ADVERTISEMENT

തിരുവല്ല ∙ മൂന്നാം തലമുറയെയും കണ്ട സന്തോഷത്തിൽ ആയാംകുടി കുട്ടപ്പമാരാർ. കഥകളി, ചെണ്ട, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം മികവു തെളിയിച്ച വാദ്യകലാകാരന് ഇത് 92 വയസ്സിന്റെ നിറവ്. സംസ്ഥാന സർക്കാരിന്റെ 2008ലെ വാദ്യകലാരത്നം പല്ലാവൂർ അപ്പുമാരാർ പുരസ്കാരം ഉൾപ്പെടെ ഇരുനൂറോളം പുരസ്കാരങ്ങൾ നേടിയ ഈ കലാകാരന് തന്റെ ജന്മം ശ്രീവല്ലഭന്റെ ദാനം ആണെന്നാണു വിശ്വാസം. അതിന് ആധാരമായ കഥ കൂടി അദ്ദേഹം വിവരിക്കും. ക്ഷേത്രത്തിലെ കഴകവും അനുബന്ധ ജോലികളും ചെയ്തു വന്ന ആയാംകുടി കുഞ്ഞൻ മാരാർക്കും ഭാര്യ നാരായണിയമ്മക്കും മൂന്നു പെൺമക്കളാണ് തുടർച്ചയായി ഉണ്ടായത്.

ഒരു പുത്രൻ വേണമെന്ന ആഗ്രഹം കലശലായതോടെ കുഞ്ഞൻമാരാർ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ കഥകളി വഴിപാടായി നടത്താൻ തീരുമാനിച്ചു. അതിനു ശേഷമാണ് മീനത്തിലെ തിരുവോണം നാളിൽ ഒരു പുത്രൻ ജനിച്ചത്. അങ്ങനെ ലഭിച്ചതാണ് പുത്രൻ എന്ന തോന്നലിൽ മകന്റെ ചോറൂണ് പോലും ഇവിടെയാണ് അദ്ദേഹം നടത്തിയത്. അതിനു ശേഷം ഒരു മകൾ കൂടി കുഞ്ഞൻമാരാർക്ക് ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പിതാവിന് ഒപ്പം ക്ഷേത്രത്തിലെ ജോലികളിൽ ഏർപ്പെട്ട കുട്ടപ്പമാരാർ അവിടെ നടക്കുന്ന ചെണ്ട മേളത്തിലും മറ്റും പങ്കാളിയായി മാറി.

അതിനൊപ്പം തന്നെ ആയാംകുടി കൃഷ്ണക്കുറുപ്പിന്റെ ശിഷ്യത്വം സ്വീകരിച്ച് ചെണ്ടയും ഇടയ്ക്കയും അഭ്യസിച്ചു. തേർവഴി അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിൽ പഞ്ചവാദ്യവും പഠിച്ചു.മതിൽഭാഗം മുറിയായിക്കൽ സുമതിക്കുട്ടിയമ്മയെ വിവാഹം ചെയ്ത് തിരുവല്ലയിൽ എത്തിയതോടെ കഥകളി രംഗത്തും അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. ഇവിടുത്തെ കലാരംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമായി. ആറന്മുള വിജ്ഞാന കലാവേദി, തിരുവനന്തപുരം മാർഗി കഥകളി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും അദ്ദേഹം കുറെക്കാലം ജോലി നോക്കി.

ജർമനിയും ഇംഗ്ലണ്ടും അടക്കം നിരവധി രാജ്യങ്ങളിൽ കലാപ്രവർത്തനവുമായി പോയിട്ടുള്ള ഈ കലാകാരന് കുറൂർ വാസുദേവൻ നമ്പൂതിരിയടക്കം നിരവധി ശിഷ്യന്മാരും സമ്പത്തായി ഉണ്ട്.ഒൻപതു വർഷം മുൻപ് ഭാര്യ മ‍രിച്ചു. രണ്ട് ആൺ‍മക്കളും രണ്ട് പെൺമക്കളും ഉളള ഇദ്ദേഹത്തിന് ആൺമക്കളിൽ മൂത്തവനായ കലാഭാരതി ഉണ്ണിക്കൃഷ്ണൻ തന്റെ കലാരംഗത്തെ പിന്തുടരാൻ ഉണ്ടെന്നു‍ പറയുമ്പോൾ വല്ലാത്ത തിളക്കം ആ കണ്ണുകളിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com