ADVERTISEMENT

അടൂർ∙ പരുന്ത് ശല്യം കാരണം പൊറുതിമുട്ടി ഒരു ഗ്രാമം. അടൂർ െപരിങ്ങനാട് ചാല നിവാസികളാണു പരുന്തിനെ പേടിച്ച് പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്. വീടിനു പുറത്തിറങ്ങുന്നവരെ ആക്രമിക്കാൻ മരത്തിനു മുകളിൽ തക്കം പാർത്തിരിക്കുന്ന ഏഴു പരുന്തുകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അൻപതോളം വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് കുട്ടികളും സ്ത്രീകളുമാണ്. ഒരു വർഷമായി ശല്യം തുടരുകയാണെന്നു വീട്ടമ്മമാർ പറയുന്നു.  തൊഴിലുറപ്പു തൊഴിലാളികളും കൃഷിപ്പണിക്ക് ഇറങ്ങുന്നവരും പരുന്തിന്റെ ആക്രമണത്തിന് ഇരയാകുന്നു.

പുറത്തേക്കിറങ്ങുമ്പോൾ ദൂരെ നിന്ന് വരുന്ന പരുന്തുകൾ ഇവരുടെ ദേഹത്തും മുഖത്തുമൊക്കെ കൊത്തുകയും ചിറകിട്ട് അടിക്കുകയും ചെയ്യും. കൃഷിയിടത്തിലേക്കു പോയ കർഷകയുടെയും വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയുടെയും ദേഹത്തും മുഖത്തുമൊക്കെ പരുന്തു കൊത്തിയതിനെ തുടർന്നു കുത്തിവയ്പ് എടുക്കേണ്ടി വന്നു. മൂന്നു തവണയാണ് അജി ഭവനിൽ ലക്ഷ്മിക്കുട്ടിയമ്മയെ (70) പരുന്ത് ആക്രമിച്ചത്. തലയിലും കണ്ണിലുമായി 13 മുറിവുകളാണുണ്ടായിരുന്നത്. പറമ്പിലെ തേക്കിൽ പരുന്തിന്റെ രണ്ടു കൂടുകളാണുള്ളത്. തലവെട്ടം കണ്ടാൽ പരുന്ത് ആക്രമിക്കുമെന്നും പലക കൊണ്ടു തലയ്ക്ക് അടിക്കുന്നതു പോലെയാണു പരുന്തിന്റെ ആക്രമണമെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.

പരുന്തിന്റെ കൂടുകൾ.

സമീപത്തെവിടെയോ വീടുകളിൽ വളർത്തിയിരുന്ന പരുന്തുകളെ  വീട്ടുകാർ തുറന്നു വിട്ടതോടെയാണു പ്രദേശത്ത് ഇവ കൂടുകൂട്ടി ശല്യമായി തീർന്നതെന്നു പ്രദേശവാസികൾ പറയുന്നു.  സ്ത്രീകളെയാണു കൂടുതലും പരുന്ത് ഉപദ്രവിക്കുന്നതെന്നു തൊഴിലുറപ്പ് തൊഴിലാളിയായ സുലോചന പറഞ്ഞു. രാവിലെ 11 കഴിയുന്നതോടെ ആക്രമണം . മീൻ വൃത്തിയാക്കാൻ ഇരിക്കുമ്പോൾ വിമാനം വരുന്നതു പോലെയാണു പരുന്തു വന്നു തലയ്ക്കിട്ടു കൊത്തിയിട്ടു പോകുന്നത്. ചിലപ്പോൾ മീനും കൊണ്ടു പോകും. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.

പരുന്തിന്റെ ശല്യം കൂടിയതോടെ വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരുന്തിനെ പിടിച്ചു കൊടുത്താൽ കൊണ്ടുപോകാമെന്നാണ് അവർ പറയുന്നതെന്ന് പഞ്ചായത്ത് അംഗം ദിവ്യ അനീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് 2 പരുന്തിനെ അതിസാഹസികമായി പിടികൂടി വനപാലകരെ ഏൽപ്പിച്ചിരുന്നു. ഇനിയും പരുന്തുകൾ ഉണ്ടെന്നും  മൂന്നു വലിയ പരുന്തുകളും അവയുടെ കുഞ്ഞുങ്ങളുമാണുള്ളതെന്നും നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com