ADVERTISEMENT

പന്തളം ∙ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലച്ചിറപ്പുത്സവം ഭക്തിനിർഭരം. ഒട്ടേറെ ഭക്തരാണ് ചിറപ്പുത്സവ നാളുകളിൽ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന പ്രസിദ്ധമായ അടവി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകൾക്കും ഇപ്പോൾ തുടക്കമായെന്ന പ്രത്യേകതയുമുണ്ട്. 5 വർഷത്തിലൊരിക്കൽ നടത്തുന്ന അടവി ഉത്സവം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏഴാം വർഷമാണ് ഇക്കുറി നടക്കുക. അടവിക്ക് ശേഷമുള്ള നായാട്ടും പടയും എന്ന ചടങ്ങിൽ അയ്യപ്പചരിതമാണ് പാടാറുള്ളതെന്ന സവിശേഷതയുമുണ്ട്.

∙ ക്ഷേത്ര ചരിത്രം

കുരമ്പാല പാലപ്പള്ളിൽ കുടുംബത്തിലെ ഒരു ഭക്തൻ കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായിരുന്നു. അദ്ദേഹത്തിന്റെ നിർവ്യാജമായ ഭക്തിയിൽ സംപ്രീതയായ ദേവിയുടെ ഒരംശം കുരമ്പാല ദേശത്തേക്ക് അദ്ദേഹത്തോടൊപ്പമെത്തിയെന്നാണ് ഐതിഹ്യകഥ. കിഴക്കോട്ട് ദർശനമായി ക്ഷേത്രസ്ഥാനം നിശ്ചയിക്കുകയും അവിടെ വരിക്കപ്ലാവിൽ തീർത്ത അഷ്ടബാഹുക്കളോടു കൂടി ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം. ദേവിയുടെ എഴുന്നള്ളത്തുമായി കര കാണാനിറങ്ങുമ്പോൾ പാലപ്പള്ളിൽ വല്യച്ഛൻ വാളും ചിലമ്പുമായി അകമ്പടി സേവിക്കുന്നത് പ്രധാന ചടങ്ങാണ്.

ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ഗണപതി, യക്ഷി, അടവി, മാടൻ, മറുത, ആനമറുത, മൂർത്തി, ഘണ്ടാകർണൻ എന്നീ ഉപദേവത പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. മധ്യകേരളത്തിൽ ശ്രദ്ധേയമായ കെട്ടുകാഴ്ച ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ഭീമൻ, ഹനുമാൻ, അർജുനൻ, അരയന്നം അടക്കം വേറിട്ട കെട്ടുരുപ്പടികളാണ് അത്തം നാളിൽ പ്രദർശിപ്പിക്കുന്നത്. 2023 ഏപ്രിൽ 6നാണ്, ഇത്തവണ അത്ത ഉത്സവം.

∙ അടവി ആരവം

ചരിത്രപ്രസിദ്ധമായ അടവി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകൾക്ക് ഇപ്പോൾ തുടക്കമായി. സംഘകാല വൈദികനായ വേലന്റെ ഉപാസന മൂർത്തിയായിരുന്നു അടവി എന്ന വനദേവത. ഒരിക്കൽ ശത്രു ദോഷം തീർത്ത വേലൻ, അടവിയുമായി ക്ഷേത്ര പരിസരത്തുകൂടി പോകുമ്പോൾ ദേവി അടവിയെ സ്വായത്തമാക്കി ശക്തി വർധിപ്പിച്ചെന്നും ദേവിയെ അനുനയിപ്പിക്കുന്നതിനും അടവിയെ പ്രീതിപ്പെടുത്തുന്നതിനും 13 ദിവസം നീളുന്ന പടയണിയും ചൂരൽ ഉരുളിച്ചയും നടത്തുന്നുവെന്നാണ് ഐതിഹ്യം.

2023 ജനുവരി 29 ന് പറയ്ക്കെഴുന്നള്ളിപ്പ് തുടങ്ങും. ഫെബ്രുവരി 13 ന് അകത്തേക്ക് എഴുന്നള്ളിച്ചു കഴിഞ്ഞാൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് ഓലച്ചൂട്ട് കത്തിച്ചു ഊരാൺമക്കാരനെ ഏൽപിച്ചാൽ അടവിക്ക് ആരംഭമാകും. ഫെബ്രുവരി 23 ന് പടയണി തുടങ്ങും. അടവി ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ ചൂരൽ ഉരുളിച്ച മാർച്ച് 3നാണ്. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.ഗോപിനാഥക്കുറുപ്പ്, സെക്രട്ടറി കെ.വിജയൻ നായർ, ട്രഷറർ വി.അരുൺ ദേവ്, പടയണി കളരി പ്രസിഡന്റ് ആർ.മധുസൂദനക്കുറുപ്പ്, സെക്രട്ടറി പി.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com