ADVERTISEMENT

പത്തനംതിട്ട ∙ അശാസ്ത്രീയ റോഡ് നിർമാണത്തിന്റെ ഇരയായ, വള്ളിക്കോട് പനയക്കുന്ന് മുരുപ്പേൽ മൂശാരേത്ത് വീട്ടിൽ യദു കൃഷ്ണൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽതന്നെ. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന യദുവിനെ തുടർചികിത്സയ്ക്കായി ഇന്നലെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാഴ്ച മുൻപ് വള്ളിക്കോട് തിയറ്റർ ജംക്‌ഷന് സമീപം റോഡിൽ പാകിയിരുന്ന പൂട്ടുകട്ടയിൽ തെന്നി, സമീപത്തെ മൂടിയില്ലാത്ത ഓടയോട് ചേർന്നുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിലെ ഇരുമ്പ് കമ്പിയുടെ മുകളിലേക്ക് വീണാണ് യദുവിന് പരുക്കേറ്റത്. കമ്പി തലയിൽ കുത്തിക്കയറി ഗുരുതരമായി മുറിവേറ്റ യദുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ഇപ്പോൾ വലത് കാലും കയ്യും ചലിച്ചുതുടങ്ങിയെങ്കിലും യദുവിന് ആരെയും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 7 ലക്ഷത്തിലേറെ രൂപയാണ് യദുവിന്റെ ചികിത്സയ്ക്കായി ചെലവായത്. തുടർചികിത്സയ്ക്കും ഭീമമായ തുക ആവശ്യമാണ്.

അപകടം നടന്നതിന്റെ അടുത്ത ദിവസം നാട്ടുകാർ ചേർന്ന് റോഡ് ഉപരോധിച്ചിരുന്നു. ഇതെത്തുടർന്ന് ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്ന് റോഡ് നിർമാണ കരാറുകാരൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന് യദുവിന്റെ വീട്ടുകാർ പറയുന്നു. ജനീഷ്കുമാർ എംഎൽഎയും കലക്ടർ ഡോ.ദിവ്യ എസ്.അയ്യരും വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ ഇവരുടെ ഇടപെടലുകളും ഇതുവരെ ഫലം ചെയ്തിട്ടില്ല. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും കൈകോർത്ത് സമാഹരിച്ച തുക ഉപയോഗിച്ചാണ് ഇപ്പോഴും ചികിത്സാച്ചെലവുകൾ    നടത്തുന്നത്.

കാശിനാഥിന്റെ പ്രാർഥനദൈവങ്ങൾ കേൾക്കട്ടെ

അമ്പോറ്റീ, കൊച്ചച്ഛനെ കാത്തോണേ...’, യദുവിനായുള്ള രണ്ടര വയസ്സുകാരൻ കാശിനാഥിന്റെ പ്രാർഥനയാണിത്. അപകടം സംഭവിക്കുമ്പോൾ യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്നത് കാശിനാഥാണ്. ഓടയിലേക്ക് വീണ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

അപകടം സംഭവിച്ച് 18 ദിവസം കഴിഞ്ഞിട്ടും ഒരിക്കൽ മാത്രമാണ് അമ്മ ഷീലാകുമാരി യദുവിനെ കണ്ടത്. ‘അനക്കമില്ലാതെ വെന്റിലേറ്ററിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ കണ്ടയുടൻ ശംഭുവേ എന്നൊന്ന് വിളിച്ചു തലോടി, എന്റെ കയ്യിൽ അവൻ അപ്പോഴേക്കും മുറുക്കെപ്പിടിച്ചു. കാശിനാഥിന്റെ അച്ഛൻ സുജിത്തും ഉറക്കെപ്പറഞ്ഞു, ‘നിന്റൊപ്പം ഞാനുമുണ്ടെടാ’ എന്ന്. അനക്കമില്ലാതെ കിടന്ന യദു അപ്പോൾ വിങ്ങിക്കരഞ്ഞു’. അപകടശേഷം യദു ആദ്യമായി ചലിച്ചത് അപ്പോഴാണെന്നും ഷീലാകുമാരി ഓർക്കുന്നു.

കോവിഡ് വ്യാപനത്തെത്തുടർന്ന് നാട്ടിലേക്ക് വന്ന യദു വിദേശത്തേക്ക് മടങ്ങിപ്പോകാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ മൂന്നാം ദിവസം യദുവിന്റെ വിവാഹനിശ്ചയവും തീരുമാനിച്ചിരുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com