ADVERTISEMENT

തിരുവല്ല ∙ തുണ നഷ്ടപ്പെട്ടവർ കതിർമണ്ഡപത്തിൽ എത്തി, മക്കളും കൊച്ചുമക്കളും വിവാഹത്തിന് സാക്ഷിയായി. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രമായിരുന്നു അപൂർവ വിവാഹവേദി. തിരുവനന്തപുരം ചിറയിൻകീഴ് കീഴ്‌വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ (78) തലവടി തുടങ്ങിയിൽ ബീനാകുമാരി (59) എന്നിവരാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോമൻ നായർ പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപ് ഭാര്യ മരിച്ചു. 3 മക്കളുണ്ട്.

ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപ് മരിച്ചു. ഒരു മകളുണ്ട്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. ബീനാകുമാരിയുടെ സഹോദരൻ ടി.ഡി.പ്രവീണാണ് മുൻകൈയെടുത്ത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.

ഇതിനോടൊപ്പം സോമൻ നായർക്കു ലഭിച്ച എയർഫോഴ്സ് അസോസിയേഷൻ അംഗത്തിന്റെ ആശംസാ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ ഏതാനും ഭാഗം ചുവടെ ചേർക്കുന്നു.ജീവിതം ഒന്നേയുള്ളു...മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം.എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം.

തിരക്ക് പിടിച്ച കാലഘട്ടത്തിൽ ഓരോരുത്തരും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ സമയം കിട്ടാറില്ല എന്നത് ഞാനും സമ്മതിക്കുന്നു. അപ്പോൾ ഇങ്ങനെയുള്ള തീരുമാനങ്ങളാണ് ശരി.ഈ വിവാഹംകൊണ്ട് ആർക്കും ഒരു നഷ്ടവും ഉണ്ടാകുന്നില്ല, എന്നാലും നമുക്ക് മലയാളികൾക്ക് നഷ്ടപ്പെടാൻ ഒന്നുണ്ട്, അഭിമാനം. മക്കളുടെ അഭിമാനം, ചെറുമക്കളുടെ അഭിമാനം, നാട്ടുകാർ എന്ത് വിചാരിക്കുമെന്ന ചിന്ത, എന്നാൽ ആർക്കും ഒന്നും സംഭവിക്കില്ല എന്ന് നമുക്കൊട്ടു മനസ്സിലാവുകയുമില്ല. വയസ്സാൻ കാലത്ത് എന്തിന് വേണ്ടി... എന്നാൽ നിങ്ങൾ ഒന്ന് ചിന്തിക്കൂ...ഇതല്ലേ ആവശ്യം..

ഒറ്റയ്ക്കായിപ്പോയ രണ്ടു മനസ്സുകളുടെ സന്തോഷം, വിശ്വാസം, സ്നേഹം, പ്രണയം, മരിച്ചുപോയ വികാരങ്ങൾ പുനഃസൃഷ്ടിക്കപ്പെടട്ടെ ആ മനസ്സുകളിൽ. ആരോ ഒരാൾ ഉണ്ടെന്ന ചിന്ത, പരസ്പരം താങ്ങും തണലുമാകുന്നവർ. ഇതൊക്കെ ഇന്ന് ചെയ്തില്ലെങ്കിൽ ഇനിയെന്ന്....ഒരേ മനസ്സോടെ ഒന്നിച്ച്, ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെയെന്ന് നമുക്കും ആശംസിക്കാം...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com