ADVERTISEMENT

പരുമല ∙ മാർ ഗ്രിഗോറിയോസ് കോളജിലെ 2020-23 ബിസിഎ ബാച്ചിലെ 5 പെൺകുട്ടികളിൽ ഇനി 4 പേർ മാത്രം. പഠനം പൂർത്തിയാകുന്നതിനു മുൻപേ ബ്ലസി ചാണ്ടി വിടപറഞ്ഞ ദു:ഖത്തിലാണ് സഹപാഠികൾ. 20 ആൺകുട്ടികളുള്ള ക്ലാസിൽ 5 പെൺകുട്ടികളും ഒറ്റമനസ്സായിരുന്നു. അവർ പറയുമ്പോഴെല്ലാം പാട്ടുപാടി കൊടുത്തിരുന്നു ബ്ലെസി.പിതാവ് വി.എം.ചാണ്ടി എന്നും മകളെ കോളജിൽ കൊണ്ടുവിടുമായിരുന്നു. റാന്നി പൂവൻമലയിൽ നിന്നു പുളിക്കീഴ് വരെ ഒന്നര മണിക്കൂറെങ്കിലും എടുക്കും. രാവിലെ 8 മണിക്കാണ് ക്ലാസ് തുടങ്ങുന്നത്. 

മഴയാണെങ്കിൽ കാറിൽ. അല്ലെങ്കിൽ ബൈക്കിൽ. കോളജിലെത്തുമ്പോൾ മകളുടെ കൂട്ടുകാരെ കണ്ടാൽ എന്തെങ്കിലും വിശേഷം പറയാതെ ചാണ്ടി മടങ്ങുമായിരുന്നില്ല. മകളുടെ കൂട്ടുകാരും തിരിച്ച് അതേ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. രാവിലെ 8ന് തുടങ്ങുന്ന ക്ലാസ് ഒരുമണി വരെയാണ്. തിരികെ തിരുവല്ല വരെ ബ്ലെസി ബസിൽ വരുന്നത് സോന ജയൻ, സൗപർണിക സജി എന്നിവരോടൊപ്പമായിരുന്നു. പഠനം തീരാൻ ഇനി ഒരു സെമസ്റ്റർ മാത്രമേ ബാക്കിയുള്ളെങ്കിലും യാത്ര പൂർത്തിയാക്കാതെ പ്രിയ കൂട്ടുകാരി ഇറങ്ങിപ്പോയത് അവർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

തിങ്കളാഴ്ച കോളജിലെത്തി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് ബ്ലെസി മൊബൈലിൽ മെസേജ് അയച്ചിരുന്നതായി കൂട്ടുകാരി സോന പറഞ്ഞു. രാവിലെ എല്ലാവരും ക്ലാസിലെത്തിയപ്പോഴും ബ്ലെസി എത്തിയിരുന്നില്ല. വരാൻ താമസിച്ചതോടെ പലരും വീട്ടുകാരുടെ ഫോൺ നമ്പർ തിരക്കാൻ തുടങ്ങി. ഇന്റർവെൽ സമയത്താണ് അപകടം നടന്നുവെന്ന അറിയിപ്പ് കോളജ് ഓഫിസിൽനിന്നു വന്നത്.പഠനത്തിൽ സമർഥയായിരുന്നു ബ്ലെസി. ക്ലാസിലെ ടോപ്പറുമായിരുന്നു. ഒന്നാമത്തെ സെമസ്റ്ററിലെ ഒരു വിഷയത്തിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞ മാസം 27നായിരുന്നു. അന്നു തന്നെയായിരുന്നു സഹോദരി ഫേബയുടെ നഴ്സിങ് ഗ്രാജ്വേഷനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com