ഊടും പാവുമിട്ടുള്ള പരമ്പരാഗത നെയ്ത്ത്; ജീവിത സ്വപ്നങ്ങൾ നെയ്തെടുത്ത തൊഴിൽ കൈവിട്ടുപോകാതെ വനിതകൾ

profession
പ്രേമ കേശവൻ - കെ ജി,ലീല
SHARE

ഏനാത്ത് ∙ പരമ്പരാഗത കൈത്തറികളുടെ താളംനിലച്ചെങ്കിലും ജീവിത സ്വപ്നങ്ങൾ നെയ്തെടുത്ത തൊഴിൽ കൈവിട്ടുപോകാതെ മുറുകെപ്പിടിക്കുകയാണ് കേരള ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള നെയ്ത്തുശാലയിലെ വനിതകൾ. വിരമിച്ചെങ്കിലും നെയ്ത്ത് ശാലയിലെത്തി ജീവിത സായാഹ്നത്തിലും തൊഴിലിനെ നെഞ്ചോടു ചേർക്കുകയാണ് 71 പിന്നിടുന്ന  കെ.ജി.ലീല.

15–ാം വയസ്സിൽ പഠിപ്പു നിർത്തേണ്ടിവന്നപ്പോൾ പഠിക്കുന്നില്ലെങ്കിൽ തൊഴിൽ എന്നതായിരുന്നു കാലഘട്ടത്തിന്റെ കൽപനയെന്ന് ലീല ഓർമിക്കുന്നു. അങ്ങനെ ജീവിത മാർഗം സ്വപ്നം കണ്ട് ചർക്കയോട് ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്ടിലധികമായെന്ന് ലീല പറഞ്ഞു. വീടിനു സമീപമായിരുന്നു ഗാന്ധിസ്മാരക നിധിയുടെ കീഴിൽ ആരംഭിച്ച ഏറത്ത് മണക്കാലയിലെ നെയ്ത്തു കേന്ദ്രം.

കയറും പായും നെയ്തിരുന്ന കേന്ദ്രം 1966ൽ ഗാന്ധി സ്മാരക നിധി ഏറ്റെടുത്ത ശേഷമാണ് പരമ്പരാഗത കൈത്തറി നെയ്ത്തുശാല പ്രവർത്തനം തുടങ്ങിയത്. കശുവണ്ടി ഫാക്ടറികൾ മുളച്ചു വരുംമുൻപ് ഒട്ടേറെ പേരുടെ ജീവിത മാർഗമായിരുന്നു പരമ്പരാഗത നെയ്ത്തു ശാലകൾ. പുനലൂരിൽ നിന്നെത്തി ഇവിടെ താമസിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നെയ്ത്ത്  ജീവിത മാർഗമാക്കിയിരിക്കുകയാണ് 62 പിന്നിടുന്ന പ്രേമ കേശവൻ. 15 വയസ്സുള്ളപ്പോൾ നാഗർകോവിലിലെ നെയ്ത്തുശാലയിൽ നിന്നാണ് നെയ്ത്തു പരിശീലിച്ചത്.

രണ്ടു കൈകാലുകൾ സമത്തിൽ ചലിപ്പിച്ച് നൂലുകൾ ഇഴ ചേർത്ത് പരമ്പരാഗത തറികളിൽ തുണി നെയ്തെടുക്കുന്നത് ശ്രമകരമായ ജോലി തന്നെയാണ്. നൂൽനൂൽക്കാൻ യന്ത്രമെത്തിയെങ്കിലും ആധുനിക മില്ലുകളോട് പൊരുതി നിൽക്കാൻ പരമ്പരാഗത കൈത്തറിക്ക് കഴിയാതെ വന്നു. കുറഞ്ഞ കൂലി കാരണം തൊഴിൽ മേഖല അന്യമായി. ഊടും പാവുമിട്ടുള്ള പരമ്പരാഗത നെയ്ത്തിൽ പരിശീലനം നേടുന്നവർ വിരളമായി. എങ്കിലും കൈത്തറികളുടെ താളം ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ കളം വിടാതിരിക്കുകയാണ് ഈ വനിതകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}