ADVERTISEMENT

ശബരിമല∙അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ വഴിവിളക്കുകൾ ഇനി ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ മാത്രം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡാണ് പുതിയ തീരുമാനം എടുത്തത്. ക്ഷേത്ര പരിസരം ഒഴികെ എല്ലാ ഭാഗത്തെയും വഴിവിളക്കുകൾ കത്തിക്കുന്നത് ഇന്നലെ മുതൽ നിർത്തി. വന്യമ‍ൃഗശല്യം ഏറെയുള്ള ഇവിടെ കൂരിരുട്ടിൽ ഭയന്നാണു പൊലീസ്, ദേവസ്വം, വനം ജീവനക്കാർ ജോലി ചെയ്യുന്നത്. മണ്ഡല മകരവിളക്ക് തീർഥാടനം ഉൾപ്പെടെ ഒരു വർഷം 146 ദിവസമാണ് പൂജകൾക്കായി ക്ഷേത്രനട തുറക്കുന്നത്. ഈ ദിവസങ്ങളിൽ മാത്രമാകും ഇനി വഴിവിളക്ക് കത്തിക്കുക.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ദേവസ്വം ബോർഡിന് ഒരു മാസം 6 മുതൽ 7 ലക്ഷം രൂപ വരെ വൈദ്യുതി ബിൽ ഇനത്തിൽ ചെലവുണ്ട്. തീർഥാടകർ ഇല്ലാത്ത സമയത്ത് വിളക്കുകൾ കത്തിക്കുന്നത് പാഴ്ചെലവാണെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.പല സ്ഥലങ്ങളിലും പകൽ സമയത്തും വിളക്കുകൾ കത്തിക്കിടക്കാറുണ്ട്. മാസ പൂജ കഴിഞ്ഞു നട അടച്ചാൽ വീണ്ടും തുറക്കുന്നതു വരെ ഏതാനും ഓഫിസുകളിലെ ജീവനക്കാരും പൊലീസും വനപാലകരും മാത്രമാണുള്ളത്. അതിനാൽ ക്ഷേത്ര പരിസരം, അത്യാവശ്യം വേണ്ട ഏതാനും സ്ഥലം എന്നിവ ഒഴികെ വഴിവിളക്കു കത്തിക്കേണ്ടതില്ലന്ന് ദേവസ്വം ബോർഡ് കെഎസ്ഇബിയെ അറിയിച്ചു.

ശബരിമല , മാളികപ്പുറം ക്ഷേത്ര പരിസരം, മരാമത്ത് ഓഫിസ്, സന്നിധാനം പൊലീസ് സ്റ്റേഷൻ, താഴെ തിരുമുറ്റം, പമ്പ ഗണപതികോവിൽ പരിസരം., പമ്പ മരാമത്ത് ഓഫിസ്, ത്രിവേണിയിലെ പമ്പ പൊലീസ് സ്റ്റേഷൻ, പെട്രോൾ പമ്പ് ,നിലയ്ക്കൽ ,പള്ളിയറക്കാവ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ മാത്രമാണ് ഇന്നലെ വഴിവിളക്ക് കത്തിച്ചത്. പമ്പാ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളിൽ വഴിവിളക്ക് തെളിക്കാത്തത് സ്ഥിരം ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കി. ഭക്ഷണം കഴിക്കാൻ പോലും മുറിക്കു പുറത്തിറങ്ങാൻ ജീവനക്കാർ ഭയപ്പെട്ടു. സന്നിധാനത്തു കടുവ ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ശല്യമുണ്ട്. തീറ്റയ്ക്കായി ബിഎസ്എൻഎൽ ഓഫിസിന് എതിർവശത്ത് അഴിച്ചു വിട്ട പശുക്കളെ രണ്ട് മാസം മുൻപ് കടുവ പിടിച്ചിരുന്നു.

വഴിവിളക്ക് ഇല്ലാതെ വന്നാൽ വന്യമൃഗങ്ങൾ താഴെ തിരുമുറ്റം, നടപ്പന്തൽ ഭാഗങ്ങളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നാണ് വനപാലകരുടെ വിലയിരുത്തൽ. ഇത് ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.അതേ സമയം ദേവസ്വം ബോർഡിനു താങ്ങാൻ കഴിയാത്ത വിധത്തിൽ വൈദ്യുതി ചാർജ് വളരെ കൂടുതലാണെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.പമ്പ-സന്നിധാനം പാത, പാണ്ടിത്താവളം, ചാലക്കയം-പമ്പ റോഡ് തുടങ്ങി അനാവശ്യമായി പല സ്ഥലങ്ങളിലും വഴിവിളക്കുകൾ രാത്രിയും പകലും ഒരുപോലെ കത്തിക്കിടക്കുന്നു .അതിനാൽ അത്യാവശ്യം വേണ്ട സ്ഥലങ്ങളിൽ ഒഴികെ തൽക്കാലത്തേക്ക് വഴിവിളക്കുകൾ കത്തിക്കേണ്ടതില്ലെന്നു നിർദേശം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല തീർഥാടനം:തിരുവനന്തപുരത്ത് ഇന്ന് അവലോകന യോഗം

പത്തനംതിട്ട∙ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ മരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഇന്നു തിരുവനന്തപുരത്തു നടക്കുന്ന യോഗത്തിൽ മരാമത്ത് വകുപ്പിന് കീഴിലെ നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. വൈകിട്ട് 3.30ന് നടക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ലയിലെ മന്ത്രി, എംപി, എംഎൽഎമാർ തുടങ്ങി ജനപ്രതിനിധികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടർമാർ ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com