ADVERTISEMENT

ശബരിമല ∙ സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ മാളികപ്പുറത്തു നിന്നു ചന്ദ്രാനന്ദൻ റോഡിലേക്കു പുതിയ വൺവേ പാലം വരുന്നു. കരസേന നിർമിച്ച ഉയരം കുറഞ്ഞ ബെയ്‌ലി പാലത്തിനു പകരമാണിത്.ഇപ്പോൾ ദർശനത്തിനു വരുന്നവരും ദർശനം കഴിഞ്ഞു മടങ്ങുന്നവരും ക്ഷേത്രത്തിന്റെ കിഴക്കു വശത്തെ വലിയ നടപ്പന്തലിലൂടെയാണു കടന്നു പോകുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് വലിയ തിക്കും തിരക്കും ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കാൻ വൺവേ പാലം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

രണ്ട് മലയിടുക്കുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. അതിനാൽ തൂണുകൾക്ക് പല ഉയരമായിരിക്കും.375 മീറ്റർ നീളവും 6.4 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പൊലീസ് ബാരക്കിനു സമീപത്തു നിന്നു തുടങ്ങി നേരെ ചന്ദ്രാനന്ദൻ റോഡുമായി ബന്ധിപ്പിച്ചാണു പാലം. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷാ ഇടനാഴിയായി ഉപയോഗിക്കാമെന്നും കണക്കാക്കുന്നു. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി കേന്ദ്ര സർക്കാരിന്റെ തീർഥാടന ടൂറിസം പദ്ധതിയിൽ സമർപ്പിക്കാനുള്ള പരിശ്രമത്തിലാണ് ദേവസ്വം ബോർഡ്.

5 വർഷം മുൻപ് ഇതിനുള്ള തയാറെടുപ്പുകൾ നടത്തിയതാണ്. സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ‘കെൽ’നെ നിർമാണ ചുമതല സർക്കാർ ഏൽപിച്ചു. അവർ മുൻകൂർ പണം ആവശ്യപ്പെട്ടതോടെ കെൽ’നെ ഒഴിവാക്കി. പകരം കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെ ഏൽപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പഴയ എസ്റ്റിമേറ്റ് പുതുക്കണം. അതിനു ഉന്നതാധികാര സമിതിയുടെ അംഗീകാരം വേണം

സമിതിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനാണ് ആലോചന.2005ൽ കരസേന നിർമിച്ചതാണ് ബെയ്‌ലി പാലം. അതിനു 120 അടി നീളം മാത്രമാണു നീളം. അതിനാൽ ഇതുകൊണ്ട് കാര്യമായ പ്രയോജനമില്ല. മകരവിളക്കിനു തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി ബെയ്‌ലി പാലത്തിലൂടെ തീർഥാടകരെ തിരിച്ചു വിട്ടെങ്കിലും കുത്തനെയുള്ള ഇറക്കവും അതിനേക്കാൾ വലിയ കയറ്റവും ഉള്ളതിനാൽ ഭൂരിഭാഗം പേരും അതുവഴി പോകാൻ തയാറായില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവും അപകടം ഉണ്ടാക്കുമെന്നു മനസ്സിലായതോടെ അതുവഴി പോകാൻ പൊലീസ് ആരെയും നിർബന്ധിക്കുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com