ADVERTISEMENT

ശബരിമല ∙ തീർഥാടകരുടെ മഹാപ്രവാഹത്തിൽ സന്നിധാനവും പമ്പയും തിരക്കിൽ അമർന്നു. പതിനെട്ടാംപടി കയറുന്നതിനും ദർശനത്തിനും മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്. വിവിധയിടങ്ങളിലായി 10 മണിക്കൂറോളം വരി നീണ്ടു.അയ്യപ്പ ക്ഷേത്രങ്ങളിൽ ശനിയാഴ്ച ദർശന പ്രാധാന്യമുള്ളതായതിനാലാണ് തിരക്കേറിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വെർച്വൽക്യു ബുക്കിങ് ഇന്നലെയായിരുന്നു, 86814 പേർ. ഇന്നലെ പുലർച്ചെ 3 മുതൽ 9 വരെയുള്ള കണക്കനുസരിച്ച് 33294 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. ഇതിനു പുറമേ ഇന്നലെ വെള്ളിയാഴ്ച രാത്രി 11ന് ശേഷമെത്തിയ 20,000 തീർഥാടകർ സന്നിധാനത്ത് വിരിവച്ച് വിശ്രമിച്ചിരുന്നു. ഇവർ വടക്കേനട വഴി സോപാനത്തെത്തി ദർശനം നടത്തി. ഇതുകാരണം  ദർശനത്തിനു വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. 

സോപാനത്തെ വരി പതുക്കെ നീങ്ങിയതോടെ മേൽപാലത്തിൽ മാത്രം തീർഥാടകരുടെ കാത്തുനിൽപ് രണ്ടര മണിക്കൂർ വരെ നീണ്ടു. പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ 9 നിരയാണുള്ളത്. 9 നിരയും തിങ്ങി നിറഞ്ഞുനിന്നു. കുറഞ്ഞത് 4 മണിക്കൂർ നടപ്പന്തലിൽ കാത്തുനിന്നാണ് തീർഥാടകർ പതിനെട്ടാംപടിക്കൽ എത്തിയത്. ഉച്ചപൂജ കഴിഞ്ഞ് 1.30ന് നട അടച്ചപ്പോഴും നടപ്പന്തൽ തിങ്ങി നിറഞ്ഞ തീർഥാടക നിര വനം ഓഫിസും പിന്നിട്ട് നീണ്ടു. ഇന്നലെ വൈകിട്ട് 7 വരെ 70,710 പേർ ദർശനം നടത്തിയതായാണ് പൊലീസിന്റെ കണക്ക്. വൈകിട്ട് 3ന് നട തുറന്നപ്പോഴും തിരക്ക് നിയന്ത്രണാതീതമായിരുന്നു. അപ്പോഴും പടി കയറാനുള്ള വരി വലിയ നടപ്പന്തലും പിന്നിട്ടു നീണ്ടു.

ആദ്യഘട്ട സേവനം കഴിഞ്ഞു പൊലീസ് ഉദ്യോഗസ്ഥർ മാറി പുതിയ സംഘം എത്തിയതും ഇന്നലെയാണ്. രാവിലെ 11ന് ശേഷമാണ് വലിയ നടപ്പന്തലിൽ എങ്ങനെ ജോലി ചെയ്യണമെന്ന നിർദേശം പുതിയ സംഘത്തിനു നൽകിയത്. അതിനു ശേഷമാണ് ഇവർ സേവനത്തിനിറങ്ങിയത്. ആദ്യഘട്ടത്തിലുള്ളവർ നാട്ടിലേക്കു മടങ്ങുന്ന തിരക്കായതിനാൽ മിക്ക ഡ്യൂട്ടി പോയിന്റുകളിലും പൊലീസുകാർ കുറവായിരുന്നു. നിലയ്ക്കൽ- പമ്പ റോഡിൽ വാഹനങ്ങളുടെ വലിയ തിരക്കു കാരണം ഇടയ്ക്ക് തടഞ്ഞു നിർത്തിയാണ് കടത്തി വിട്ടത്. 

വാഹനക്കുരുക്കിൽ വലഞ്ഞ് തീർഥാടകർ

ഒരു കിലോമീറ്റർ ഓടിയെത്താൻ 58 മിനിറ്റ്. നിരങ്ങി നീങ്ങിയ വാഹനങ്ങളുടെ കുരുക്കിൽ തീർഥാടകർ വലഞ്ഞു. കെഎസ്ആർടിസി  ചെയിൻ സർവീസ് ബസുകൾ എല്ലാം കുരുക്കിൽപെട്ടു. ദർശനം കഴിഞ്ഞവർക്കു മടങ്ങാനോ നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് എത്താനോ കഴിയാതെ മണിക്കൂറുകളാണ് വഴിയിൽ കിടന്നത്.

കെഎസ്ആർടിസിയുടെ പമ്പ സ്റ്റാൻഡിൽനിന്ന് അയ്യപ്പന്മാരെ കയറ്റാൻ ത്രിവേണിയിലേക്ക് അയച്ച ബസാണ് 58 മിനിറ്റ് എടുത്തത്. ഇന്നലെ മുതൽ എല്ലാ വാഹനങ്ങളും പെട്രോൾ പമ്പിനു സമീപത്തെ യു ടേണിൽ എത്തിയാണ് തിരിഞ്ഞത്. പൊലീസ് സ്റ്റേഷൻ മുതൽ റോഡിന്റെ ഒരുവശത്ത് ചെറിയ വാഹനങ്ങൾ നിർത്തി തീർഥാടകരെ ഇറക്കാൻ അനുവദിച്ചതാണ് കുരുക്ക് തുടങ്ങാൻ കാരണം. രാവിലെ 11.30ന് തുടങ്ങിയ വാഹനനിര വൈകിട്ട് 4 വരെ ഇതുപോലെ തുടർന്നു. ത്രിവേണിയിൽ നിന്നുള്ള വാഹന നിര ചാലക്കയം വരെ ഉണ്ടായിരുന്നു 

പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 200 ബസ് ഉണ്ടായിരുന്നിട്ടും കുരുക്ക് കാരണം അവയ്ക്ക് കൃത്യമായി ത്രിവേണിയിൽ എത്താൻ കഴിയാഞ്ഞത് അയ്യപ്പന്മാരെ കഷ്ടത്തിലാക്കി.

16 പഞ്ചായത്തുകൾക്ക് ശബരിമല പ്രത്യേക ഫണ്ട് അനുവദിച്ചു 

ജില്ലയിലെ 16 പഞ്ചായത്തുകൾക്ക് ശബരിമല പ്രത്യേക ഫണ്ടായി സർക്കാർ 1.06 കോടി രൂപ അനുവദിച്ചു. അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചീകരണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിനാണ് കൂടുതൽ തുക അനുവദിച്ചത്. 23.57 ലക്ഷം രൂപയാണ് അനുവദിച്ചത്.

മറ്റു പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ലക്ഷത്തിൽ. കുളനട 10.84, അയിരൂർ 4.57, റാന്നി 4.71, അങ്ങാടി 2.36, പഴവങ്ങാടി 2.24, ചെറുകോൽ 5.19, വടശേരിക്കര 8.46, നാറാണംമൂഴി 2.59, സീതത്തോട് 7.07, ചിറ്റാർ 9.43, കോന്നി 7.76, കോഴഞ്ചേരി 2.36, മെഴുവേലി 9.43, മല്ലപ്പുഴശേരി 4.71, ഓമല്ലൂർ 1.21.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com