ADVERTISEMENT

കൊടുമൺ ∙ പാടശേഖരങ്ങളിൽ കാട്ടുപന്നിയെ കൂടാതെ പ്രാവുകളും ശല്യക്കാരാകുന്നു. നെൽക്കർഷകരുടെ ദുരിതം ഒരിക്കലും ഒഴിയുന്നില്ല. നെൽക്കൃഷി വിളവെടുക്കാൻ സമയമാകുമ്പോൾ പന്നിശല്യം കാരണം ദുരിതമാണെങ്കിൽ നെൽവിത്തുകൾ വിതയ്ക്കുമ്പോൾ പ്രാവുകളാണ് ശല്യമായി മാറുന്നത്.  പഞ്ചായത്തിൽ രണ്ടാഴ്ചകളിലായി ഏക്കറുകണക്കിന് പാടശേഖരങ്ങളിലാണ് നെൽക്കൃഷി ഇറക്കിയിട്ടുള്ളത്. 

 അന്ന് മുതൽ പാടശേഖരങ്ങളിൽ കർഷകർ കാവലിരിക്കുകയാണ്. കൂട്ടമായാണ് പ്രാവുകൾ എത്തുന്നത്. ആ പാടശേഖരങ്ങളിലെല്ലാം വിതച്ചിരിക്കുന്ന വിത്തുകൾ മണിക്കൂറുകൾക്കുള്ളിൽ തിന്നു തീർക്കുകയാണ്. ഈ പാടങ്ങളിലെല്ലാം വീണ്ടും വിത്ത് പാകേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു. നെല്ല് വിളഞ്ഞ് പാകമാകുമ്പോൾ കാട്ടുപന്നിയിറങ്ങി നെൽക്കതിർ ഉൾപ്പെടെ ചവിട്ടി മെതിക്കും. കൂടാതെ പ്രകൃതി ക്ഷോഭവും. കഴിഞ്ഞ വർഷം ഈ സമയത്ത് വിതച്ച നെൽവിത്തുകളെല്ലാം വെള്ളം കയറിയാണ് നശിച്ചത്. പന്തളം തെക്കേക്കര, കൊടുമൺ പഞ്ചായത്തുകളിലെ പാടശേഖരങ്ങളെല്ലാം ഇത്തരത്തിൽ നശിച്ചിരുന്നു.

 

ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് കർഷകർക്കുണ്ടായത്. അതിൽ നിന്ന് കരകയറിയാണ് ഇപ്പോൾ തരിശുനിലങ്ങളിൽ ഉൾപ്പെടെ കൃഷി ചെയ്ത് വരുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നം കാരണം നെൽക്കൃഷി ദിനംപ്രതി നഷ്ടത്തിലാവുകയാണെന്ന് കർഷകർ പറഞ്ഞു. ഇടത്തിട്ട മഞ്ഞപ്പുഴ, ചാലെമുക്ക് ഭാഗം, ചാലപ്പറമ്പ് തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പ്രാവ് ശല്യം വർധിച്ചുവരികയാണ്.വിത്തുകൾ കിളിർത്ത് വരുന്നത് വരെ കർഷകരുടെ നോട്ടം ഇവിടേക്ക് ചെന്നില്ലെങ്കിൽ ഒരൊറ്റ നെൽവിത്ത് പാടശേഖരങ്ങളിൽ കാണില്ല. എന്തായാലും കർഷകർക്ക് ഇത്തരത്തിലുള്ള ദുരിതത്തിന്റെ കഥകളാണ് ദിനംപ്രതി പറയാനുള്ളത്. പലിശയ്ക്ക് കടം എടുത്തും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുത്തും കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ സമയം ആകുമ്പോൾ വലിയ കടമാണ് ഉണ്ടാകുന്നത്. സർക്കാർ തലത്തിൽ എന്തെങ്കിലും സഹായം കൂടി കിട്ടിയില്ലെങ്കിൽ നെൽക്കൃഷി അന്യം നിന്ന് പോകുന്ന അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com