ADVERTISEMENT

പത്തനംതിട്ട ∙ ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നതു ജില്ലയിൽ സ്ഥിരം സംഭവമായിട്ടും തടയാനുള്ള നടപടികൾ ഇഴയുകയാണ്. പ്രായം മൂലവും അനാരോഗ്യം മൂലം ഇരകളെ വേട്ടയാടാൻ കഴിയാത്ത വന്യമൃഗങ്ങളാണു ജനവാസ മേഖലകളിൽ ഇര തേടിയിറങ്ങുന്നത്. മൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാനും അവയെ തടയാനുമുള്ള സംവിധാനം ഇപ്പോൾ വനംവകുപ്പിനില്ല. ക്യാമറ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.

സെൻസറുകളുടെ സഹായത്തോടെ അതിർത്തി പ്രദേശങ്ങളിലെ വന്യമൃഗനീക്കം നിരീക്ഷിക്കാമെങ്കിലും അത്തരം പദ്ധതികൾ കേരളത്തിൽ നിലവിലില്ല.  പദ്ധതികൾ വനം വകുപ്പിന്റെ പരിഗണനയിലുണ്ടെങ്കിലും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി പറഞ്ഞു. ഇപ്പോൾ വന്യമൃഗശല്യം സംബന്ധിച്ച പരാതികൾ ലഭിക്കുമ്പോൾ മാത്രമാണു മേഖലയിൽ ക്യാമറ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 ദിവസം മുൻപ് വടശേരിക്കര കോടമലയിൽ കടുവ ഇറങ്ങി പോത്തിനെ പിടിച്ചിരുന്നു. രണ്ട് ദിവസം കോടമലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇപ്പോൾ മണിയാർ മേഖലയിൽ ഇറങ്ങിയ കടുവ പശുവിനെ പിടിച്ചു. രണ്ടും ഒരു കടുവ തന്നെയാണെന്നാണ് കരുതുന്നത്.   വടശേരിക്കര കോടമലയിലെ റബർ തോട്ടത്തിൽ ഒരു ക്യാമറയാണ് സ്ഥാപിച്ചത്. കടുവ വരാൻ സാധ്യതയുള്ള വഴിയിൽ വേറെ ക്യാമറ സ്ഥാപിക്കാനും കഴിഞ്ഞില്ല. മൂന്നാം ദിവസം വനപാലകർ പരിശോധനയ്ക്ക് എത്തിയപ്പോൾ കടുവയുടെ മുരൾച്ച കേട്ടു. അതിനുശേഷം ക്യാമറ മാറ്റി സ്ഥാപിച്ചു. മണിയാറിൽ ഇറങ്ങിയ കടുവയെപ്പറ്റി രണ്ട് ദിവസമായി കാര്യമായ വിവരം ഇല്ല. മൃഗങ്ങളുടെ സഞ്ചാരം കണ്ടെത്തി മുൻകൂട്ടി നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജനങ്ങൾക്കു ഭീതിയില്ലാതെ കഴിയാമെങ്കിലും ആ ദിശയിൽ നടപടികൾ വൈകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com