ADVERTISEMENT

അടൂർ ∙ ശശി തരൂർ എംപിയുടെ പര്യടനങ്ങൾ സംബന്ധിച്ച വിവാദം പാർട്ടിക്കുള്ളിൽ തുടരുന്നതിനിടെ തരൂർ ഇന്ന് അടൂരിലെത്തുന്നു. സന്ദർശനം പാർട്ടിയുമായി ബന്ധപ്പെട്ടുള്ളതല്ലെങ്കിലും സന്ദർശന വിവരം ഡിസിസി ഭാരവാഹികളെ ഔദ്യോഗികമായി അറിയിക്കാത്തതിന്റെ അതൃപ്തി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രകടമാണ്.ബോധിഗ്രാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന യുവ സംഗമത്തിൽ പങ്കെടുക്കാനായാണ് ശശി തരൂർ അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ എത്തുന്നത്.

പരിപാടിയിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് പ്രവർത്തകർക്ക് പ്രത്യക്ഷ വിലക്കുകളൊന്നും കോൺഗ്രസ് നേതൃത്വം ഏർപ്പെടുത്തിയിട്ടില്ല. പരിപാടിയിൽ പങ്കെടുക്കുന്നതിൽ യുവ നേതാക്കൻമാർക്ക് വിലക്കില്ലെന്ന് യൂത്ത്കോൺഗ്രസും ജില്ലാ നേതൃത്വവും ‌വ്യക്തമാക്കിയിട്ടുണ്ട്.രാജ്യാന്തര തലത്തിൽ പബ്ലിക് പോളിസി വിദഗ്ധനും യുഎൻ വികസനകാര്യ വിഭാഗം മുൻ മേധാവിയായ ജോൺ സാമുവലിന്റെ, കടമ്പനാട് തുവയൂർ ആസ്ഥാനമായ ബോധിഗ്രാമിന്റെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘യുവ ഭാരതം – സാമൂഹിക സാമ്പത്തിക ശാക്തീകരണം’ എന്ന് വിഷയത്തിലാണ് പ്രഭാഷണം. 

കഴിഞ്ഞ 35 വർഷമായി സ്ത്രീ ശാക്തീകരണം, യുവ–നേതൃത്വ പരിശീലന പരിപാടികൾ, സാമൂഹിക പ്രവർത്തനം എന്നിവ നടത്തിവരുന്ന സ്ഥാപനമാണ് ബോധിഗ്രാം. ഇപ്പോൾ കെപിസിസിയുടെ നയരൂപീകരണ സമിതി ചെയർമാനാണെങ്കിലും അതിനു മുൻപേ തുടങ്ങിയ ബോധിഗ്രാമിന്റെ പരിപാടിക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും യുവ സംഗമം യുവാക്കളുടെ വൻ പ്രതികരണ വേദിയായി മാറുമെന്നും ജോൺ സാമുവൽ പറഞ്ഞു. ‌

ഇന്നു നടക്കുന്ന പരിപാടിക്കു മുന്നോടിയായി ഇന്നലെ ശശി തരൂർ അടൂരിൽ എത്തിയിരുന്നു. കോട്ടയം ജില്ലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടയിൽ ഉച്ചഭക്ഷണം കഴിക്കാനാണ് ശശി തരൂർ അടൂരിലിറങ്ങിയത്. ഒപ്പം ജോൺ സാമുവൽ, മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്, ഡിസിസി ജനറൽ സെക്രട്ടറി ബിനു എസ്. ചക്കാലയിൽ എന്നിവരുമുണ്ടായിരുന്നു. ഇന്ന് നടക്കുന്ന പരിപാടികളെക്കുറിച്ച് വിലയിരുത്തൽ നടത്തിയ ശേഷമാണ് പാലായ്ക്കു പോയത്.  നാളെ പരിപാടിക്കു മുന്നോടിയായി പന്തളവും കൊട്ടാരവും ക്ഷേത്രവും ശശി തരൂർ സന്ദർശിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com