ADVERTISEMENT

കലഞ്ഞൂർ ∙ ‘വാതിൽ തുറക്കുമ്പോൾ ചോരയുടെ മണമാണെന്ന് അമ്മ പറയും. ആ വീട്ടിൽ കയറാൻ എനിക്ക് പേടിയാണ്’ തുന്നിച്ചേർത്ത കൈകളുയർത്തി വിദ്യ ഇതു പറയുമ്പോൾ കേൾക്കുന്നവരുടെ ഉള്ളൊന്നു പിടയും. അയാളെന്നെ കൊല്ലണമെ‌ന്നു തീരുമാനിച്ചു വന്നതാണ്, നീളമുള്ള അറ്റം വളഞ്ഞു കൂർത്ത വാളു കൊണ്ടാണ് എന്നെയും അച്ഛനെയും വെട്ടിയത്. എന്റെ മുഖത്തൊഴിക്കാൻ ഒരു കന്നാസ് ആസി‍ഡും കരുതിയിരുന്നു– വിദ്യ പറയുന്നു. 

സെപ്റ്റംബർ 17നാണ് കലഞ്ഞൂർ ചാവടിമലയിൽ എസ്. വിദ്യയുടെ (26) ഇടതു കൈ ഭർത്താവ് സന്തോഷ് കുമാർ (35) വെട്ടിമാറ്റിയത്. 5 വർഷമായി ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ വിദ്യ കലഞ്ഞൂരെ തന്റെ വീട്ടിലിരുന്ന് അച്ഛനൊപ്പം ടിവി കാണുമ്പോഴാണു രാത്രി ഏഴേമുക്കാലോടെ അക്രമം ഉണ്ടാകുന്നത്. ചികിത്സയിലായിരുന്ന വിദ്യ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടു. ഇപ്പോൾ വല്യമ്മ അംബുജാക്ഷിയുടെ വീട്ടിലാണുള്ളത്. 

അക്രമത്തിനിടയിൽ ഇടംകൈ മുറിഞ്ഞു തൂങ്ങിയത് വിദ്യ ആദ്യം അറിഞ്ഞിരുന്നില്ല. എല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു. മുന്നിലൊരാൾ വരുന്നതുപോലെ തോന്നി എതിർവശത്തേക്ക് നോക്കിയപ്പോൾ വാൾ വീശുന്നതു കണ്ടു. ഉടനെ വലംകൈ കൊണ്ടു തടഞ്ഞു. അച്ഛൻ വിജയനും എതിർക്കാൻ ശ്രമിച്ചെങ്കിലും വിദ്യയുടെ കൈപ്പത്തിക്കു പുറത്തു അപ്പോഴേക്കും വെട്ടേറ്റിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അയാൾ കടന്നുകളഞ്ഞു.

മുറി മുഴുവൻ ചോര ചീറ്റുന്നുണ്ടായിരുന്നു. അപ്പോഴാണു ഇടതു കൈ മുറിഞ്ഞറ്റതു ശ്രദ്ധിച്ചത്. മാസ്ക്കിന്റെ വള്ളിയുടെ വലുപ്പത്തിലുള്ള ദശയിൽ തൂങ്ങിക്കിടക്കുകയായിരുന്നു ഇടംകൈ. കൈ അറ്റത് കാണാതിരിക്കാൻ 5 വയസ്സുള്ള മകൻ സഞ്ജയിയുടെ കണ്ണുപൊത്തി വിദ്യയുടെ അമ്മ മാറ്റിനിർത്തി. കൂടലിലും തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നു പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് വിദ്യ പറയുന്നു.

ഗണേഷ് കുമാർ എംഎൽഎയെ വിവരമറിയിച്ചതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് ഇടപെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയപ്പോൾ മന്ത്രിയുടെ നിർദേശപ്രകാരം ഡോക്ടർമാർ കാത്തിരിപ്പുണ്ടായിരുന്നു. രാത്രി 12.30 ന് ശസ്ത്രക്രിയ നടത്തി.  അറ്റുപോയ കൈ തുന്നിച്ചേർത്ത മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് എന്റെ ദൈവം– വിദ്യ പറഞ്ഞു. ശസ്ത്രക്രിയ പൂർണമായും സൗജന്യമായിരുന്നു. ഇപ്പോൾ കൈകൾ ചലിക്കും. എന്നാൽ ഇടം കൈക്ക് സ്പർശന ശേഷിയില്ല. ഒരു പ്ലാസ്റ്റിക് സർജറി കൂടി നടത്തേണ്ടതുണ്ട്. 

വിദ്യയുടെ കഴുത്തിനും രണ്ടു കാൽമുട്ടുകൾക്കും അക്രമത്തിൽ പരുക്കേറ്റിരുന്നു. വർഷങ്ങൾക്ക് മുൻപ്  ഭർത്താവ് വിദ്യയുടെ വായ വലിച്ചുകീറിയിരുന്നു. 14 മുറിവുകളുമായി 3 മാസമാണ് അന്ന് ചികിത്സയിൽ കഴിഞ്ഞത്. ഇതിനു ശേഷമാണ് വിദ്യ തന്റെ വീട്ടിലേക്ക് താമസം മാറിയത്. ആശാരിപ്പണി ചെയ്യുന്ന അച്ഛനാണ് കുടുംബം പോറ്റുന്നത്. മരുന്നുകൾക്കും മറ്റുമായി 80,000 രൂപ ചെലവായി. രണ്ടു ദിവസം കൂടുമ്പോൾ മുറിവ് ഡ്രസ് ചെയ്യണം. കൈയുടെ സ്പർശന ശേഷി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യയും കുടുംബവും. സന്തോഷ് കുമാർ ഇപ്പോൾ റിമാൻഡിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com