ADVERTISEMENT

പന്തളം ∙ ശക്തമായ മഴയിലും കാറ്റിലും വീടുകൾക്ക് നാശം. മരം വീണും മഴയിൽ ഭിത്തി തകർന്നുമാണ് നാശനഷ്ടം. നഗരസഭയിലെ 2-ാം വാർഡിൽ മുടിയൂർക്കോണം വലിയവീട്ടിൽ രേവമ്മയുടെ വീടിന്റെ അടുക്കള ഭാഗം മഴയിൽ പൂർണമായും തകർന്നു. കടയ്ക്കാട് ജയസദനത്തിൽ രമണി, പെരുമ്പുളിക്കൽ നിവേദ്യത്തിൽ സന്തോഷ് കുമാർ, പൂഴിക്കാട് പടിഞ്ഞാറ് തടത്തിൽ കിഴക്കേതിൽ ഗോപി എന്നിവരുടെ വീടുകളുടെ മുകളിലേക്ക് മരം വീണു നാശനഷ്ടമുണ്ടായി.

പന്തളം കോളജ് ജംക്‌ഷൻ–നഗരസഭാ ഓഫിസ് ബൈപാസ് റോഡിലെ വെള്ളക്കെട്ട്.

ഉപറോഡുകളിൽ വെള്ളക്കെട്ട്

നഗരസഭയിലെ പല വാർഡുകളിലും ഉപറോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കാൽനടയാത്രികർക്ക് ഇത് വലിയ ബുദ്ധിമുട്ടായി. അറ്റകുറ്റപ്പണികൾക്കുള്ള ഗ്രാന്റ് സർക്കാർ വെട്ടിക്കുറച്ചതോടെ മിക്ക റോഡുകളിലും ഇത്തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതു കാരണം ടാറിങ് തകർന്ന ഭാഗങ്ങളിലാണ് വെള്ളക്കെട്ട്. കുരമ്പാല തോപ്പിൽപടി-കുരിശിൻമൂട്, എംസി റോഡ്-കടയ്ക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കോളജ് ജംക്‌ഷൻ-നഗരസഭാ ഓഫിസ് എന്നീ റോഡുകളിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുരമ്പാല-പൂഴിക്കാട്-വലക്കടവ് റോഡിന്റെ മിക്ക ഭാഗങ്ങളിലും ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.

മഴയിൽ തുമ്പമൺ നോർ‌ത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ തകർന്നു വീണപ്പോൾ.

സ്കൂളിന്റെ മതിൽക്കെട്ട് തകർന്നുവീണു

ഇലവുംതിട്ട ∙ ശക്തമായ മഴയിൽ സ്കൂളിന്റെ മതിൽക്കെട്ട് റോഡിലേക്ക് തകർന്നുവീണു. തുമ്പമൺ നോർ‌ത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലാണ് തകർന്നത്. ഓമല്ലൂർ–കുളനട റോഡിനോട് ചേർന്ന് നിൽക്കുന്ന മതിൽക്കെട്ട് ഇന്നലെ രാത്രി 7.35ന് ആണ് തകർന്നത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മാസങ്ങൾക്ക് മുൻപ് സ്കൂളിന്റെ മതിൽക്കെട്ട് തകർന്നത് പൊളിച്ചുപണിതിരുന്നു. ഓഡിറ്റോറിയത്തിന് സമീപം ബാക്കിയുള്ള ഭാഗമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com