ADVERTISEMENT

തിരുവല്ല ∙ ആറന്മുള വള്ളസദ്യയും കഴിച്ച്, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായും ആറന്മുള പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര എന്ന ടാഗ് ലൈനിൽ യാത്ര ഒരുക്കുന്നത്. ചെങ്ങന്നൂർ, ചങ്ങനാശേരി, കോഴഞ്ചേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങളുള്ളത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണു പാണ്ഡവ ക്ഷേത്രങ്ങൾ.

ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. യാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കുന്ന ദുർഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും സന്ദർശിക്കും. ആറന്മുള പള്ളിയോട സേവാസംഘത്തിന്റ നേതൃത്വത്തിൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറന്മുള വള്ളസദ്യയിലെ ചടങ്ങുകളിലും സദ്യയിലും തീർഥാടകർക്കു പങ്കെടുക്കാം. ആറന്മുളക്കണ്ണാടിയുടെ നിർമാണം കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവുമുണ്ടാകും.

കണ്ണൂർ മുതൽ പാറശാല വരെയുള്ള ഡിപ്പോകളിൽ നിന്നു വരുംദിവസങ്ങളിൽ സർവീസ് നടത്താനാണ് കെഎസ്ആർ‌ടിസി തീരുമാനിച്ചിരിക്കുന്നത്. 20ന് നെയ്യാറ്റിൻകര, കൊല്ലം, 21ന് ചാലക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം എത്തും. തൃച്ചിറ്റാറ്റ്, ആറന്മുള, തൃക്കൊടിത്താനം, കവിയൂർ എന്നീ ക്ഷേത്രങ്ങളിൽ നാളെ തീർഥാടകർക്ക് ക്ഷേത്ര ഉപദേശക സമിതികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com