ADVERTISEMENT

തിരുവല്ല∙ ഇടിഞ്ഞില്ലത്തിനു സമീപം  വ്യാപാരിയെ ബന്ദിയാക്കി പണം തട്ടാൻ ശ്രമിച്ച  3 പ്രതികളിൽ രണ്ടുപേർ റൗഡി ലിസ്റ്റിൽപ്പെട്ട ക്രിമിനലുകൾ. കാവുംഭാഗം വേങ്ങൽ ആലുംതുരുത്തി സ്വദേശികളായ മാങ്കുളത്തിൽ ഷിജോ വർഗീസ് (അപ്പു - 22), കഴുപ്പിൽ രാഹുൽ കൊച്ചുമോൻ (24), വാഴയിൽ ബസ്റ്റിൻ മാത്യു (19) എന്നിവരെയാണ് തിരുവല്ല  പൊലീസ് പിടികൂടിയത്.  തിരുവല്ല കാവുംഭാഗം പെരുന്തുരുത്തി ഇടിഞ്ഞില്ലം കൊച്ചേട്ടുതാഴ്ചയിൽ ഷൈജുവിനെയാണ് ഇവർ ബന്ദിയാക്കിയത്.

അലങ്കാരകല്ലുകളുടെയും മറ്റും വിൽപന നടത്തുന്നയാളാണു ഷൈജു.  കഴിഞ്ഞദിവസം രാത്രി 8 മണിയോടെ, വേങ്ങൽ ആലംതുരുത്തി സ്കൂളിനു സമീപമുള്ള ഷൈജുവിന്റെ ഗോഡൗണിൽ കടന്ന് ഷൈജുവിന്റെ കഴുത്തിൽ വടിവാൾ വച്ചും കളിത്തോക്ക് ചൂണ്ടിയും മൂന്നുലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നാണു കേസ്.  രണ്ടുമണിക്കൂറോളം ഇവർ സ്ഥലത്തു  ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. 

ഒന്നാം പ്രതി ഷിജോ വർഗീസ്, രണ്ടാം പ്രതി രാഹുൽ കൊച്ചുമോൻ എന്നിവർ  വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതികളാണ്. തിരുവല്ല പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ  കഴിഞ്ഞവർഷമാണ് ഇരുവരെയും  ഉൾപ്പെടുത്തിയത്. തിരുവല്ല സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതി നല്ല നടപ്പിന് വിധിച്ചശേഷം ജാമ്യത്തിലിറങ്ങിയായിരുന്നു ഇവരുടെ അക്രമമെന്നും  പൊലീസ് പറഞ്ഞു.

പണം ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച ഷൈജുവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഷൈജുവിന്റെ ഡ്രൈവർ മണികണ്ഠനെ മറ്റു രണ്ടുപേരും ചേർന്നു മർദിച്ചു. ഗോഡൗൺ പരിസരത്തു കിടന്ന 3 ലോറികളുടെയും ജെസിബിയുടെയും ടയറുകളും ഇവർ നശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഷിജോയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് രണ്ടു പ്രതികളെ രാത്രി തന്നെ പിടികൂടുകയും ആയുധങ്ങൾ ഷിജോയുടെ വീട്ടിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു.

കേസുകളേറെ

ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹളയുണ്ടാക്കൽ, സ്ഫോടകവസ്തു നിയമലംഘനം ഉൾപ്പെടെ തിരുവല്ല പൊലീസ് സ്റ്റേഷനിലും ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹളയുണ്ടാക്കൽ, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം എന്നീകേസുകളിൽ വൈക്കും സ്റ്റേഷനിലും ഷിജുവിനെതിരെ കേസുണ്ട്. കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും  സ്ഫോടകവസ്തു നിയമലംഘനം, ലഹളയുണ്ടാക്കൽ, അതിക്രമിച്ചുകടക്കൽ തുടങ്ങിയ കേസുകളിലും ഷിജോ വർഗീസ് പ്രതിയാണ്. രാഹുലിന് തിരുവല്ല, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ഇതേ വകുപ്പുകൾ ഉൾപ്പെട്ട കേസുകളുണ്ട്. ബസ്റ്റിൻ മാത്യു തിരുവല്ല സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ്. ഇൻസ്പെക്ടർ പി.എസ്.വിനോദ്, എസ്ഐ നഹാദ്, എസ്‌സിപിഒ പ്രദീപ് പി.നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com