ADVERTISEMENT

തിരുവല്ല ∙ സ്വകാര്യ ബസുകൾ അവധി ദിവസങ്ങളിൽ സർവീസ് ഉപേക്ഷിക്കുന്നതുമൂലം ജനങ്ങൾ വലയുന്നു. ഇവിടെ നിന്ന് സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന പ്രദേശങ്ങളിലെ യാത്രക്കാരാണ് ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും യാത്ര ഉപേക്ഷിക്കേണ്ടി വരികയോ മറ്റ് വാടക വാഹനങ്ങളെ ആശ്രയിക്കേണ്ടി വരികയോ ചെയ്യുന്നത്.മാന്നാർ - മാവേലിക്കര, എടത്വ, കോഴഞ്ചേരി - പത്തനംതിട്ട, മല്ലപ്പള്ളി, കുന്നന്താനം - ചങ്ങനാശേരി, മേപ്രാൽ - ചാത്തങ്കരി, ഇരമല്ലിക്കര, പുറമറ്റം - തടിയൂർ, തോട്ടഭാഗം - കവിയൂർ - ചങ്ങനാശേരി, നിരണം - തോട്ടടി തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് സർവീസ് ഉപേക്ഷിക്കുന്നത്. യാത്രക്കാർ കുറവാണ് എന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. 

 

ഉൾപ്രദേശങ്ങളിൽ നിന്ന് പ്രധാന ജംക്‌ഷനുകളിലേക്ക് പോകാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിൽ വാടക വീടുകളിൽ താമസിക്കുന്നവർക്ക് അവധി ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഏറ്റവും വലയുന്നത്. അവധി ദിവസങ്ങളിൽ കൂട്ടം ചേർന്ന് വാടക വാഹനം ക്രമീകരിച്ച് യാത്ര ചെയ്യേണ്ടി വരും. ആരെയും കിട്ടിയില്ലെങ്കിൽ വലിയ തുക മുടക്കി യാത്ര ചെയ്യേണ്ടി വരികയാണു തുച്ഛവരുമാനക്കാരായ തൊഴിലാളികൾ.ഉപറോഡുകളിൽ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നത് വെട്ടിക്കുറച്ചതും യാത്രക്കാർക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. 

 

തിരുവല്ല ഡിപ്പോയിൽ നിന്ന് 85 സർവീസുകൾ പ്രതിദിനം നടത്തിയിരുന്നത് ഇന്ന് അൻപതിൽ താഴെ മാത്രം ആയിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സർവീസ് നടത്തിയിരുന്ന പല റൂട്ടുകളും അവസാനിപ്പിച്ചതോടെ ചില ഉൾപ്രദേശത്തെ ജനങ്ങൾക്ക് കിലോമീറ്ററോളം നടന്നാൽ മാത്രമാണ് ബസ് യാത്ര ചെയ്യാൻ കഴിയുക. കടപ്ര - നിരണം - ഹരിപ്പാട് ലിങ്ക് ഹൈവേ കടന്നു പോകുന്നത് തികച്ചും ഗ്രാമപ്രദേശങ്ങളിൽ കൂടിയാണ്. ഈ റൂട്ട് കെഎസ്ആർടിസിയുടെ കുത്തകയായതിനാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഒന്നോ രണ്ടോ സർവീസ് മാത്രം ഈ റൂട്ടിൽ നടത്തിയിരുന്ന കെഎസ്ആർടിസി അതുകൂടി നിർത്തിയതോടെ പ്രദേശത്തെ ജനങ്ങൾ വലയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com