കോന്നി ∙ മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിൽ മോഷണം നടത്തിയത് പ്രായപൂർത്തിയാകാത്ത രണ്ടു പേരെന്ന് പൊലീസ്. പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ 48 മണിക്കൂറിനകം മോഷ്ടാക്കൾ പിടിയിലായി. 17, 15,വയസ്സുള്ള സഹോദരങ്ങളാണ് ഇവർ. തങ്ങൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനാണ് മോഷണം നടത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.
മോഷ്ടിച്ച തുകയിൽ നിന്ന് 3000 രൂപ ഉപയോഗിച്ച് ഒരു സൈക്കിൾ വാങ്ങി. ബാക്കി തുക 10, 5 രൂപ നാണയവും 10 രൂപ നോട്ടുകളുമായി ഇവരുടെ കയ്യിൽ നിന്നും വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. പത്തനംതിട്ടയിൽ മുൻപും ഇവർ ചില മോഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രായത്തിന്റെ ഇളവിൽ ശിക്ഷ കിട്ടാതെ രക്ഷപ്പെടുകയായിരുന്നു. ക്ഷേത്ര ശ്രീകോവിലിനു മുൻപിലുള്ള കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ്.
തുടർന്ന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ തുമ്പ് കണ്ടെത്തുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മേജർ ക്ഷേത്രങ്ങളിലൊന്നാണ് കോന്നി ടൗണിനോടു ചേർന്നുള്ള മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രം. ഇവിടെ പട്ടാപ്പകൽ മോഷണം നടന്നത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ വിദഗ്ധമായ നീക്കത്തിലൂടെ പൊലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു. ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.