ബാറിനു പുറത്തെ സംഘട്ടനം, മരണം: പിന്നിൽ 12 വർഷം നീണ്ട പകയെന്ന് പൊലീസ്

Mail This Article
ഇലവുംതിട്ട ∙ ബാറിനു പുറത്തു നടന്ന സംഘട്ടനത്തിൽ ഒരാൾ മരിച്ച സംഭവത്തിനു പിന്നിൽ പന്ത്രണ്ട് വർഷം നീണ്ട പകയെന്നു പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ അജി രാജ് (47) മരിച്ച സംഭവത്തിൽ ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ മുരളീധരൻ ആചാരിയെ (56) അറസ്റ്റു ചെയ്ത പൊലീസാണ് ഇതു വ്യക്തമാക്കിയത്.
മുരളീധരന്റെ ബന്ധു സുന്ദരേശന്റെ കാല് 12 വർഷങ്ങൾക്ക് മുമ്പ്, അജിയും മാറ്റു രണ്ടുപേരും ചേർന്ന് അടിച്ചൊടിച്ചിരുന്നു. ഇതിന്റെ വിരോധം കാരണമാണ് ബാറിൽ അജിയെ തടഞ്ഞ് മർദിച്ചതും പിന്നീട് പിടിച്ച് തള്ളുന്നതും. തള്ളുകൊണ്ട് നില തെറ്റിയ അജിയുടെ തല ഭിത്തിയിലിടിച്ചു. സംഭവത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെത്തിയ അജിയുടെ മുഖത്ത് വളരെ പെട്ടെന്ന് നീർക്കെട്ടായി.
തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മേസ്തിരിപ്പണിക്കാരനായ അജിക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മുരളിയെ ഇന്നലെ വൈകുന്നേരത്തോടെ റിമാൻഡ് ചെയ്തു. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഡി.ദീപുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.