ADVERTISEMENT

റാന്നി ∙ മഹാപ്രളയം റാന്നിയെ തകർത്തെറിഞ്ഞിട്ട് ഇന്ന് നാലാം വർഷം. അതിജീവനത്തിന്റെ പാതയിൽ ജനം അതിവേഗം മുന്നേറിയെങ്കിലും നടുക്കുന്ന ഓർമകളോടെ മാത്രമേ ഓഗസ്റ്റ് 15നെ ജനം ഇന്നും കാണുന്നുള്ളൂ. 

2018 ഓഗസ്റ്റ് 15ന് ആണ് നാടിനെ നടുക്കിയ മഹാപ്രളയം ഒഴുകിയെത്തിയത്. റാന്നി ടൗൺ ഏറെക്കുറെ പൂർണമായി വെള്ളത്തിൽ മുങ്ങി. പമ്പാനദിയുടെ തീരങ്ങളിൽ താമസിക്കുന്നവരെല്ലാം ‌പ്രളയത്തിന്റെ ദുരിതം നേരിട്ടറിഞ്ഞവരാണ്. ഉടുതുണിയൊഴികെ എല്ലാം നഷ്ടപ്പെട്ടവർ ഏറെയായിരുന്നു. മൂന്നും നാലും ദിവസങ്ങൾക്കു ശേഷമാണ് താണ സ്ഥലങ്ങളിൽ കയറിക്കിടന്ന വെള്ളമിറങ്ങിയത്. ഇതിനകം പ്രളയത്തിൽ ഒഴുകിയെത്തിയ ചെളി നിരത്തുകളിലും വീടുകളിലും സ്ഥാപനങ്ങളിലും കടകളിലും അടിഞ്ഞിരുന്നു. നാടിന്റെ ദുരന്തം നേരിട്ടറിഞ്ഞ് കൈത്താങ്ങായെത്തിയവർ ഒട്ടേറെയാണ്. 

വീട് നഷ്ടപ്പെട്ടവർക്കും നാശം നേരിട്ടവർക്കും സർക്കാരും സന്നദ്ധ സംഘടനകളും അവ പുനർ നിർമിച്ചു നൽകി. എന്നാൽ ഒരു രൂപയുടെ സഹായം കിട്ടാത്തവർ‌ റാന്നിയിലെ വ്യാപാര സമൂഹമാണ്. ആകാശം ഇരുണ്ടുകൂടുമ്പോൾ റാന്നി ടൗണിലെ വ്യാപാരികളുടെ മനസ്സുകളിൽ ഇന്നും ആധിയാണ്. വീണ്ടും ഒരു മഹാപ്രളയം അതിജീവിക്കാനുള്ള കരുത്തും സമ്പാദ്യവും അവർക്കില്ല. മഹാപ്രളയത്തിൽ കോടികളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ഓണക്കച്ചവടത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചിരുന്നു. റാന്നി ടൗണിൽ വെള്ളം കയറാത്ത വ്യാപാര സ്ഥാപനങ്ങൾ ചുരുക്കമായിരുന്നു. സർക്കാർ തുടരെ കണക്കെടുപ്പുകൾ നടത്തിയിട്ടും നഷ്ടപരിഹാരം നൽകിയില്ല. ബാങ്കുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് പറഞ്ഞ അതിജീവന പാക്കേജും വെളിച്ചം കണ്ടില്ല. നഷ്ടത്തിന്റെ തോത് ഉയർന്നപ്പോൾ കോവിഡും തളർത്തി. പത്തോളം വ്യാപാരികൾ കച്ചവടം അവസാനിപ്പിച്ചു. ഇന്നും അട‍ഞ്ഞു കിടക്കുന്ന കടകളുണ്ട്.

നഷ്ടത്തെയോർത്ത് വിലപിച്ചിരിക്കാൻ ശേഷിച്ച വ്യാപാരികൾ തയാറായില്ല. കടം വാങ്ങിയും ബാങ്കുകളിൽനിന്ന് വായ്പയെടുത്തും അവർ കച്ചവടം വീണ്ടും തുടങ്ങി. അതിജീവനത്തിന്റെ പാതയിൽ‌ മുന്നേറ്റം നടത്തുമ്പോഴാണ് ജില്ലയിൽ ആദ്യമായി റാന്നിയിൽ കോവിഡ് സ്ഥിരീകരിച്ചത്. സർക്കാർ പ്രഖ്യാപിക്കും മുൻപേ ലോക്ഡൗൺ സ്വയം പ്രഖ്യാപിച്ച് വ്യാപാരികൾ കോവിഡിനെ പ്രതിരോധിക്കാൻ തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം വർധിച്ചതോടെ സർക്കാർ തുടരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നപ്പോൾ നഷ്ടത്തിന്റെ തോത് വീണ്ടും വർധിച്ചു. പിടിച്ചുനിൽക്കാനാകാതെ വ്യാപാര സമൂഹം വലയുകയായിരുന്നു. 

ലോക്ഡൗണിനുശേഷം കടകൾ തുറന്നിട്ടും കാര്യമായ കച്ചവടം വ്യാപാരികൾക്കു ലഭിച്ചിരുന്നില്ല. ഇപ്പോഴും 2018 ഓഗസ്റ്റ് 15ന് മുൻപുള്ള നിലയിലേക്ക് കച്ചവടം എത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില വർധന വ്യാപാരികൾക്ക് ഇരുട്ടടിയായി. പ്രളയത്തിൽ നൂറുകണക്കിനു വാഹനങ്ങളാണ് നശിച്ചത്. കാറുകളുടെ ഷോറൂമുകളിൽ കിടന്ന പുതിയവ അടക്കം വെള്ളം കയറി നശിച്ചിരുന്നു. ഇന്നും നന്നാക്കാതെ കിടക്കുന്ന വാഹനങ്ങളുണ്ട്. തെരുവോരങ്ങളിൽ എവിടെയെങ്കിലും കാടും പടലും മൂടി വാഹനങ്ങൾ കണ്ടാൽ പ്രളയത്തിന്റെ ബാക്കി പത്രമാണെന്നു കരുതണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com