ADVERTISEMENT

പന്തളം ∙ പതിവായി പ്രകൃതിക്ഷോഭം മൂലം കൃഷി നാശമുണ്ടാകുന്ന കരിങ്ങാലി പാടത്ത് തോട് പുനരുദ്ധാരണ ജോലികൾ തുടങ്ങി. വെള്ളപ്പൊക്കം, വരൾച്ച എന്നിവ മൂലമുള്ള കൃഷി നാശം നേരിടാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. കരിങ്ങാലി പാടശേഖരത്തിലെ ഈയാംകോട്, മേലേമുപ്പത്തിക്കൊല്ല, ശാസ്താംപടി, വാരുകൊല്ല, വലിയകൊല്ല എന്നീ ഏലാകളിലാണ് തോട് പുനരുദ്ധാരണം നടത്തുന്നത്. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ കായംകുളം പ്രോജക്ട് ഓഫിസാണ് ജോലികൾ നടത്തുന്നത്. 1.4 കോടി രൂപയുടെ പദ്ധതി ജൂലൈയിലാണ് തുടങ്ങിയത്. മേയിൽ പൂർത്തിയാകും.

പദ്ധതിയുടെ ഭാഗമായി ആകെ 900 മീറ്റർ തോട് പുനരുദ്ധരിക്കും. 2 മീറ്ററോളം തോടിന്റെ ആഴം കൂട്ടും. വെർട്ടിക്കൽ പമ്പ് ഹൗസ്, ട്രാക്ടർ പാത, കോൺക്രീറ്റ് കനാൽ, സംരക്ഷണ ഭിത്തി അടക്കം പദ്ധതിയിലുണ്ട്.പദ്ധതി പൂർത്തിയാകുന്നതോടെ ഏപ്രിലിൽ ഉണ്ടായതിനു സമാനമായ സാധാരണ വെള്ളപ്പൊക്കം പ്രതിരോധിക്കാനാകുമെന്നു കർഷകർ പറയുന്നു. തോടിന്റെ ആഴം കൂട്ടുന്നതിനൊപ്പം സംരക്ഷണ ഭിത്തി നിർമിക്കുന്നതിലൂടെ തോട് കവിഞ്ഞു പാടത്തേക്ക് വെള്ളം കയറുന്നതും തടയാനാകും.

വേനൽ കാലത്ത് തോട്ടിൽ നിന്നു ജലലഭ്യത ഉറപ്പാക്കാനാകുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഡിസംബറിലുണ്ടായ വെള്ളപ്പൊക്കം കാരണം വൈകിയാണ് വിത്ത് വിതച്ചത്. ഏപ്രിലിൽ കൊയ്ത്തിനു പാകമായപ്പോൾ വീണ്ടും ശക്തമായ മഴയെത്തി. തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കരിങ്ങാലി പാടശേഖരങ്ങളിൽ വലിയ തോതിൽ നെൽക്കൃഷി നശിച്ചിരുന്നു. ആശങ്കയ്ക്കിടയിലും ഇത്തവണ നവംബറോടെ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.

ചിറ്റിലപ്പാടത്തിനു 80 ലക്ഷത്തിന്റെ പദ്ധതി

ആർകെവിവൈ പദ്ധതിയിൽ ചിറ്റിലപ്പാടത്ത് 85 ലക്ഷം രൂപയുടെ കാർഷിക വികസന പദ്ധതിക്ക് അനുമതിയായി. 50 എച്ച്പിയുടെ പമ്പ്‍, റാംപ്, കലുങ്കും ചീപ്പും, നാഥനടികളത്തിൽ ഉപകരണങ്ങൾ സൂക്ഷിക്കാൻ ഷെഡ്, ബണ്ട് റോഡ് എന്നിവ പദ്ധതിയിലുണ്ട്. അധികജലം ഒഴിച്ചുവിടാനുള്ള സംവിധാനമാണ് പ്രധാനം. വിളവെടുപ്പ് സമയത്തെ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് കർഷകരുടെയും പ്രതീക്ഷ. വൈകാതെ ജോലികൾ തുടങ്ങുമെന്നു കൃഷി ഓഫിസർ സൗമ്യ ശേഖർ പറഞ്ഞു.

"തോട് പുനരുദ്ധാരണം കർഷകരുടെ നിരന്തര ആവശ്യമായിരുന്നു. പദ്ധതി നെൽക്കൃഷിക്ക് ഗുണകരമാകും. തോട് ആഴംകൂട്ടുന്നതിലൂടെ വെള്ളപ്പൊക്കം, വരൾച്ച എന്നിവയെ പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി കരിങ്ങാലി പാടത്ത് 9 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്." - ബി.മെസ്മർ,അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ, കെഎൽഡിസി

"2018 പ്രളയം മുതൽ നെൽക്കൃഷി തുടർച്ചയായി പ്രതിസന്ധിയിലായിരുന്നു. ഏപ്രിലിലും വെള്ളപ്പൊക്കം കാരണം വലിയ നഷ്ടമാണുണ്ടായത്. ഇപ്പോഴത്തെ പദ്ധതിയിൽ തോട് പുനരുദ്ധാരണം നടന്നു വരുന്നു. വേനൽ കാലത്ത് ജല ലഭ്യതയ്ക്കും മഴക്കാലത്ത് പാടത്ത് വെള്ളം നിറയുന്നത് ഒഴിവാക്കാനും പദ്ധതി ഉപകരിക്കും. എന്നാൽ, കൃഷി വകുപ്പ് പദ്ധതികളൊന്നും ഇനിയും തയാറാക്കിയിട്ടില്ല." - പി.വി.ജയൻ,കർഷകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com