ADVERTISEMENT

കോഴഞ്ചേരി ∙പരിഹാരമില്ലാതെ തുടരുകയാണു കോഴഞ്ചേരിക്കാരുടെ തിരുവനന്തപുരം യാത്രാ ക്ലേശം. പരാതി പറഞ്ഞു കെഎസ്ആർടിസിയിലേക്കു വിളിച്ചാൽ ഓരോ സമയത്ത് ഓരോ കാരണങ്ങളാണു കേൾക്കുന്നത്. കോവിഡ് ഒന്നാം തരംഗം ആരംഭിച്ച 2020 ൽ നിർത്തിയതാണു തിരുവനന്തപുരം സർവീസ്. എല്ലാ ദിവസവും രാവിലെ 5.10നു കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ടിരുന്ന സ്റ്റേ സർവീസ് 8.15 നു തിരുവനന്തപുരത്ത് എത്തുമായിരുന്നു.

മികച്ച വരുമാനവും ലഭിച്ചിരുന്ന സർവീസ് ഇതുവരെയും പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അര നൂറ്റാണ്ടായി നടത്തിയിരുന്ന സർവീസാണ് ഒരു കാരണവുമില്ലാതെ അവസാനിപ്പിച്ചത്. ജീവനക്കാർക്കു പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും താമസിക്കാനും സൗകര്യമില്ലെന്നാണ് ഏറ്റവും ഒടുവിൽ കേട്ട കാരണം. എന്നാൽ നേരത്തേ ലഭ്യമായിരുന്ന സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു സർവീസ് നടത്തുന്നതിന് ബുദ്ധിമുട്ടില്ലെന്നു യാത്രക്കാർ പറയുന്നു. 

റാന്നിയിൽ നിന്നു വന്നിരുന്ന സർവീസും നിലച്ചു

റാന്നിയിൽ നിന്ന് ആരംഭിച്ചു ചെറുകോൽപുഴ, തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർ വഴി കോഴഞ്ചേരിയിൽ എത്തി തിരുവനന്തപുരത്തേക്കു സർവീസ് നടത്തിയിരുന്ന ബസും 6.30 ന് ചെമ്പകപ്പാറ ബസും ഉണ്ടായിരുന്നു. ഇവയും നിർത്തി.  ഇതോടെ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ ചെങ്ങന്നൂരിലോ പത്തനംതിട്ടയിലോ പോകേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. റാന്നി–തിരുവനന്തപുരം ബസിനു നാട്ടുകാർ ക്രിസ്മസ് കാലത്ത് സ്വീകരണം നൽകിയതു ശ്രദ്ധ നേടിയിരുന്നു.

മുടക്കാതെ ഇത്രയും കാലം ബസ് സർവീസ് നടത്തിയതിന്റെ സന്തോഷ സൂചകമായി കേക്കും മറ്റും നൽകിയായിരുന്നു സ്വീകരണം. ആ സർവീസും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതോടെ ആർസിസിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ഉൾപ്പെടെ യാത്ര ചെയ്യുന്ന രോഗികളും സർക്കാർ സംബന്ധമായ ആവശ്യത്തിനു തലസ്ഥാനത്തേക്കു പോകുന്നവരും യാത്രാക്ലേശം അനുഭവിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com