സീതത്തോട്∙അള്ളുങ്കൽ വനത്തിൽ നിന്നു കക്കാട്ടാറ് നീന്തി കടന്നു ജനവാസ മേഖലയിൽ പതിവായി എത്തുന്ന കുട്ടി കൊമ്പനെ കാടു കടത്താൻ വനം വകുപ്പ് നീക്കം ആരംഭിച്ചു. കാട്ടാനയുടെ ശല്യം അസഹനീയമായതോടെയാണു നടപടി. സീതത്തോട്–ചിറ്റാർ റോഡിനോടു ചേർന്നു കഴിഞ്ഞ രാത്രി ഇറങ്ങിയ ആന ഒട്ടേറെപ്പേരുടെ കൃഷികൾ നശിപ്പിച്ചു. മൂന്നാഴ്ച മുൻപാണ് അള്ളുങ്കൽ ഇ.ഡി.സി.എൽ ജല വൈദ്യുത പദ്ധതിക്കു സമീപത്തെ റബർ തോട്ടത്തിൽ കാട്ടാനയെ ആദ്യമായി കാണുന്നത്. ദിവസവും വൈകുന്നേരം എത്തുന്ന കാട്ടാന പിറ്റേ ദിവസം നേരം പുലർന്ന ശേഷമാണ് മടങ്ങാറ്. തോട്ടത്തിലെ വാഴയും കൈതയുമായിരുന്നു ഭക്ഷണം. ആളുകളുടെ സാന്നിധ്യം വളരെ അടുത്ത് എത്തിയാൽ പോലും ആന ശാന്തനാണ്.

ഇതോടെ സ്ഥലവാസികൾ കാട്ടാനയ്ക്കു ‘കുട്ടി ശങ്കരൻ’ എന്ന് ഓമന പേരും ഇട്ടും.തോട്ടത്തിലെ തീറ്റ കുറഞ്ഞതോടെ സമീപ കൃഷി സ്ഥലങ്ങളിലേക്കു ആന താവളം മാറ്റി. എങ്കിലും പോകുന്നതും വരുന്നതും പദ്ധതിക്കു അടിവശത്തായുള്ള ഒരേ സ്ഥലത്തു കൂടിയായിരുന്നു.ഊരാൻപാറയിൽ സ്വകാര്യ വക്തിയുടെ റബർ തോട്ടത്തിലെ മുള്ളുവേലി തകർത്തു സീതത്തോട്–ചിറ്റാർ റോഡിൽ കയറിയിരുന്നു. ചിറ്റാർ കമ്പി പാലത്തിനു സമീപത്തു കൂടി റബർ തോട്ടം വഴി കഴിഞ്ഞ രാത്രി ചിറ്റാർ തോട്ടം സ്കൂളിനു 200 മീറ്ററിനു അടുത്ത് ആന എത്തി.
അത്തിക്കയം സ്വദേശി മത്തായിക്കുട്ടിയുടെ ഉടമസ്ഥതയിൽ നിലവിലുള്ള പഴയ എ.വി.ടി തോട്ടം മാനേജർ ബംഗ്ലാവിന്റെ മുറ്റത്തു വാഴകൾ എല്ലാം തിന്ന ശേഷം വന്ന വഴിയിലൂടെ തന്നെ ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ എത്തി.ആന ജനവാസ മേഖലയിലേക്കു കടന്നതായി അറിഞ്ഞു വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി രതീഷ്, ചിറ്റാർ ഡപ്യൂട്ടി റേഞ്ചർ ഷിജു എസ്.വി നായർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ ഇന്നലെ വെളുപ്പിനെ തന്നെ സ്ഥലത്ത് എത്തി. ആനയുടെ സാന്നിധ്യം യഥാസമയം അറിയിക്കാൻ ജാഗ്രത സമിതി രൂപീകരിച്ചു. സമിതിയുടെ പേരിൽ വാട്സാപ് കൂട്ടായ്മയും ആരംഭിച്ചു.