ADVERTISEMENT

സീതത്തോട് ∙ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ മഴ പ്രദേശങ്ങളിൽ മഴയ്ക്കു നേരിയ കുറവുവന്നെങ്കിലും ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ആനത്തോട്, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ താഴ്ത്താൻ വൈകുമെന്നു സൂചന. 981.456 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് അണക്കെട്ടിൽ 976.722 മീറ്ററും 986.332 മീറ്റർ ശേഷിയുള്ള പമ്പയിൽ 984.75 മീറ്ററുമാണ് ജലനിരപ്പ്. ആനത്തോട്ടിലെ 4 ഷട്ടറുകൾ 3 അടി ഉയരത്തിലാണ് തുറന്നുവച്ചിരിക്കുന്നത്.  ചൊവ്വാഴ്ച ഈ ഷട്ടറുകൾ 4 അടിയാക്കി ഉയർത്തിയെങ്കിലും രാത്രി 3 അടിയായി താഴ്ത്തി. പമ്പയിൽ തൽസ്ഥിതി തുടരുന്നു.  ഇവിടെ 2 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. പമ്പയിൽ 30 മില്ലിമീറ്ററും കക്കിയിൽ 49 മില്ലിമീറ്ററും മഴ ലഭിച്ചു. 27.269 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ 7 വരെ കക്കി–ആനത്തോട് അണക്കെട്ടിൽ നിന്ന് 17 ദശലക്ഷം ഘനമീറ്റർ വെള്ളം പമ്പാ നദിയിലേക്കു തുറന്നുവിട്ടതായി അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

നദികളിലെ ജലനിരപ്പിൽ ആശങ്ക വേണ്ട: കലക്ടർ

പത്തനംതിട്ട ∙ ജില്ലയിലെ നദികളിലെ ജലനിരപ്പിൽ ആശങ്ക വേണ്ടെന്ന് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് നിശ്ചിത പരിധിക്കുള്ളിലാണ്. ഡാമുകൾ തുറക്കുന്നതു കാരണമാണു പ്രളയമുണ്ടാകുന്നതെന്ന ധാരണയ്ക്കു മാറ്റം വരുത്താൻ സാധിച്ചെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ചെയർപഴ്സൺ കൂടിയായ കലക്ടർ പറഞ്ഞു.

കക്കി-ആനത്തോട് റിസർവോയർ, പമ്പ ഡാം എന്നിവിടങ്ങളിലെ ജലം നദികളിലേക്ക് ഒഴുക്കിവിടുന്നതുമൂലം ജലനിരപ്പ് ക്രമാനുസൃതമായി വർധിച്ചെങ്കിലും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാത്ത രീതിയിൽ ഡാമിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുണ്ട്. ഡാം തുറന്നതിലൂടെ അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡാം മാനേജ്മെന്റിന്റെ കാര്യത്തിൽ മികച്ച ഏകോപനമാണ് ജില്ലയിലുണ്ടായിരുന്നതെന്നും യോഗം വിലയിരുത്തി. 13ന് ശേഷം ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. യോഗത്തിൽ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ഡപ്യൂട്ടി കലക്ടർ ടി.ജി.ഗോപകുമാർ, ഡിഎംഒ ഡോ.എൽ.അനിതകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com