ADVERTISEMENT

വള്ളിക്കോട് ∙ ബൈക്ക് യാത്രക്കാരന്റെ തലയിൽ കോൺക്രീറ്റ് സ്ലാബിന്റെ കമ്പി തുളച്ചുകയറി ഉണ്ടായ അപകടത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചു. മൂന്നു മണിക്കൂർ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വള്ളിക്കോട് തിയറ്റർ ജംക്‌ഷനിൽ ഞായറാഴ്ച രാവിലെ 10.30ന് ഉണ്ടായ അപകടത്തിൽ പനയക്കുന്ന് മുരുപ്പിൽ മൂശാരിയേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണന് (34) തലയിലൂടെ കമ്പി തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റിരുന്നു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യദു ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. വിവാഹ നിശ്ചയത്തിനുശേഷം നാളെ വിദേശത്തേക്കു മടങ്ങാനിരിക്കുകയായിരുന്നു യദു. പഞ്ചായത്ത് പ്രസിഡന്റ് മോഹൻ കുമാർ, മുരളീധര കുറുപ്പ്, ഭവാനിയമ്മ നിരവത്ത്, കമലമ്മ പെരുമ്പലത്തേത്ത്, പൊന്നമ്മ മൂശാരിയേത്ത്, വസന്തകുമാരി, ഓമനയമ്മ, ബാബു കടന്നൂർ, സുജിത്ത് മൂടിയിലേത്ത് എന്നിവർ പ്രസംഗിച്ചു.

രാവിലെ 10ന് കോന്നി-ചന്ദനപ്പള്ളി, വി.കോട്ടയം-വള്ളിക്കോട് എന്നീ റോഡുകൾ സംഗമിക്കുന്ന ഭാഗത്തും ഉപരോധിച്ചു. പത്തനംതിട്ട സിഐ ജിബു ജോണും ഡിവൈഎസ്പി സി. നന്ദകുമാറും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും കലക്ടർ നേരിട്ട് എത്താതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു. ഡിവൈഎസ്പി ഈ വിവരം ജില്ലാ പൊലീസ് മേധാവി, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, എന്നിവരെ വിവരം അറിയിച്ചു. 12.30ന് കലക്ടറുടെ പ്രതിനിധിയായി കോന്നി തഹസിൽദാർ എൻ. രാമദാസ് എത്തി. റോഡിന്റെ അശാസ്ത്രീയത മരാമത്ത് വിജിലൻസ് വിഭാഗം പരിശോധിച്ചു.

മന്ത്രിക്ക് പരാതി നൽകി

കോന്നി ∙ ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച ചൂണ്ടിക്കാട്ടി കെ.യു.ജനീഷ് കുമാർ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പരാതി നൽകി. പലതവണ യോഗം ചേർന്നും നേരിട്ട് സ്ഥലത്തെത്തിയും റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ നടപടി ഉണ്ടായില്ല. അതിനാൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് റോഡപകടത്തിന്റെ ഉത്തരവാദികളെന്നും എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com