ADVERTISEMENT

പത്തനംതിട്ട ∙ കലഞ്ഞൂർ പഞ്ചായത്തിൽ വീണ്ടും പുലിയാക്രമണം. കൂടൽ ഇഞ്ചപ്പാറയ്ക്കു സമീപം ഇന്നലെ പുലർച്ചെ 5.30ന് ടാപ്പിങ് തൊഴിലാളിയായ പാക്കണ്ടം പാറയിരിക്കുന്നതിൽ വിജയൻ (59) ആണ് ആക്രമണത്തിനിരയായത്. പുലിയിൽ നിന്ന് രക്ഷപ്പെടാ‍ൻ ശ്രമിക്കുന്നതിനിടെ ഉയർന്ന പ്രദേശത്ത് നിന്ന് സമീപത്തെ റോ‍ഡിലേക്ക് വീണ വിജയന്റെ നട്ടെല്ലിന് കാര്യമായ പരുക്കേറ്റു. തലനാരിഴയ്ക്കാണ് പുലിയുടെ പിടിയിൽപെടാതെ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് സമീപ തോട്ടങ്ങളിൽ ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളികൾ ഓടിയെത്തിയതോടെ പുലി ഓടി മറയുകയായിരുന്നു.

ജനവാസ മേഖലയുടെ നടുവിലാണ് ഇന്നലെ പുലിയുടെ സാന്നിധ്യമുണ്ടായത്. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ ആറാം തവണയാണ് മേഖലയിൽ പുലി സാന്നിധ്യം അനുഭവപ്പെടുന്നത്. സമീപത്തെ റബർത്തോട്ടങ്ങളിലൂടെയാകാം പുലി ജനവാസ കേന്ദ്രത്തിലെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ പുലിയുടെ സാന്നിധ്യമുണ്ടായ പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച പുലിയ കണ്ട സ്ഥലത്തുനിന്ന് 200 മീറ്റർ മാറിയാണ് ഇന്നലെ പുലിയെ കണ്ടത്.

പുലിയെ കണ്ട റബർ തോട്ടത്തിൽ വനം വകുപ്പ്  ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചിരിക്കുന്നു.
പുലിയെ കണ്ട റബർ തോട്ടത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചിരിക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, ജില്ലാപഞ്ചായത്ത് അംഗം വി.ടി. അജോമോൻ,വാർഡംഗം ആശാ സജി, പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ ഡാനിയൽ, മേഴ്സി ജോബി, എസ്.പി.സജൻ, ഷാൻ ഹുസൈൻ, ഇൻസ്പെക്ടർ ജി.പുഷ്പകുമാർ, എസ്ഐ ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തിയിരുന്നു.

ഇത് ആദ്യത്തെ അനുഭവം  

സാധാരണ പുലർച്ചെ 3 മണിക്ക് ടാപ്പിങ് തുടങ്ങുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞതിനാൽ ഇന്നലെ 4 മണി കഴിഞ്ഞാണ് ജോലിക്കിറങ്ങിയത്.  ജോലി തുടങ്ങിയപ്പോൾ മുതൽ സമീപത്തെ വീട്ടിലെ നായ പതിവില്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. 5.30 കഴിഞ്ഞപ്പോൾ അടുത്തുള്ള പാറക്കെട്ടിന്റെ സമീപത്ത് അനക്കം പോലെ തോന്നി. ടോർച്ചിന്റെ വെളിച്ചത്തിൽ ആദ്യം 2 കണ്ണുകൾ മാത്രമാണ് കണ്ടത്. സംശയം തോന്നിയപ്പോൾ വീണ്ടും നോക്കി. അപ്പോഴാണ് 10 അടി അകലെയായി പുലി നിൽക്കുന്നത് കണ്ടത്. പെട്ടെന്നു പേടിച്ചുപോയി. ഉടൻ തന്നെ താഴെ ഭാഗത്തേക്കു ചാടി.

തിരിഞ്ഞു നോക്കുമ്പോൾ മുൻപ് ഞാൻ നിന്ന ഭാഗത്തു വരെ പുലി എത്തിയിരുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് സമീപ തോട്ടങ്ങളിൽ നിന്ന് ടാപ്പിങ് തൊഴിലാളികൾ അവിടേക്ക് ഓടി വന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടാൻ പറഞ്ഞത്. അപ്പോഴത്തെ അവസ്ഥയിൽ ജീവൻ രക്ഷിക്കാൻ മറ്റ് വഴികളില്ലാത്തതിനാൽ പിന്നിലേക്ക് ഓടി. വലിയ തിട്ടയിൽ നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ നടുവിന് കാര്യമായ ക്ഷതം സംഭവിച്ചു. സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴേക്കും പുലി എവിടേക്കോ ഓടി മറഞ്ഞിരുന്നു. വർഷങ്ങളായി ഇതേ തോട്ടത്തിൽ പണിയെടുക്കുന്നുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമാണ്. 

കലഞ്ഞൂരിൽ പുലിയെ പിടികൂടാൻ വനപാലകർ ഇന്നലെ രാത്രിയോടെ കൂട് സ്ഥാപിച്ചപ്പോൾ.
കലഞ്ഞൂരിൽ പുലിയെ പിടികൂടാൻ വനപാലകർ ഇന്നലെ രാത്രിയോടെ കൂട് സ്ഥാപിച്ചപ്പോൾ.

പുലി ആക്രമണം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി 

കലഞ്ഞൂർ പഞ്ചായത്തിലെ ജനവാസമേഖലയിൽ പുലി അക്രമം ഉണ്ടായ സംഭവം കെ.യു.ജനീഷ് കുമാർ എംഎൽഎ നിയമ സഭയിൽ വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രദേശത്തെ സാഹചര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം മുൻനിർത്തി അടിയന്തര സാഹചര്യം ഉണ്ടായാൽ മയക്കുവെടി വയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ അനുമതിക്ക് കാത്തുനിൽക്കാതെ ഇത്തരം നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com