙ കാത്തിരിപ്പിനൊടുവിൽ ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്നതിന് മണ്ണ് നീക്കിത്തുടങ്ങി. മണ്ണുമാന്തി ഉപയോഗിച്ച് തോടിന്റെ വശത്തെ മണ്ണ് നീക്കി കരയിൽ തള്ളുകയാണ്. എസ്‌സി പടിയ്ക്കു സമീപത്തു നിന്നാണ് മണ്ണ് നീക്കിത്തുടങ്ങിയത്. അതിരുകല്ലുകളിട്ട ഭാഗം കയർ കെട്ടി തിരിച്ചാണ് മണ്ണ് നീക്കുന്നത്. തുടർന്ന് വശം ഡിആർ കെട്ടി ബലപ്പെടുത്തും. ഡിആർ കെട്ടുന്നതിനാവശ്യമായ സ്ഥലം ഭൂഉടമകൾ വിട്ടു കൊടുക്കണം. ഉയരം അനുസരിച്ച് 2 മീറ്റർ‌ വരെ വീതിയിൽ സ്ഥലം വിട്ടു നൽകേണ്ടിവരും. കരിങ്കല്ല് അടുക്കിയാണ് ഡിആർ കെട്ടുന്നത്.കോന്നി–പ്ലാച്ചേരി റോഡിന്റെ വീതി കൂട്ടിയപ്പോഴാണ് ചെത്തോങ്കര മുതൽ എസ്‌സി പടി വരെ തോടിന്റെ വീതി കുറഞ്ഞത്. തോട്ടിലേക്കിറക്കി സംരക്ഷണഭിത്തി പണിതപ്പോൾ വീതി കുറയുകയായിരുന്നു. 

ഇതു മുന്നിൽ കണ്ട് തോടിന്റെ വീതി കൂട്ടാൻ എതിർ കരയിൽ കെഎസ്ടിപി ഭൂമി വിലയ്ക്കെടുത്തിരുന്നു. 20 വർഷം മുൻപാണ് അതിരുകല്ലുകളിട്ട് ഭൂമി ഏറ്റെടുത്തത്. എന്നാൽ റോഡിന്റെ വികസനത്തിനായി തയാറാക്കിയ രൂപരേഖയിലും എസ്റ്റിമേറ്റിലും തോടിന്റെ വീതി കൂട്ടാൻ തുക വകയിരുത്തിയിരുന്നില്ല. പിന്നീട് 4.5 കോടി രൂപയുടെ എസ്റ്റിമേറ്റ് കെഎസ്ടിപി പൊൻകുന്നം ഡിവിഷനിൽ നിന്ന് തയാറാക്കി നൽകിയെങ്കിലും ചീഫ് ഓഫിസിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. കാലവർഷത്തിനു മുൻപ് തോടിന്റെ വീതി കൂട്ടിയില്ലെങ്കിൽ‌ വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രശ്നം മനോരമ ഏറ്റെടുത്തതോടയാണ് പിന്നീട് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കെഎസ്ടിപിയും  സജീവമായി രംഗത്തിറങ്ങിയത്. 

പ്രമോദ് നാരായൺ എംഎൽഎ വിഷയം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് കെഎസ്ടിപി ചീഫ് എൻജിനീയർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് വശം കെട്ടി ബലപ്പെടുത്തുന്നതിനും മണ്ണ് നീക്കുന്നതിനും ഉൾപ്പെടെ 4.70 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് പൊൻകുന്നം ഡിവിഷനിൽ നിന്ന് കെഎസ്ടിപി ചീഫ് ഓഫിസിൽ നൽകിയിരുന്നു. അതിന് കഴിഞ്ഞ മാസം 19ന് അംഗീകാരം ലഭിച്ചു. കോന്നി–പ്ലാച്ചേരി റോഡ് നിർമാണം ഏറ്റെടുത്തിട്ടുള്ള കരാർ കമ്പനിയുടെ ചുമതലയിലാണ് പണി നടത്തുന്നത്. നേരത്തേ പണിക്ക് അനുമതി ലഭിച്ചിരുന്നെങ്കിൽ റോഡിന്റെ വീതി കൂട്ടിയപ്പോൾ തന്നെ മണ്ണ് നീക്കി വശം കെട്ടി തീർക്കാമായിരുന്നെന്ന് കരാർ കമ്പനി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS