ADVERTISEMENT

റാന്നി പെരുനാട് ∙ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കുറിപ്പെഴുതിവച്ചിട്ടു മരിച്ച മഠത്തുംമൂഴി മേലതിൽ എം.എസ്.ബാബു 6 മാസമായി നിരന്തരം ഭീഷണി നേരിട്ടിരുന്നെന്ന് കുടുംബം പറയുന്നു. മഠത്തുംമൂഴി ജംക്‌ഷന് സമീപമുള്ള ബാബുവിന്റെ സ്ഥലത്തിൽ കുറെ സാന്ത്വന പരിചരണ യൂണിറ്റിന് കെട്ടിടം നിർ‌മിക്കനാണ് ആദ്യം ആവശ്യപ്പെട്ടത്. ഇതിനു ബാബുവും കുടുംബവും തയാറാകാതിരുന്നപ്പോഴാണ് പിന്നീട് കാത്തിരിപ്പു കേന്ദ്രവും ശുചിമുറി സമുച്ചയവും നിർമിക്കണമെന്ന ആവശ്യവുമായി നേതാക്കൾ കുടുംബത്തെ സമീപിച്ചത്. ഒപ്പിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് 200 രൂപ മുദ്രപ്പത്രവുമായി സ്ഥിരം ബാബുവിനെ സമീപിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ബാബുവിന്റെ 2 പെൺമക്കളും കുടുംബവും യുകെയിലാണ്.

അവരിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി സഹകരണ ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. ഇതിൽ ഒരാൾ ഓണത്തിനു നാട്ടിലെത്തിയിരുന്നു. മകളെയും ബാബു വിവരം ധരിപ്പിച്ചിരുന്നു. ബാബുവിന് മഠത്തുംമൂഴിയിൽ കടമുറികളുണ്ട്. ഇതോടു ചേർന്ന് നിർമിക്കുന്ന കടമുറികളുടെ പണിയുടെ കരാറാണ് ആവശ്യപ്പെട്ടിരുന്നത്. സ്വന്തം തോട്ടത്തിൽ ടാപ്പിങ്ങിനു പോകാത്ത ദിവസങ്ങളിൽ ബാബുവും ഭാര്യ കുസുമകുമാരിയും പ്രഭാത നടത്തത്തിനു പോകും. ഇന്നലെ രാവിലെ ബാബു തോട്ടത്തിലേക്കെന്നു പറഞ്ഞാണ് പോയത്. ഇവിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി

റാന്നി പെരുനാട് ∙ മഠത്തുംമൂഴി മേലേതിൽ ബാബുവിന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ വലിയപാലം ജംക്‌ഷനിൽ പ്രതിഷേധ യോഗം നടത്തി. ഡിസിസി പ്രസി‍ഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മാമ്പാറ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, സന്ധ്യ രവീന്ദ്രൻ, അരവിന്ദ് വെട്ടിക്കൽ, ഷിബു തോണിക്കടവിൽ, ജയ്സൺ പെരുനാട്, പി.ടി.രാജു, അനൂപ്, ആശിഷ് പാലയ്ക്കാമണ്ണിൽ, ഷിയാസ് എന്നിവർ പ്രസംഗിച്ചു.

ധിക്കാര രാഷ്ട്രീയത്തിന് തെളിവ്: കോൺഗ്രസ്

പത്തനംതിട്ട ∙ പെരുനാട് മഠത്തുംമൂഴി സ്വദേശി കൂനംകര മേലേതിൽ എം.എസ്.ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. ബാബുവിന്റെ സ്ഥലം ഭീഷണിപ്പെടുത്തി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ബലമായി ഏറ്റെടുക്കാനും അദ്ദേഹത്തെ ഒറ്റപ്പെടുത്താനുമുള്ള സിപിഎം നീക്കത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇത് സിപിഎമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിന് തെളിവാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള സാധ്യത ഉള്ളതിനാൽ ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി റാന്നി പെരുനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.
ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി റാന്നി പെരുനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

ഗൃഹനാഥന്റെ മരണം: സമരവുമായി ബിജെപി

റാന്നി പെരുനാട് ∙ സിപിഎം നേതാക്കളുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സോമസുന്ദരൻ പിള്ള അധ്യക്ഷതവഹിച്ചു. ഗോപാലകൃഷ്ണൻ കർത്ത, സന്തോഷ്കുമാർ തെക്കുംമല, മഞ്ജുള ഹരി, രഘുനാഥ് എന്നിവർ പ്രസംഗിച്ചു.

ശുചിമുറി– വിശ്രമ സമുച്ചയം:വിശദീകരണവുമായി പഞ്ചായത്ത്

റാന്നി ∙ 1987ൽ മഠത്തുമൂഴി പാലത്തിന്റെ സമീപനപാതയോട് ചേർന്ന് നിർമിച്ച കാത്തിരിപ്പ് കേന്ദ്രം നിലനിൽക്കുന്ന സ്ഥലത്തുതന്നെയാണ് പുതിയ ശുചിമുറി– വിശ്രമ സമുച്ചയം നിർമിക്കാൻ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ. ഇതിന് കൂടുതൽ സ്ഥലം ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് സ്ഥലം ഉടമ ബാബുവുമായി ചർച്ചകൾ നടത്തിയിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ പറഞ്ഞു.

എന്നാൽ, പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബാബുവും കുടുംബവും തർക്കമുന്നയിച്ചപ്പോൾ വില്ലേജ് ഓഫിസർ ചുമതലപ്പെടുത്തിതനുസരിച്ച് താലൂക്ക് സർവെയർ സ്ഥലം അളന്നുതിരിച്ച് അതിരു നിശ്ചയിച്ചിരുന്നു. ഇതിന് ബാബുവിന്റെ ഭാഗത്തുനിന്ന് പൂർണ സമ്മതമുണ്ടായിരുന്നു. ബാബുവിന്റെ കുറച്ചു സ്ഥലം വിട്ടുനൽകുന്നതിന് പകരമായി പഞ്ചായത്തിന്റെ സ്ഥലം ബാബുവിന് കൈമാറുന്ന കാര്യവും തത്വത്തിൽ ധാരണയായിരുന്നെന്നും പി.എസ്.മോഹനൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com