ADVERTISEMENT

പത്തനംതിട്ട ∙ ഇന്ന് ലോക റേബിസ് ദിനം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കുള്ള റേബിസ് വൈറസ് ബാധ ചെറുക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ബ്രേക്ക് ദ് ചെയിൻ ഉദ്യമത്തിലെ സജീവ പങ്കാളിത്തതിലൂടെയാണ് നമ്മുടെ ജില്ല റേബിസ് ദിനാചരണത്തിന്റെ ഭാഗമാകുന്നത്. വളർത്തുനായ്ക്കൾക്കും തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധം നൽകുക, തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുക, അവയെ വന്ധ്യംകരിക്കുക എന്നീ പ്രവർത്തനങ്ങളാണ് ഈ ബ്രേക്ക് ദ് ചെയിൻ ഉദ്യമം ലക്ഷ്യംവയ്ക്കുന്നത്. 2019ലെ സെൻസസ് പ്രകാരം ജില്ലയിൽ 61,183 വളർത്തുനായ്ക്കളും 14,080 തെരുവുനായ്ക്കളും ഉണ്ടെന്നാണ് കണക്കാക്കുന്നത്. 

നിലവിൽ ഇതിൽനിന്ന് 30 മുതൽ 50 ശതമാനം വരെ വർധനയുണ്ടാകും. ഇതിൽ 80 ശതമാനം നായ്ക്കൾക്കെങ്കിലും സമയബന്ധിതമായി വാക്സീൻ നൽകുക എന്നതാണ് മൃഗസംരക്ഷണ വകുപ്പിനു മുന്നിലുള്ള വെല്ലുവിളി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്നലെ വരെ ജില്ലയിൽ 36,200 വളർത്തുനായ്ക്കൾക്ക് വാക്സീൻ നൽകിയിട്ടുണ്ട്. എന്നാൽ തെരുവുനായ്ക്കളെ പിടികൂടാനുള്ള സംവിധാനങ്ങൾ ജില്ലയിൽ കാര്യക്ഷമമല്ലാത്തതിനാൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സന്നദ്ധ പ്രവർത്തകരും മറ്റും എത്തിച്ച 100ൽ ഏറെ തെരുവുനായ്ക്കൾക്ക് ഈകാലയളവിൽ ജില്ലയിൽ വാക്സീൻ നൽകിയിട്ടുണ്ട്. 

തെരുവുനായ്ക്കളെ പിടികൂടുന്നതിനായി വിവിധ പഞ്ചായത്തുകളിൽ നിന്ന് തിര‍ഞ്ഞെടുത്ത 50 പേർക്ക് ഇന്നലെയും ഇന്നുമായി തിരുവല്ല മഞ്ഞാടിയിൽ നായപിടുത്തത്തിനുള്ള പരിശീലനം നൽകുന്നുണ്ട്. ഇവർ പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് പഞ്ചായത്തുകൾ നായപിടുത്തതിന് ആവശ്യമായ ‘ബട്ടർഫൈ നെറ്റുകൾ’ ലഭ്യമാക്കിയാൽ തെരുവുനായ്ക്കളെ പിടികൂടാനും അവയ്ക്ക് വാക്സീൻ ‍നൽകാനും കഴിയുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പ്. മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് നായ്ക്കളുടെ വന്ധ്യംകരിക്കൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സെന്ററുകൾ ജില്ലയിൽ പ്രവർത്തനക്ഷമമല്ലെന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. 

ജില്ലയിലെ തെരുവോരങ്ങളിൽ ഇപ്പോൾ അലഞ്ഞുനടക്കുന്ന നായ്ക്കളിൽ ജർമൻ ഷെപ്പേഡ് ഉൾപ്പെടെയുള്ള വളർത്തുനായ്ക്കളും ഉൾപ്പെടുന്നുണ്ടെന്നതും വെല്ലുവിളിയാണ്. അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയെ ആക്രമിച്ചതും ഇത്തരത്തിൽ ഒരു നായ ആയിരുന്നു. രോഗാവസ്ഥയിലാകുന്ന വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നതാണ് ഈ പ്രശ്നത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവണതകൾ അവസാനിപ്പിക്കാനുള്ള നടപടികൾകൂടി ഉണ്ടായാൽ മാത്രമേ ഈ ഉദ്യമം വിജയത്തിലെത്തൂ.

നായ്ക്കളുടെ കടിയേറ്റാൽ...

∙ നായ്ക്കളുടെ ആക്രമണത്തിന് ഇരയായി എത്തുന്നവരെ എ,ബി,സി എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണ് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്നത്. 

എ വിഭാഗം

നായയെ സ്പർശിക്കുക, മുറിവോ മറ്റ് ക്ഷതങ്ങളോ ഇല്ലാത്ത ശരീര ഭാഗങ്ങളിൽ നായ നക്കുക തുടങ്ങിയവ. നായയുമായി സമ്പർക്കത്തിൽ വന്ന ശരീരഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക എന്നതാണ് ഇതിനുള്ള പ്രതിരോധ പ്രവർത്തനം.

ബി വിഭാഗം

മുറിവോ മറ്റ് ക്ഷതങ്ങളോ ഉള്ള ശരീരഭാഗങ്ങളിൽ നായ നക്കുക, നായയുടെ ഉമിനീരുമായി സമ്പർക്കത്തിൽ വരിക, ആക്രമണത്തിൽ രക്തം പൊടിയാത്ത തരത്തിലുള്ള മുറിവുകൾ സംഭവിക്കുക തുടങ്ങിയവയാണ് ബി വിഭാഗത്തിൽ വരുന്നത്. നായയുമായി സമ്പർക്കത്തിൽ വന്ന ശരീരഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുന്നതിനൊപ്പം കടിയേറ്റ ദിവസവും തുടർന്ന് വരുന്ന 3–7–28 ദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുക എന്നതുമാണ് ഈ വിഭാഗക്കാർക്ക് നിർദേശിക്കപ്പെടുന്ന ചികിത്സ. 

സി വിഭാഗം

നായയുടെ ആക്രമണത്തിൽ ആക്രമണത്തിൽ രക്തം പൊടിയുന്ന തരത്തിലുള്ള മുറിവുകൾ സംഭവിക്കുക. ബി വിഭാഗക്കാർക്ക് പറഞ്ഞ എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കുമൊപ്പം മുറിവിന് ചുറ്റും ‘എറിഗ്’ വാക്സീൻ എടുക്കുക. പ്രതിരോധ മരുന്നുകൾ ശരീരത്തിൽ പേവിഷത്തിനെതിരായ ആന്റിബോഡി രൂപപ്പെടുത്തുന്നതുവരെയുള്ള കാലയളവിൽ രോഗിക്ക് സംരക്ഷണം ഉറപ്പാക്കാനാണ് എറിഗ് വാക്സീൻ നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com