ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കർമപദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സർക്കാർ ഓഫിസുകൾ ഇന്നലെ തുറന്നുപ്രവർത്തിച്ചു. കലക്ടർ ഡോ. ദിവ്യ എസ്.അയ്യരുടെ മേൽനോട്ടത്തിലാണ് കലക്ടറേറ്റിലും മറ്റു ജില്ലാ ഓഫിസുകളിലും ഫയൽ തീർപ്പാക്കൽ നടത്തിയത്. ഞായറാഴ്ച ഓഫിസുകളിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്.

രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും അവലോകനം നടത്തും. വകുപ്പുതല പുരോഗതി അതത് മന്ത്രിമാർ വിലയിരുത്തും. ഫയൽ തീർപ്പാക്കൽ ദിനമായ ഇന്നലെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, റവന്യൂ ഓഫിസ് എന്നിവ തുറന്നു പ്രവർത്തിച്ചു.

അത്യാവശ്യമായി തീർപ്പാക്കേണ്ട തരംതിരിച്ചുവച്ച ഫയലുകളാണ് ഇന്നലെ തീർപ്പാക്കിയത്. ഇത്തരത്തിൽ സെപ്റ്റംബർ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിലും ഫയലുകൾ തീർപ്പാക്കാൻ പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്. അതത് ദിവസങ്ങളിൽ ഓഫിസുകളിലെത്തുന്ന ഫയലുകൾക്ക് പുറമേയുള്ളവ തീർപ്പാക്കാൻ വൈകിട്ട് 4 മുതൽ 5 വരെയുള്ള സമയം പ്രയോജനപ്പെടുത്തുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ‍(ഡിഡിപി) കെ.ആർ.സുമേഷ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഓരോരുത്തരുടെയും സീറ്റുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ജൂൺ 25ന് കണക്കെടുത്ത് തിട്ടപ്പെടുത്തിരുന്നു. ഇതനുസരിച്ചാണ് ഓരോരുത്തരും തീർപ്പാക്കേണ്ട ഫയലുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. അതത് ദിവസം തീർപ്പാക്കുന്ന ഫയലുകളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

2799 ഫയലുകളിൽ തീർപ്പ്

ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയിൽ റവന്യു വകുപ്പിൽ 2799 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കളക്ടറേറ്റ്-2149 ആർ.ഡി.ഓഫിസുകൾ- 175, താലൂക്ക് ഓഫിസുകൾ- 381, വില്ലേജ് ഓഫിസുകൾ- 89 സ്പെഷൽ ഓഫിസുകൾ–5 എന്നിങ്ങനെയാണ് തീർപ്പാക്കിയ ഫയലുകളുടെ എണ്ണം. കലക്ടറേറ്റിനു പുറമേ ജില്ലാ മെഡിക്കൽ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ് ഉൾപ്പെടെ വിവിധ ജില്ലാതല ഓഫിസുകളും സബ് ഓഫിസുകളും ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫിസുകളും ഞായറാഴ്ച പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com