ADVERTISEMENT

റാന്നി ∙ ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പമ്പാനദി വരണ്ടു തുടങ്ങി. ആറ്റിൽ ജലവിതാനം വൻതോതിൽ കുറഞ്ഞു. പലയിടത്തും വിശാലമായ മണൽ പരപ്പുകൾ തെളിഞ്ഞു.മുൻകാലങ്ങളിൽ‌ ഡിസംബർ‌ പാതി പിന്നിടുമ്പോൾ തന്നെ പമ്പാനദിയിൽ ജലനിരപ്പ് കുറഞ്ഞിരുന്നു. ശബരിമല തീർഥാടനത്തിന്റെ അവസാന കാലത്ത് വെള്ളത്തിനു ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇത്തവണ ജലക്ഷാമം നേരിട്ടില്ല. ഇടയ്ക്കിടെ  മഴ പെയ്തതു മൂലമാണ് ആറ്റിലെ ജലനിരപ്പ് കുറയാതിരുന്നത്. പകൽചൂട് കനത്തതോടെയാണ് ജലവിതാനം കുറഞ്ഞു തുടങ്ങിയത്.

കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ആറ്റിൽ ഇറങ്ങാൻ പറ്റാത്ത വിധത്തിൽ ഭൂരിപക്ഷം കടവുകളിലും ചെളി അടിഞ്ഞിരിക്കുകയാണ്. ആറിന്റെ മധ്യ ഭാഗത്തുവരെ ചെളിയുണ്ട്. വെള്ളത്തിൽ ഇറങ്ങിയാൽ കലങ്ങുകയാണ്. ഇതുമൂലം തീർ‌ഥാടന പാതകളിലൂടെ നടന്നെത്തുന്ന അയ്യപ്പന്മാരും ബുദ്ധിമുട്ടുന്നു. പൂവത്തുംമൂടിനു മുകൾ ഭാഗത്ത് ആറ്റിൽ‌ നീരൊഴുക്ക് തീർത്തും കുറഞ്ഞിട്ടുണ്ട്. പാറയിടുക്കുകളിലും ചെളിയിലും മണൽ പുറ്റുകൾ നിറഞ്ഞു തുടങ്ങി. ആർ‌ത്തലച്ച് പുല്ലുകൾ വളരുകയാണ്.

ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറത്തേക്കുവിടുന്ന വെള്ളമാണ് പൂവത്തുംമൂടിന് താഴെ നീരൊഴുക്ക് ശക്തിപ്പെടുത്തുന്നതും ജലവിതാനം ഉയർത്തുന്നതും. ഇതേ സ്ഥിതിയിൽ ചൂടു തുടർന്നാൽ ഈ മാസം അവസാനമാകുമ്പോഴേക്കും ജല വിതരണ പദ്ധതികളിൽ വെള്ളത്തിനു ക്ഷാമം നേരിട്ടു തുടങ്ങും. ആറ്റിൽ അടിഞ്ഞിരിക്കുന്ന ചെളിയും മണലും വാരി നീക്കാൻ പറ്റിയ കാലാവസ്ഥയാണ് ഇനി വരുന്നത്.

ജലവിഭവ വകുപ്പ് ഇതിനു തുടക്കമിട്ടിരുന്നു. കുറെ വാരി നീക്കുകയും ചെയ്തു. ബാക്കി വാരി തീരത്തിട്ടതിനു പിന്നാലെ മഴ ശക്തിപ്പെട്ടു. അവയിലധികവും ഒഴുകി വീണ്ടും ആറ്റിലെത്തി. മഴക്കാലത്ത് നിർത്തിയ പണി ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കരാറുകാർക്ക് പാർ‌ട്ട് ബിൽ ലഭിക്കാത്തതിനാൽ അവർ പണി തുടരാൻ തയാറാകുന്നില്ല. ബദൽ സംവിധാനം ഒരുക്കാൻ വൻകിട ജലസേചന വിഭാഗവും തയാറായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com