ADVERTISEMENT

പെരുനാട് (പത്തനംതിട്ട) ∙ തെരുവുനായ കടിച്ചതിനെത്തുടർന്നു പേവിഷബാധയേറ്റു മരിച്ച 12 വയസ്സുകാരി അഭിരാമിക്കു ചികിത്സ നൽകുന്നതിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നു പരാതി.അഭിരാമിയുടെ മാതാപിതാക്കളായ മന്ദപ്പുഴ ചേരർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷ്കുമാറും കെ.ആർ.രജനിയും വല്യച്ഛൻ ളാഹ ശശിയും പറഞ്ഞത്: കുഞ്ഞിനെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. കേന്ദ്രം തുറന്നിരുന്നില്ല. അവിടെയുണ്ടായിരുന്ന പൊലീസ് പറഞ്ഞപ്രകാരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. കോവിഡ് പരിശോധനയ്ക്കായും പേവിഷബാധ പ്രതിരോധ കുത്തിവയ്പിനായും അവിടെ ഏറെനേരം കാത്തിരിക്കേണ്ടിവന്നു.

മുറിവ് കഴുകി വൃത്തിയാക്കാൻ ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ല. അലക്കു സോപ്പ് വാങ്ങാൻ ഞങ്ങൾ കടയിലേക്ക് ഓടേണ്ടിവന്നു. സോപ്പുമായി എത്തിയപ്പോൾ ഡോക്ടർ നഴ്സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. എന്നാൽ, നഴ്സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.  ആരോഗ്യനില െമച്ചപ്പെട്ടപ്പോൾ അവിടെനിന്നു വിട്ടയച്ചു. 

എന്നാൽ ഒന്നാം തീയതി വീണ്ടും പ്രശ്നങ്ങളുണ്ടായപ്പോൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ല. തിരികെ വീട്ടിലെത്തിയപ്പോൾ  വഷളായി. പിറ്റേദിവസം വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോയി. അന്നാണ് കോട്ടയത്തേക്കു റഫർ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും അഭിരാമി തീർത്തും അവശയായിരുന്നു. കടിയേറ്റ അന്നു തന്നെ ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്തിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നെന്ന് കോട്ടയത്തെ ഡോക്ടർമാർ പറഞ്ഞു.സ്രവ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിൾ അയയ്ക്കാൻ 3 പോസ്റ്റ് ഓഫിസുകളിൽ കയറിയിറങ്ങി. പിന്നീട് മെഡിക്കൽ കോളജിൽനിന്നു വിളിച്ചു സ്രവം തിരികെക്കൊണ്ടുവരാൻ പറഞ്ഞു. അതിനുശേഷമാണു കുട്ടികളുടെ ആശുപത്രിയിൽനിന്ന് സ്രവം അയച്ചത്. പരിശോധനാ ഫലം ലഭിക്കാതെ കുഞ്ഞിന് കൂടുതൽ ചികിത്സ നൽകാനാകില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com