ADVERTISEMENT

കോന്നി ∙ പ്രദേശത്ത് വ്യാപക മോഷണവും മോഷണ ശ്രമങ്ങളും. കമ്പിവടിയുമായി രണ്ടു പേർ വീതമടങ്ങുന്ന സംഘം തലയിൽ തുണിചുറ്റി മുഖം മറച്ച് രാത്രികാലങ്ങളിൽ വീടുകളുടെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തുന്നത്. ചൊവ്വാഴ്ച വെള്ളപ്പാറയിലെ ഒരു വീട്ടിലും ഇന്നലെ വകയാർ മേഖലയിലെ രണ്ടു വീടുകളിലുമാണ് മോഷണം നടന്നത്.മറ്റു മൂന്നു വീടുകളിൽ മോഷണ ശ്രമവും നടന്നു.

ചൊവ്വാഴ്ച പുലർച്ചെ 4.30 നാണ് വട്ടക്കാവ് വെള്ളപ്പാറ തെങ്ങുമുറിയിൽ പി.ടി.ജോസിന്റെ വീട്ടിൽ മോഷണം നടന്നത്.ആരോ കഴുത്തിൽ പിടിക്കുന്നതായി മനസ്സിലാക്കി ജോസിന്റെ ഭാര്യ ലൗലി ഉണർന്നപ്പോൾ കഴുത്തിലുണ്ടായിരുന്ന രണ്ടു പവൻ മാലയുമായി കള്ളൻ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്ടിയിലുണ്ടായിരുന്ന രണ്ട് സ്വർണ നാണയങ്ങളും വാച്ചുകളും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

പുലർച്ചെ 3ന് ടാപ്പിങ്ങിനു പോകാനായാണ് പുറത്തിറങ്ങിയത്. റോഡിൽ കൂടി രണ്ടുപേർ ഷർട്ട് ഇടാതെ തലയിൽ കൈലി ചുറ്റി കുനിഞ്ഞു പോകുന്നതു കണ്ടു. കാട്ടുപന്നിയാണെന്നു കരുതി. കള്ളന്മാരാണെന്ന് മനസ്സിലായപ്പോൾ ഭയന്നുപോയി. കാര്യംതിരക്കിയപ്പോൾ ഇരുവരും മുന്നോട്ട് ഓടിയശേഷം തിരിഞ്ഞുനിന്ന് ആക്രോശിക്കുകയും കമ്പിവടി ശക്തിയായി അടിക്കുകയും ചെയ്തു. മേരിമാതാ ഓഡിറ്റോറിയത്തിനു സമീപം കുളത്തുങ്കൽ ഒതളക്കുഴിപ്പടി - കുശവനടി റോഡിലാണ് കള്ളന്മാരെ കണ്ടത്.

ജോസിന്റെ ഷർട്ടിന്റെ പോക്കറ്റിലും പഴ്സിലുമായുണ്ടായിരുന്ന 10,000 രൂപയും കൊണ്ടുപോയി.ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് വകയാർ എംഎൽഎ പടി ഭാഗം വടക്കേത്തുണ്ടിൽ ബേബിക്കുട്ടിയുടെ വീട്ടിൽനിന്ന് 4000രൂപ മോഷ്ടിച്ചു.ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ മകനെ വിളിച്ച് പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിലുമായിരുന്നു.പുലർച്ചെ 1.40ന് വകയാർ പുത്തൻപുരയ്ക്കൽ പി.എം.മാത്യു വീട്ടിൽ നിന്ന് 5,000 രൂപയും ഒരു പവൻ മാലയും മോഷ്ടിച്ചു.

അടുക്കള വഴി കയറിയ കള്ളൻ കിടപ്പുമുറിയിലെത്തി ബാഗിൽ നിന്ന് രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു മുറിയിലെത്തി മരുമകളുടെ കഴുത്തിൽ നിന്ന് സ്വർണമാലയും പൊട്ടിച്ചു കടന്നു.തൊട്ടടുത്തുള്ള മേലേതിൽ പ്രസാദിന്റെ വീട്ടിൽ കള്ളൻ എത്തിയെങ്കിലും വീട്ടുകാർ ശബ്ദം കേട്ട് ഉണർന്ന് ലൈറ്റ് ഇട്ടതോടെ കടന്നു കളഞ്ഞു.അരുവാപ്പുലം അണപ്പടി പത്മഭവനിൽ പത്മിനിയമ്മയുടെ വീടിന്റെ അടുക്കളയിലെ കതക് തുറന്ന് അകത്തു കടന്നു മറ്റൊരു കതകും ഇളക്കി വീട്ടിൽ കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

എല്ലായിടത്തും പൊലീസ് പരിശോധന നടത്തി.അർധരാത്രിക്കു ശേഷവും പുലർച്ചെയുമായി അടുക്കളവഴി കയറി മോഷണം നടത്തുന്ന സംഘങ്ങളാണ് സംഭവങ്ങൾക്കു പിന്നിലെന്നാണ് കരുതുന്നത്.ഓരോ വീടുകളിലും രണ്ടുപേർ വീതമാണ് എത്തിയിട്ടുള്ളത്. ഷർട്ട് ഇടാതെയും കൈലി തലയിൽ കെട്ടിയും ബനിയനും ജീൻസും ധരിച്ചവരുമാണ് പലയിടത്തും എത്തിയതെന്ന് വീട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com